ഹോര്‍മൂസിന് മേല്‍ യുഎസിന് പൂര്‍ണ ആധിപത്യം, യുഎസ് നാവിക ഉപരോധം ഫലപ്രദം': ഡോണള്‍ഡ് ട്രംപ്

ഹോര്‍മൂസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമായി നടക്കുന്നതിനാലാണ് ആഗോളതലത്തില്‍ എണ്ണ വില കുറഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു

ഹോര്‍മൂസിന് മേല്‍ യുഎസിന് പൂര്‍ണ ആധിപത്യം, യുഎസ് നാവിക ഉപരോധം ഫലപ്രദം': ഡോണള്‍ഡ് ട്രംപ്
dot image

വാഷിങ്ടണ്‍/തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിനെ യുഎസ് പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവർത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് മികച്ച ആശയമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വാഷിങ്ടണിന് പ്രദേശത്തിന് മേല്‍ സമ്പൂര്‍ണ ആധിപത്യമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംവദിക്കവേയായിരുന്നു പ്രതികരണം.

ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധത്തെ കുറിച്ചും ട്രംപ് സംസാരിച്ചു. ഉപരോധം ഫലപ്രദമാണെന്നും ഹോര്‍മൂസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമായി നടക്കുന്നതിനാലാണ് ആഗോളതലത്തില്‍ എണ്ണ വില കുറഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്‍ കടുത്ത പ്രതിസന്ധിയിലാണെന്നും 300 ശതമാനം പണപ്പെരുത്തില്‍ വലയുകയാണെന്നും പറഞ്ഞ ട്രംപ് അവരുടെ സൈന്യം പൂര്‍ണമായും പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും അവകാശപ്പെടുന്നുണ്ട്.

'അതൊരു മികച്ച ആശയമാണ്. ഞാന്‍ ഉദ്ദേശിച്ചത്, ഹോര്‍മൂസിനെ ഞങ്ങള്‍ ഉപരോധത്തിലൂടെ നിയന്ത്രിക്കുന്നുവെന്നാണ്. ഹോര്‍മൂസിനെ സ്വന്തം പ്രദേശമായി പ്രഖ്യാപിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ പൂര്‍ണമായ ആധിപത്യം ഞങ്ങള്‍ക്കുണ്ട്. യുഎസ് ഉപരോധം വളരെ ഫലപ്രദമായി തന്നെ തുടരുകയാണ്', ട്രംപ് പറഞ്ഞു. അതേസമയം കുഴിബോംബുകള്‍ സ്ഥാപിച്ച് കപ്പലുകള്‍ക്ക് നേരെ ഭീഷണിയുയര്‍ത്താന്‍ ഇറാന് കഴിയുമെന്ന് ട്രംപ് സമ്മതിച്ചിട്ടുണ്ട്.

'ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്. അതിനാലാണ് എണ്ണ വില കുറയുന്നത്. മറ്റൊരു മാറ്റവും വന്നില്ലെങ്കില്‍ ഇനിയും വില കുറയും. എന്നാല്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതിനെക്കാളും തീവ്രമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ അതില്‍ മാറ്റം വരൂ', ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനും യുഎസും തമ്മില്‍ നിലനിന്നിരുന്ന അറുപത് ദിവസത്തെ കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാനുമായുള്ള ധാരണ നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടത്താനും സംഘര്‍ഷം അവസാനിപ്പിച്ച് ഹോര്‍മൂസിന് മേലുള്ള അവകാശവാദങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുമായിരുന്നു ധാരണാപത്രം ഒപ്പിട്ടത്.


Content Highlights: US President Donald Trump has claimed that the United States has full control over the Strait of Hormuz and said the US naval blockade is effective

dot image
To advertise here,contact us
dot image