

വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള തന്റെ നല്ല ബന്ധം ചൂണ്ടിക്കാട്ടിയാണ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന വാർഷിക സൈനിക അഭ്യാസമായ ഉൽച്ചി ഫ്രീഡം ഷീൽഡ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
'ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങളിൽ അമേരിക്ക പങ്കെടുക്കാൻ വർഷങ്ങൾക്കുമുമ്പ് സമ്മതിച്ചതിൽ ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായുള്ള എന്റെ മികച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് സന്തോഷമില്ല' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. 'ഈ അഭ്യാസങ്ങൾ ചെലവേറിയതാണെന്ന് മാത്രമല്ല ആ ചെലവിന്റെ വലിയൊരു പങ്കും പതിവുപോലെ അമേരിക്കയാണ് വഹിക്കുന്നത്. അതിനുപുറമേ ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഭീഷണിയുയർത്താത്തതും ആദരവ് പുലർത്തിയതുമായ ഒരു രാജ്യത്തോടുള്ള അനാവശ്യമായ ശത്രുതയുടെ സന്ദേശവും ഇവ നൽകുന്നു' എന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ പരാമർശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ദക്ഷിണകൊറിയൻ പ്രസിഡൻ്റ് ലീ ജേ-മ്യൂങ് വ്യക്തമാക്കി. യുക്ത പ്രതിരോധസന്നദ്ധത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമേരിക്കയുമായി സഹകരണം തുടരുമെന്നും അവർ വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഉൽച്ചി ഫ്രീഡം ഷീൽഡ് അഭ്യാസം തിങ്കളാഴ്ച നിശ്ചയിച്ച പ്രകാരം ആരംഭിച്ചതായി ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തെ തുടർന്ന് അഭ്യാസത്തിന്റെ വ്യാപ്തി അവസാന നിമിഷം വെട്ടിക്കുറച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പത്ത് ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്ന ഇത്തവണത്തെ അഭ്യാസത്തിൽ ഉത്തരകൊറിയയുടെ മാറിക്കൊണ്ടിരിക്കുന്ന സൈനിക ശേഷിയെ നേരിടാൻ ഡ്രോൺ ആക്രമണങ്ങൾ, ജിപിഎസ് തടസ്സപ്പെടുത്തൽ, സൈബർ ആക്രമണങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന പരിശീലനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ അമേരിക്കയും ദക്ഷിണ കെറിയയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. സാധാരണയായി ആയിരക്കണക്കിന് സൈനികരും വൻതോതിലുള്ള സൈനിക ഉപകരണങ്ങളും ഉൾപ്പെടുന്ന അഭ്യാസമാണിത്. ഇത്തവണ കുറഞ്ഞത് 18,000 ദക്ഷിണകൊറിയൻ സൈനികർ പങ്കെടുക്കാനാണ് തീരുമാനം എന്നായിരുന്നു പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അമേരിക്ക-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങളെ ഉത്തരകൊറിയ തുടക്കം മുതൽ വിമർശിച്ച് വരികയാണ്. ആക്രമണ യുദ്ധത്തിനുള്ള റിഹേഴ്സൽ എന്നും രാജ്യസുരക്ഷയ്ക്കുള്ള ഗുരുതര ഭീഷണിയെന്നുമായിരുന്നു കഴിഞ്ഞ ആഴ്ച ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം ഈ അഭ്യാസത്തെ വിശേഷിപ്പിച്ചത്. എന്നാൽ ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോട് ഉത്തരകൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: US President Donald Trump announced that the United States will reduce joint military exercises with South Korea, citing his relationship with North Korean leader Kim Jong Un and concerns over Seoul's support.