
ഓസ്ലോ: നോര്‍വേയിലെ ഏറ്റവും വലിയ പെന്ഷന് ഫണ്ടായ കെഎല്‍പി, ഇസ്രയേല്‍ സൈന്യത്തിന് ഉപകരണങ്ങള്‍ വില്‍ക്കുന്ന രണ്ട് കമ്പനികളുമായി ഇനി ബിസിനസ് നടത്തില്ലെന്ന് അറിയിച്ചു. ഈ കമ്പനികള്‍ വില്‍ക്കുന്ന ഉപകരണങ്ങള്‍ ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിക്കുന്നുണ്ടെന്ന കാരണത്താലാണ് തീരുമാനം. ട്രക്കുകളും സൈനിക വാഹനങ്ങളും നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഓഷ്കോഷും വ്യാവസായിക യന്ത്രങ്ങള്‍ മുതല്‍ യുദ്ധക്കപ്പലുകള്‍ വരെ നിര്‍മ്മിക്കുന്ന ജര്‍മ്മന്‍ കമ്പനിയായ തൈസെന്ക്രൂപ്പുമാണ് നോര്‍വേ ബന്ധം ഉപേക്ഷിച്ച രണ്ട് കമ്പനികള്‍.
'2024 ജൂണില്‍ ഈ കമ്പനികള്‍ ഇസ്രയേല്‍ സൈന്യത്തിന് ആയുധങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതായും ഇവ ഗാസയില്‍ ഉപയോഗിക്കുന്നതായും കെഎല്‍പി കണ്ടെത്തി. ഓഷ്കോഷും തൈസെന്ക്രൂപ്പും ഞങ്ങളുടെ നിക്ഷേപ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണ് എന്നാണ് ഞങ്ങളുടെ നിഗമനം. അതിനാല്‍ അവരെ ഞങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചു.'-കെഎല്‍പി മേധാവി കിരണ്‍ അസീസ് പറഞ്ഞു.
കെഎല്‍പി 2025 ജൂണ്‍ വരെ ഓഷ്കോഷില്‍ 1.8 മില്യണ്‍ ഡോളറിന്റെയും തൈസെന്ക്രൂപ്പില് ഏകദേശം 1 മില്ല്യണ്‍ ഡോളറിന്റെയും നിക്ഷേപം നടത്തിയിരുന്നു. 1949-ല്‍ സ്ഥാപിതമായ നോര്‍വേയിലെ ഏറ്റവും വലിയ പെന്ഷന് ഫണ്ടാണ് കെഎല്‍പി. ഓഷ്കോഷ് ഗാസയില്‍ ഇസ്രയേല്‍ ഉപയോഗിക്കുന്ന വാഹനങ്ങളും വാഹന ഭാഗങ്ങളുമാണ് നിര്‍മ്മിച്ചുനല്‍കുന്നത്. ഇസ്രയേലുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും 2020 മുതല്‍ 2021 മെയ് വരെയുളള കാലയളവില്‍ നാല് യുദ്ധക്കപ്പലുകള്‍ ഇസ്രയേല്‍ സേനയ്ക്ക് കൈമാറിയതായും തൈസെന്‍ക്രൂപ്പ് സ്ഥിരീകരിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇസ്രയേല്‍ നാവികസേനയ്ക്ക് ഒരു അന്തര്‍വാഹിനി നല്‍കാനുളള പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.
Content Highlights: KLP ends ties with two companies supplying weapons to Israel to attack Gaza