
തെഹ്‌റാന്‍: ഇറാനിലെ നതാന്‍സിലെ യുറാനിയം സമ്പുഷ്ടീകരണ പ്ലാന്റിന്റെ ഭൂഗര്‍ഭ ഭാഗങ്ങള്‍ക്ക് നേരിട്ടുള്ള ആഘാതം കണ്ടതായി അന്താരാഷ്ട്ര അറ്റോമിക് എനര്‍ജി (ഐഎഇഎ) ഏജന്‍സിയായ യുഎന്നിന്റെ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ്. വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് ശേഷം ശേഖരിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തിയപ്പോഴാണ് ആഘാതം കണ്ടെത്തിയതെന്ന് ന്യൂക്ലിയര്‍ വാച്ച്‌ഡോഗ് വ്യക്തമാക്കി.
എന്നാല്‍ ഇസ്ഫഹാന്‍ ആണവകേന്ദ്രത്തിനോ ഫൊര്‍ദോ സമ്പുഷ്ടീകരണ പ്ലാന്റിന്റെ ഭൂഗര്‍ഭ കേന്ദ്രത്തിനോ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടുണ്ടെന്നും ഒമ്പത് ഇറാനിയന്‍ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇറാന്‍ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഇറാന്റെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്നിം വാര്‍ത്താ ഏജന്‍സി നിരവധി ഫോട്ടോകള്‍ പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ മിസൈലുകള്‍ മൊസാദിനെ ആക്രമിച്ചെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ ഉദ്ദരിച്ച് ടാസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചില കേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കരുതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: UN Nuclear Watchdog says Natanz enrichment plant get direct effect on Israel attack