
സ്കോട്ലാൻഡ്, നെതർലാൻഡ്സ്, നേപ്പാൾ ടീമുകൾ പങ്കെടുക്കുന്ന ട്വന്റി 20 ത്രിരാഷ്ട്ര പരമ്പരയിൽ നേപ്പാളിന് ആദ്യ വിജയം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിൽ സ്കോട്ലാൻഡിനെ രണ്ട് വിക്കറ്റിനാണ് നേപ്പാൾ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോർട്ലാൻഡ് 19.4 ഓവറിൽ 97 റൺസിൽ ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ നേപ്പാൾ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 46 റൺസെടുത്ത മൈക്കൽ ലീസ്കിന്റെ പ്രകടനമാണ് സ്കോട്ലാൻഡ് നിരയിൽ എടുത്ത് പറയാനുള്ളത്. നാല് വിക്കറ്റെടുത്ത സന്ദീപ് ലാമിച്ചാനെ നേപ്പാൾ ബൗളിങ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ചെറിയ വിജയലക്ഷ്യമായിരിന്നിട്ടും നേപ്പാൾ ഏറെ വിയർത്താണ് ബാറ്റ് ചെയ്തത്. കൃത്യമായ ഇടവേളകളിൽ നേപ്പാൾ ബാറ്റർമാർ വിക്കറ്റുകൾ നഷ്ടമാക്കി. 30 റൺസെടുത്ത ഓപണർ കുശാൽ ഭൂർട്ടൽ ആണ് നേപ്പാൾ നിരയിൽ ടോപ് സ്കോററായത്. ദീപേന്ദ്ര സിങ് ഐറി 14, ബാസിർ അഹമ്മദ് 13, കിരൺ തഗുന 10 എന്നിങ്ങനെയും സ്കോർ ചെയ്തു.
പരമ്പരയിൽ നെതർലാൻഡ്സ്, സ്കോട്ലാൻഡ്, നേപ്പാൾ എന്നീ ടീമുകൾ രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ വിജയം വീതം നേടിയിട്ടുണ്ട്. നിലവിൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ സ്കോട്ലാൻഡ് പോയിന്റ് ടേബിളിൽ ഒന്നാമതാണ്. നേപ്പാൾ രണ്ടാമതും നെതർലാൻഡ്സ് മൂന്നാമതുമാണ്. മൂന്ന് ടീമുകൾക്കും രണ്ട് മത്സരങ്ങൾ വീതമാണ് ബാക്കിയുള്ളത്.
Content Highlights: Nepal beat Scotland by two wickets