അന്വേഷിച്ചപ്പോൾ സൂപ്പർ ഡയറക്ടർ, പക്ഷെ നടുറോഡിൽ പൊരി വെയിലത്ത് എന്നെക്കൊണ്ട് പിച്ച എടുപ്പിച്ചു; ധനുഷ്

ആരാണ് ശേഖർ കമ്മുല എന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹത്തെ കുറിച്ച് ഭയങ്കര ബിൽഡ് അപ്പാണ് എല്ലാവരും പങ്കുവെച്ചതെന്നും ധനുഷ്

dot image

ധനുഷും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുബേര റിലീസിനൊരുങ്ങുകയാണ്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കോവിഡ് സമയത്തതാണ് സിനിമയുടെ കഥ കേട്ടതെന്നും ആരാണ് ശേഖര്‍ കമ്മൂല എന്ന് തനിക്ക് അന്ന് അറിയില്ലായിരുന്നുവെന്നും ധനുഷ് പറഞ്ഞു. മികച്ച സംവിധായകൻ ആണെന്ന് അഭിപ്രായം അറിഞ്ഞപ്പോൾ സന്തോഷം തോന്നിയെന്നും എന്നാൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ പൊരി വെയിലത്ത് നടു റോഡിൽ തന്നെ പിച്ച എടുപ്പിച്ചെന്നും നടൻ പറഞ്ഞു. സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് നടന്റെ പ്രതികരണം.

'കോവിഡ് സമയത്ത് ഗ്രേ മാൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് എനിക്ക് ശേഖർ സാർ സിനിമയുടെ കഥ കേൾപ്പിക്കുന്നത്. ഒരു വിഡിയോ കോളിൽ 20 മിനിറ്റിൽ കഥ പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമായി. ശെരി സാർ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷം രണ്ട് വർഷത്തേക്ക് അദ്ദേഹത്തെ പിന്നെ കണ്ടില്ല. ഞാൻ ചോദിക്കുമ്പോഴൊക്കെ സ്ക്രിപ്റ്റ് പുരോഗമിക്കുന്നു എന്നാണ് പറയുന്നത്, ഈ രണ്ട് വർഷത്തിന് ശേഷം അദ്ദേഹം എനിക്ക് കഥ കേൾപ്പിച്ചു എക്സ്ട്രാ ഓർഡിനറി, എനിക്ക് വളരെ ഇഷ്ടമായി.

പക്ഷെ ഇതുപോലൊരു കഥ, വലിയ സിനിമ, വലിയ സ്കെയിൽ ഇദ്ദേഹം ഹാൻഡിൽ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല, കാരണം ഇതിന് മുന്നേ എനിക്ക് ഇദ്ദേഹത്തെ അറിയില്ല. ആരാണ് ശേഖർ കമ്മുല എന്ന് അന്വേഷിച്ചപ്പോൾ ഇദ്ദേഹത്തെ കുറിച്ച് ഭയങ്കര ബിൽഡ് അപ്പാണ് എല്ലാവരും പങ്കുവെച്ചത്. നല്ല സൂപ്പർ ഡയറക്ടർ എന്ന് ഞാൻ അദ്ദേഹത്തെ വിശ്വസിച്ചു പോയപ്പോൾ തിരുപ്പതി അടിവാരത്തിൽ നടു റോഡിൽ പൊരി വെയിലത്ത് എന്നെ ഇരുത്തി അമ്മാ തായേ എന്ന് പറയിപ്പിച്ച് പിച്ച എടുക്കാൻ വിട്ടു ( ചിരി )'; ധനുഷ് പറഞ്ഞു.

ഒരേ സമയം തെലുങ്കിലും തമിഴിലും ചിത്രീകരിച്ചിരിക്കുന്ന കുബേര റിലീസിന് ഒരുങ്ങുകയാണ്. ഹിന്ദിയിലും മലയാളത്തിലും ഡബ്ബ് ചെയ്ത പതിപ്പും റിലീസിനെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയാകുന്നത്. കുബേരയില്‍ ദേവ എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനും, ഏറ്റവും വലിയ ദരിദ്രനും തമ്മിലുള്ള ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ പ്രമേയം.

ജൂണ്‍ 20 ന് ആഗോള റിലീസായി എത്തുന്ന ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാര്‍ത്തിക ശ്രീനിവാസ് ആര്‍ ആണ്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlights: Dhanush shares his experience shooting for Kubera

dot image
To advertise here,contact us
dot image