
ഇന്ത്യ കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് അഹമ്മദാബാദ് വിമാനാപകടം. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ എന്ന വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴിക മറ്റെല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്ന 38ഓളം പേരുടെ മരണത്തിനും കൂടിയാണ് ഈ വിമാനാപകടം കാരണമായിരിക്കുന്നത്. ഇനിയുമേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്.
ലോകത്തെ മുഴുവന്‍ നടുക്കിയ ഈ വിമാനാപകടം അമേരിക്കയില്‍ പക്ഷെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അഹമ്മദാബാദിലെ കെട്ടിടത്തിന് മുകളിലേക്ക് ഇടിച്ചിറങ്ങി നില്‍ക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിത്രം അമേരിക്കന്‍ ജനത ഏറ്റവും ഭയപ്പെടുത്തുന്ന ചില ഓര്‍മകളാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്. 2001 സെപ്റ്റംബര്‍ 11 ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ അവരുടെ മനസിലേക്ക് എത്തുന്നത്.
യുഎസ്എയിലെ സമൂഹമാധ്യമങ്ങളില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെയും 9/11 ന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകളെത്തുന്നുണ്ട്. പലരും നടുക്കുമാണ് രേഖപ്പെടുത്തുന്നതെങ്കില്‍, ചില പോസ്റ്റുകള്‍ മുന്‍പുണ്ടായിരുന്ന പല ഗൂഢാലോചന സിദ്ധാന്തങ്ങളും വീണ്ടും തലപൊക്കാനും കാരണമായിട്ടുണ്ട്.
വിമാനം ഇടിച്ചിട്ടും അഹമ്മദാബാദിലെ ഒരു സാധാരണ കെട്ടിടം തകര്‍ന്നില്ലെന്നും, സമാനമായ യാത്രവിമാനങ്ങളുമായി എത്തിയ തീവ്രവാദികളുടെ ചാവേര്‍സംഘത്തിന് എങ്ങനെ അംബരചുംബിയായ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കാന്‍ കഴിഞ്ഞെന്നുമാണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ ചോദിക്കുന്നത്. അമേരിക്കയുടെ കൂടി അറിവോട് കൂടിയോ, അല്ലെങ്കില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് അകത്ത് കൂടി തീവ്രവാദികള്‍ ഒരുക്കിയ സ്‌ഫോടനത്തിന്റെ ഭാഗമായോ ആയിരിക്കില്ലേ കെട്ടിടങ്ങള്‍ തകര്‍ന്നതെന്നും ഇവര്‍ ചോദിക്കുന്നു.
എന്നാല്‍, വിമാനം ഇടിച്ചിറങ്ങിയതും അവയിലുണ്ടായിരുന്ന ആയിരക്കണക്കിന് ലിറ്റര്‍ ഇന്ധനം ഉണ്ടാക്കിയ തീപിടുത്തവുമാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ നിലംപൊത്തുന്നതിന് കാരണമായതെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ തീവ്രതയ്‌ക്കൊപ്പം കോണ്‍ക്രീറ്റിനേക്കാള്‍ സ്റ്റീല്‍ ഉപയോഗിച്ചുണ്ടാക്കിയ കെട്ടിടത്തിന്റെ ഘടനയും, ഫ്‌ളോര്‍ ട്രസിന്റെയും ഫയര്‍ റെസിസ്റ്റന്റ് ഡ്രൈവാളിന്റെ രൂപകല്‍പനയിലെ പ്രത്യേകതകളും കെട്ടിടത്തിന്റെ പതനത്തിന് കാരണമായെന്നും ഈ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓരോ അപകടങ്ങളുടെ സമയത്തും 9/11 സംബന്ധിച്ച് ഗൂഢ ഉദ്ദേശങ്ങളോട് കൂടിയ ചോദ്യങ്ങളും ചര്‍ച്ചകളും ഉണ്ടാകാറുണ്ട് എന്നും, അഹമ്മദാബാദ് അപകടത്തിന് ശേഷവും അത്തരം കമന്റുകള്‍ വരുന്നതില്‍ അത്ഭുതമില്ലെന്നുമാണ് ഗൂഢാലോചന സിദ്ധാന്തങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്. 2001ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നടന്ന വിവിധ അന്വേഷണങ്ങളുടെയും വ്യത്യസ്ത ഏജന്‍സികള്‍ നടത്തിയ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളും ഇവര്‍ ഇതിന് തെളിവായി മുന്നോട്ടുവെക്കുന്നുമുണ്ട്.
Content Highlights: Ahmedabad Plane Crash starts new discussions around 9/11 attack