'ഷോ പീസാക്കി,ലൈംഗിക തൊഴിലാളിയെ പോലെ തോന്നി' തെലങ്കാനയിലെ മിസ് വേൾഡ് മത്സരത്തിൽ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട്

സംഘാടകര്‍ മത്സരാര്‍ത്ഥികളെ മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രദർശിപ്പിക്കാൻ ഇരുത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മാഗി ഉന്നയിക്കുന്നത്

dot image

ഹൈദരാബാദ്: തെലങ്കാനയില്‍ നടന്നുവരുന്ന മിസ് വേള്‍ഡ് മത്സരത്തിൽ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട്. സംഘാടകര്‍ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന് പിന്മാറി നാട്ടിലേക്ക് മടങ്ങിയത്. ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ആണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചത്. മത്സരാർത്ഥികളെ ഷോപീസുകളെ പോലെയും വില്‍പന വസ്തുകളെ പോലെയുമാണ് കണ്ടത്. സംഘാടകര്‍ മത്സരാര്‍ത്ഥികളെ മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രദർശിപ്പിക്കാൻ ഇരുത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മാഗി ഉന്നയിക്കുന്നത്.

'പരിപാടിയുടെ സ്‌പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി മത്സരാര്‍ത്ഥികളെ രണ്ട് പേരെ വീതം ഒരാളുടെ കൂടെ ഇരുത്തി. പ്രദര്‍ശന വസ്തുകളാക്കി തങ്ങളെ മാറ്റി.' മിസ് ഇംഗ്ലണ്ട് പറഞ്ഞു. ബുദ്ധി ഉപയോഗിക്കേണ്ട മത്സരമാണ് എന്നാണ് താന്‍ കരുതിയത്. എന്നാല്‍ കുരങ്ങിനെ കൊണ്ട് കളിപ്പിക്കുന്നത് പോലെയാണ് തോന്നിയത്. ലൈംഗിക തൊഴിലാളിയാണോ എന്ന് പോലും തോന്നിയിരുന്നുവെന്നും മാഗി പറയുന്നു. പിന്നാലെ വ്യക്തിപരമായി അവിടെ തുടരാന്‍ തോന്നിയില്ല എന്നും അതുകൊണ്ടാണ് താന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതെന്നും മാഗി വ്യക്തമാക്കി. ദ സണ്‍ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

അതേ സമയം, മാഗിയുടെ ആരോപണം സംഘാടകര്‍ നിഷേധിച്ചു. വ്യക്തിപരമായ ആവശ്യം ചൂണ്ടികാട്ടിയാണ് മാഗി മത്സരത്തില്‍ നിന്ന് പിന്മാറിയതെന്ന് സംഘാടകര്‍ അറിയിച്ചു. തെലങ്കാനയിൽ നടക്കുന്ന മിസ് വേൾഡ് മത്സരവുമായി ബന്ധപ്പെട്ട് മുൻപും വിവാദം ഉടലെടുത്തിരുന്നു. ഫൈനലിന് മുന്നോടിയായി തെലങ്കാന ടൂറിസം വകുപ്പ് മത്സരാര്‍ഥികള്‍ക്ക് ക്ഷേത്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ഇവര്‍ തെലങ്കാനയിലെ പ്രശസ്തമായ മുളകു ജില്ലയിലെ രാമപ്പ ക്ഷേത്രവും വാറങ്കലിലെ തൗസണ്ട് പില്ലര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായി മത്സരാര്‍ഥികള്‍ വെളളംകൊണ്ട് കാല്‍ കഴുകുകയും ടൗവ്വല്‍കൊണ്ട് തുടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിലരുടെ കാലുകള്‍ വോളണ്ടിയര്‍മാര്‍ കഴുകി കൊടുക്കുകയും തുടച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആണ് സോഷ്യല്‍ മീഡിയിലും മറ്റും വലിയ വിവാദത്തിനും ചര്‍ച്ചയ്ക്കും വഴിതെളിച്ചു. ജാതി പാരമ്പര്യവും വംശീയപരവുമാണ് ഈ പ്രവൃത്തിയെന്നും ഇത് അംഗീകരിക്കാനാവില്ലന്നുമുൾപ്പടെയുള്ള വിമർശനങ്ങൾ പലയിടങ്ങളിൽ നിന്ന് ഉയർന്നിരുന്നു.

Content Highlights- Miss England withdraws from Miss World competition in Telangana

dot image
To advertise here,contact us
dot image