

ഇന്ത്യയിലെ പേയ്‌മെന്റ് വിപണി ഭരിക്കുന്ന ഫോൺപേ, തങ്ങളുടെ ഏറ്റവും വലിയ ചുവടുവെപ്പായ ഐപിഒക്ക് തയ്യാറെടുക്കുമ്പോഴാണ് യുദ്ധം തുടങ്ങിയത്. നിക്ഷേപകർ ആവേശത്തോടെ കാത്തിരുന്ന 97,000 കോടി രൂപയുടെ ഐപിഒ, യുദ്ധം കാരണം ഇപ്പോൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വെറുമൊരു സാമ്പത്തിക തീരുമാനം എന്നതിലുപരി, ആഗോള വിപണിയിലെ അനിശ്ചിതത്വം എങ്ങനെയാണ് നമ്മുടെ സ്മാർട്ട്‌ഫോണിലെ ആപ്പിനെപ്പോലും ബാധിക്കുന്നത്? സിഇഒ സമീർ നിഗം നൽകുന്ന വിശദീകരണം എന്താണ്?

ഐപിഒക്ക് ബ്രേക്ക്
ഒരു സ്വകാര്യ കമ്പനി തങ്ങളുടെ ഉടമസ്ഥാവകാശം പൊതുജനങ്ങൾക്ക് പങ്കുവെച്ചുകൊണ്ട് ആദ്യമായി വിപണിയിൽ നിന്ന് മൂലധനം സമാഹരിക്കുന്നത് ഐ പി ഒ വഴിയാണ്. ഇതിലൂടെ വൻതോതിൽ പണം സമാഹരിക്കാനായിരുന്നു ഫോൺപേ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഈ നീക്കം താൽക്കാലികമായി നിർത്തിവെക്കുന്നു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മൂല്യം കുറയും
ഇറാൻ അമേരിക്ക ഇസ്രായേൽ സംഘർഷം കാരണം ആഗോള വിപണിയിൽ വലിയ അനിശ്ചിതത്വമുണ്ട്. എണ്ണവില വർദ്ധിക്കുന്നതും ഓഹരി വിപണി താഴേക്ക് പോകുന്നതും നിക്ഷേപകർക്ക് പേടിയുണ്ടാക്കുന്ന കാര്യമാണ്. യുദ്ധം കാരണം വിപണി മോശമായിരിക്കുമ്പോൾ ഓഹരികൾ വിറ്റാൽ പ്രതീക്ഷിച്ച അത്രയും പണം സ്വരൂപിക്കാൻ ആകില്ല എന്ന് കമ്പനി ഭയപ്പെടുന്നു.
ഏകദേശം 86,500 കോടി മുതൽ 97,500 കോടി രൂപ വരെ മൂല്യമാണ് ഫോൺപേ ലക്ഷ്യമിടുന്നത്. വിപണി ശാന്തമാകുമ്പോൾ മാത്രമേ ഈ വില ഉറപ്പാക്കാൻ കഴിയൂ. വേഗത്തിൽ സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും, ഇന്ത്യയിൽ തന്നെ ലിസ്റ്റ് ചെയ്യാൻ കമ്പനി ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും സിഇഒ അറിയിച്ചു. അതായത്, ഇത് വിൽപന ഉപേക്ഷിക്കലല്ല, മറിച്ച് അനുകൂലമായ സമയം വരുന്നത് വരെ കാത്തുനിൽക്കലാണ്.
അമേരിക്കക്കാർക്ക് ലാഭം വേണം
ഫോൺപേയുടെ നിലവിലെ ഓഹരി ഉടമകളായ വാൾമാർട്ട് , ടൈഗർ ഗ്ലോബൽ, മൈക്രോസോഫ്റ്റ് എന്നിവരാണ് ഈ ഐപിഒ വഴി തങ്ങളുടെ ഓഹരികൾ വിൽക്കാൻ ഇരുന്നത്. ഇവർക്ക് നല്ലൊരു ലാഭം കിട്ടണമെങ്കിൽ വിപണിയിൽ ഉണർവ് ഉണ്ടാകണം. ഒരു വലിയ തുകയ്ക്ക് സ്വന്തം വീട് വിൽക്കാൻ വെച്ച ഒരാൾ, നാട്ടിൽ പെട്ടെന്ന് ഒരു പ്രശ്നമുണ്ടാകുമ്പോൾ വീടിന് നല്ല വില കിട്ടില്ലെന്ന് കണ്ട് ആ വിൽപന മാറ്റിവെക്കുന്നത് പോലെയാണിത്.
സാഹചര്യം ശാന്തമായി, ആളുകളുടെ കയ്യിൽ പണം വരുമ്പോൾ ഫോൺപേ വീണ്ടും വിപണിയിലേക്ക് എത്തും. സാങ്കേതിക വിദ്യ എത്ര വളർന്നാലും ആഗോള രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾ ബിസിനസ് ഭീമന്മാരുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിക്കുമെന്നതിന്റെ തെളിവാണ് ഫോൺപേയുടെ ഐ പി ഒ പിന്മാറ്റം.
Content highlights : PhonePe IPO listing plan paused amid rising US-Iran war tensions, stock market volatility: Report