

സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി യുഎഇ ഭരണകൂടം. സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റായ പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നേരത്തെ യുഎഇ ഭരണകൂടം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരക്കാര്‍ക്കെതിരായ നടപടി ശക്തമാക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പങ്കുവച്ച 25 പേരെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 17 പേര്‍ ഇന്ത്യക്കാരാണ്. യുഎഇ അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ഷംസിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വിവിധ രാജ്യക്കാരെ പിടികൂടിയത്. പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിധേയമാക്കാനും പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
യുഎഇ വ്യോമാതിര്‍ത്തിയിലൂടെ മിസൈലുകള്‍ കടന്നുപോകുന്നതിന്റെയും അവ തടയുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി, അവയ്ക്ക് വ്യാജ ശബ്ദ ഇഫക്റ്റുകളും വിവരണങ്ങളും നല്‍കിയാണ് പലരും പ്രചരണ നടത്തിയത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ച സ്‌ഫോടനങ്ങളുടെയും തീപിടുത്തങ്ങളുടെയും മിസൈല്‍ ആക്രമണങ്ങളുടെയും വ്യാജ വീഡിയോകളും സമൂഹമധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.
ഇറാന്റെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകള്‍ ചിലര്‍ പങ്കുവച്ചതായും കണ്ടെത്തി. ഇത്തരം നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളുടെ വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാനും കാരണമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടത് അത്യവശ്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആധികാരിക വിവങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: The United Arab Emirates has strengthened action against misinformation on social media related to conflict situations, warning of strict legal measures against violators.