
ബറേലി: ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ മരണം. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനകാരനായ സുനില്‍ കുമാറാണ് ദാരുണമായ സംഭവത്തിൽ മരിച്ചത്.
കക്രിയ എന്ന പ്രദേശത്തെ ശ്മശാനത്തിന് സമീപത്തുള്ള മരത്തണലില്‍ സുനില്‍ കുമാര്‍ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് ഇവിടേക്ക് ട്രോളിയില്‍ മാലിന്യവുമായി കോൺട്രാക്ടറായ നയീം ശാസ്ത്രിയും തൊഴിലാളികളും എത്തുന്നത്. പിന്നാലെ സുനില്‍ കുമാര്‍ കിടന്ന മരത്തിനടുത്തേക്ക് ഇവര്‍ മാലിന്യം തള്ളുകയായിരുന്നു. എന്നാൽ മാലിന്യത്തിനടില്‍ ആളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രിയും തൊഴിലാളികളും നാട്ടുകാരുടെ സഹായത്തോടെ സുനിലിനെ വേഗം പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടിയാണ് സുനിൽ കുമാർ മരിച്ചതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ചുറ്റും ചെറിയ ചെടികളും പുല്ലുമെല്ലാം നിന്നതിനാൽ മരത്തണലിൽ ആളുണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞില്ലായെന്ന് ശാസ്ത്രി പറഞ്ഞു. തങ്ങളുടെ ഏക ആശ്രയമായ സുനിലിനെ മനപ്പൂര്‍വം ശാസ്ത്രിയും കൂട്ടരും കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിൻ്റെ ആരോപണം. അതേ സമയം മാലിന്യം നിക്ഷേപിക്കാന്‍ അനുവാദമില്ലാത്തയിടത്ത് എന്തിനാണ് ശാസ്ത്രി അത് നിക്ഷേപിച്ചതെന്ന് പൊലീസ് ചോദിച്ചു. സംഭവത്തെ പറ്റി ബരാദാരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Content Highlights- Unaware that someone was there, garbage was thrown on the person sleeping under a tree, resulting in a tragic end for the young man.