ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; പുലര്‍ച്ചെ മുതലുള്ള ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് അമ്പതിലധികം പേർ

വടക്കന്‍ ജബലിയയില്‍ മാത്രം 45 പേര്‍ കൊല്ലപ്പെട്ടു

dot image

ഗാസ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ മുതല്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ ജബലിയയില്‍ മാത്രം 45 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗാസയിലെ നാസ്സര്‍ ആശുപത്രിക്കും യൂറോപ്യന്‍ ആശുപത്രിക്കും നേരെയുള്ള ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണങ്ങളും ഇസ്രയേല്‍ നടത്തിയിരിക്കുന്നത്.

ആശുപത്രികളിലെ ആക്രമണത്തില്‍ ചികിത്സയിലിരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ഏകദേശം 30 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം ആരംഭിച്ചത് മുതല്‍ 36 ആശുപത്രികളെങ്കിലും ഇസ്രയേല്‍ ബോംബിട്ട് നശിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 1949ലെ ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധക്കുറ്റമായാണ് ഇത്തരം ആക്രമണങ്ങളെ കണക്കാക്കുന്നത്.

അതേസമയം സംഘര്‍ഷം ഏറ്റവും പെട്ടെന്ന് അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സൗദി അറേബ്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാല്‍ തങ്ങള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

നിലവില്‍ സംഘര്‍ഷം ആരംഭിച്ച് ഇതുവരെ കുറഞ്ഞത് 52,908 പലസ്തീനികളെങ്കിലും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1,19,721 പേര്‍ക്ക് പരിക്കേറ്റുിട്ടുണ്ട്. ഇസ്രയേലില്‍ 1,139 പേര്‍ കൊല്ലപ്പെട്ടു.

Content Highlights: Israel attack on Gaza more than 50 killed from midnight

dot image
To advertise here,contact us
dot image