
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നേയുള്ളൂ. ടീമിൽ സഞ്ജു സാംസന്റെ റോളെന്താണ്? ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയുമുള്ള ടീമില്‍ ഓപ്പണിങ് സ്ലോട്ട് ഒരു ഉത്തരമില്ലാ ചോദ്യമായി കിടപ്പുണ്ട്. ഗില്ലും ജയ്സ്വാളുമില്ലാത്തത് കൊണ്ടാണ് ഇക്കാലമത്രയും സഞ്ജുവിന് ഓപ്പണിങ് റോളിൽ അവസരം ലഭിച്ചത് എന്ന അഗാർക്കറിന്റെ പ്രഖ്യാപനം കൂടിയായതോടെ കാര്യങ്ങളേതാണ്ട് തീരുമാനമായെന്ന് ആരാധകർ മനസിലുറപ്പിച്ചു. 'അപ്പോൾ ബെഞ്ചിൽ കാണാം' സമൂഹ മാധ്യമങ്ങളിൽ പലരും ആ സമയത്ത് കുറിച്ചിട്ടത് ഇങ്ങനെയാണ്.
ഓപ്പണിങ് സ്ലോട്ട് നഷ്ടമായാൽ മിഡിൽ ഓർഡറിലേക്ക് ഇറങ്ങേണ്ടി വരും. അങ്ങനെയെങ്കിൽ ഏത് പൊസിഷനിൽ കളിക്കും. കെ.സി.എല്ലിൽ ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ സഞ്ജു ഒരു വലിയ സൂചന നൽകുന്നത് പോലെ തോന്നി ആരാധകർക്ക്. ആറാമനായാണ് അന്ന് അയാൾ ക്രീസിലെത്തിയത്. 22 പന്തുകള്‍, 12 റൺസ്. 59.1 സ്ട്രൈക്ക് റൈറ്റ്. ഒറ്റ ബൗണ്ടറി പോലുമില്ല. ദേശീയടീമിനൊപ്പം ഒരു വലിയ ടൂർണമെന്റ് പടിവാതിൽക്കലെത്തി നിൽക്കേ അതിന് മുമ്പരങ്ങേറുന്ന ഡൊമസ്റ്റിക് ടൂർണമെന്റുകൾ ക്രിക്കറ്റ് പണ്ഡിറ്റുകളും ആരാധകരുമൊക്കെ ശ്രദ്ധയോടെ വീക്ഷിക്കുമെന്നുറപ്പാണ്. ദേശീയ മാധ്യമങ്ങൾ അയാളുടെ വീഴ്ച്ചയെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. കഥ ഇവിടെത്തീരുകയാണ്. അല്ല കഥ ഇനിയാണാരംഭിക്കുന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഓപ്പണറുടെ റോളിൽ തിരിച്ചെത്തിയ സഞ്ജു എരിഞ്ഞു കത്തി. ഏരീസ് കൊല്ലത്തിനെതിരെ സെഞ്ച്വറി. തൃശൂർ ടൈറ്റൻസിനെതിരെ അർധ സെഞ്ച്വറി. കൊല്ലത്തിനെതിരെ മൂന്നക്കം തൊടാനെടുത്തത് വെറും 42 പന്തുകൾ. തൃശൂരിനെതിരെ 190 സ്ട്രൈക്ക് റൈറ്റിൽ അടിച്ചെടുത്തത് 89 റൺസ്. സഞ്ജുവിൻറെ ഈ പ്രകടനങ്ങളൊക്കെ വലിയ ചില സ്റ്റേറ്റ്മെൻറുകളാണ്.
ഓപ്പണിങ് റോളല്ലാതെ മറ്റൊരു പൊസിഷനിൽ അയാളെ പരീക്ഷിക്കുന്നു. നിലവിലെ ടീം ഫോർമേഷനെ പൊളിച്ച് അയാളല്ലാത്ത മറ്റൊരാളെ ഓപ്പണിങ്ങ് റോളിൽ പ്രതിഷ്ഠിക്കുന്നു. അയാളെ ബെഞ്ചിലിരുത്താൻ തീരുമാനിക്കുന്നു. ഏഷ്യാ കപ്പിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൌതം ഗംഭീറും ഈ മൂന്ന് കാര്യങ്ങളിൽ പുനരാലോചനങ്ങൾ നടത്തേണ്ടത് അനിവാര്യമായിത്തീരും.
പോയ വർഷം ഇന്ത്യയുടെ മികച്ച ടി20 ബാറ്റർ ആരായിരുന്നു എന്ന ചോദ്യത്തിന് ആരാധകർക്ക് സഞ്ജു സാംസൺ എന്നല്ലാതെ മറ്റൊരുത്തരമുണ്ടാവില്ല. 12 മത്സരങ്ങൾ, 436 റൺസ്. 180.16 സ്ട്രൈക്ക് റൈറ്റ്, 43.6 ബാറ്റിങ് ആവറേജ്.. മൂന്ന് സെഞ്ച്വറികൾ. ഒരു അർധസെഞ്ച്വറി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പരാജയമൊന്ന് കൊണ്ട് മാത്രം ഗൌതം ഗംഭീർ അയാളെ എഴുതിത്തള്ളില്ലെന്ന് ഉറപ്പ്. അതേ സമയം വിക്കറ്റ് കീപ്പർ പ്ലസ് ഫിനിഷർ റോളിൽ ജിതേഷ് ശർമ കൂടി ടീമിലേക്ക് ശക്തമായി അവകാശവാദമുന്നയിക്കുന്നുണ്ട് എന്ന കാര്യം മറന്ന് പോവരുത്. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ആർ.സി.ബിയുടെ കിരീടനേട്ടത്തിൽ നിർണായക റോളാണ് ജിതേഷ് വഹിച്ചത്. ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ സഞ്ജുവിന് മുമ്പേ അഗാർക്കർ ജിതേഷിൻറെ പേര് പ്രഖ്യാപിച്ചത് വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു.
ടി20 ക്രിക്കറ്റിൽ മിഡിൽ ഓർഡറിൽ സഞ്ജുവിന് അത്ര വലിയ റെക്കോർഡുകളൊന്നുമില്ലെന്നതാണ് യാഥാർഥ്യം. ദേശീയ കുപ്പായത്തിൽ മിഡിൽ ഓർഡറിലിറങ്ങിയ 25 ടി20 മത്സരങ്ങളിൽ 124.17 ആണ് സഞ്ജുവിൻറെ സ്ട്രൈക്ക് റൈറ്റ്. 18.83 ആണ് താരത്തിൻറെ ബാറ്റിങ് ആവറേജ്. അതേ സമയം ഓപ്പണറുടെ റോളിൽ 17 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരത്തിൻറെ സ്ട്രൈക്ക് റൈറ്റ് 178 ഉം ബാറ്റിങ് ആവറേജ് 32.2 മാണ്. കണക്കുകൾ കണ്ണ് തുറപ്പിക്കട്ടേ.. ഏഷ്യാ കപ്പിൽ ബെഞ്ചിലിരിക്കേണ്ടി വന്നില്ലെങ്കിൽ, ഓപ്പണിങ് റോളിൽ തന്നെ അവസരം കിട്ടുമെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ടീമിൽ സഞ്ജുവിന് ഇടമുണ്ടാകുമെന്ന് പ്രത്യാശിക്കാം.
content highlights : Sanju's brilliance in the opening role