സഞ്ജുവിനെ കാത്തിരിക്കുന്നത് അഗ്നി പരീക്ഷ; ഏഷ്യ കപ്പിൽ തിളങ്ങിയാൽ ലോകകപ്പ് എൻട്രി

സഞ്ജു സാംസണിനെ സംബന്ധിച്ചിടത്തോളം ഇനി അഗ്നി പരീക്ഷയുടെ നാളുകളാണ്

dot image

കാത്തിരിപ്പിന് വിരാമായി. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷ തെറ്റിക്കാതെ മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടി. സൂര്യകുമാർ യാദവ് തന്നെയാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തി. ജസ്പ്രീത് ബുമ്രയും തിരിച്ചെത്തി. ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിക്കാത്തത് ശ്രദ്ദേയമായി.

സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തി. ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല. അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തി. അതോടെ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള്‍ റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും ടീമിലുണ്ട്.

അതേ സമയം സഞ്ജു സാംസണിനെ സംബന്ധിച്ചിടത്തോളം ഇനി അഗ്നി പരീക്ഷയുടെ നാളുകളാണ്. ഒരു മേജർ ടൂർണമെന്റിൽ ഇതുവരെ കളത്തിലിറങ്ങാത്ത സഞ്ജുവിന്റെ ബല-ബലഹീനതകൾ പരീക്ഷിക്കപ്പെടുക ഈ ടൂർണ്ണമെന്റിലാകും. ഏഷ്യ കപ്പിൽ മിന്നിയാൽ അടുത്ത വർഷം നടക്കുന്ന ടി 20 ലോകകപ്പിൽ സീറ്റുറപ്പിക്കാനുമാകും. ഇന്ത്യ കിരീടം നേടിയ കഴിഞ്ഞ ടി 20 ലോകകപ്പിൽ സഞ്ജു ടീമിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും ഇറങ്ങാനായിരുന്നില്ല.

എന്നാൽ തൊട്ടുപിന്നാലെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന പ്രമുഖർ വിശ്രമിച്ച പരമ്പരയിലൂടെ മികവ് തെളിയിച്ചു. പരമ്പരയിൽ സെഞ്ച്വറികളുമായി തിളങ്ങിയ താരം 2024 കലണ്ടർ വർഷത്തിൽ ടി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമായും മാറി. സ്ഥിരതയില്ലായ്മ പോലെയുള്ള സ്ഥിരം വിമർശനങ്ങൾക്ക് മറുപടി നൽകി.

എന്നാൽ ഈ വർഷമാദ്യം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ പ്രകടനം മോശമായി. ശേഷം നടന്ന ഐ പി എല്ലിലും പരിക്കുമൂലം കാര്യമായി തിളങ്ങാനായില്ല. ഇതോടെ സഞ്ജുവിന് നേരെയുള്ള വിമർശനങ്ങളും വിമർശകരും വീണ്ടും സടകുടഞ്ഞേണീറ്റു. സഞ്ജുവിന്റെ ഷോർട് പിച്ചിലുള്ള ദൗർബല്യം വരെ ചൂണ്ടിക്കാട്ടി പല മുൻ താരങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ താരത്തെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ ശ്രീകാന്തും ഹർഭജൻ സിംഗും വരെ ഇതിൽ ഉൾപ്പെടും.

Also Read:

എന്നാൽ അതിനെയെല്ലാം അതിജീവിച്ചാണ് സഞ്ജു ഇപ്പോൾ ടീമിലിടം നേടിയിരിക്കുന്നത്. ഇനിയുള്ളത് ഗ്രൗണ്ടിലെ കളിയാണ്. സ്‌ക്വാഡിൽ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശർമ്മയും ഉണ്ടെന്നിരിക്കെ ഒന്നോ രണ്ടോ മത്സരങ്ങളിലെ മോശം പ്രകടനം തന്നെ സ്ഥാനം തെറിപ്പിച്ചേക്കാം. അതെല്ലാം മനസ്സിൽ കണക്കുകൂട്ടി തന്നെയാവും സഞ്ജു കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന പരമ്പരയിലെ മാസ്മരിക പ്രകടനം പോലെയൊന്ന് സഞ്ജുവിന് ആവർത്തിക്കാനായാൽ പക്ഷെ കാര്യങ്ങൾ എളുപ്പമാകും.

Content Highlights:Sanju faces a fiery test; if he shines in the Asia Cup, he will enter the World Cup

dot image
To advertise here,contact us
dot image