
ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന രോഗമാണ് കൊളസ്‌ട്രോള്‍. രോഗത്തിന്റെ തുടക്കകാലത്ത് ലക്ഷണങ്ങള്‍ ഒന്നും ശരീരം കാണിക്കില്ല എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവ് ചര്‍മ്മത്തില്‍ ദൃശ്യമായ അടയാളങ്ങള്‍ കാണിച്ചുതുടങ്ങും. കണ്ണുകള്‍ക്ക് ചുറ്റുമുള്ള മഞ്ഞ പാടുകള്‍(സാന്തെലാസ്മ), സാന്തോമസ് എന്നറിയപ്പെടുന്ന കൊഴുപ്പ് നിക്ഷേപം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഈ ലക്ഷണങ്ങള്‍ കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവിനെയോ ഹൈപ്പര്‍ കൊളസ്ട്രീമിയ പോലുള്ള ജനിതക അവസ്ഥകളെയോ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ ഉറപ്പാക്കുന്നത് അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ന്നിരിക്കുന്നവരുടെ ചര്‍മ്മത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍
ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ള എല്ലാ വ്യക്തികളിലും ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും അവയുടെ സാന്നിധ്യം ഒരു പ്രധാന ക്ലിനിക്കല്‍ സൂചനയായി കണക്കാക്കാം.
സാന്തെല്ലാസ്മ(കണ്ണുകള്‍ക്ക് ചുറ്റുമുള്ള മഞ്ഞ പാടുകള്‍)
സാന്തെലാസ്മ എന്നത് മൃദുവായതും മഞ്ഞ കലര്‍ന്നതുമായ പാടുകളാണ്. ഇവ സാധാരണയായി കണ്‍പോളകളിലോ ചുറ്റുപാടുകളിലോ ആയി വികസിക്കുന്നു. ഇവ കൊളസ്‌ട്രോള്‍ നിക്ഷേപങ്ങളാല്‍ നിര്‍മ്മിതമാണ്. കൂടാതെ മോശം കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലാണ് ഈ ലക്ഷണങ്ങള്‍ പലപ്പോഴും കാണപ്പെടുന്നത്. സാധാരണയായി നിരുപദ്രവകരമാണെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
സാന്തോമസ്(ചര്‍മ്മത്തിലെ കൊളസ്‌ട്രോള്‍ നിക്ഷേപം)
ചര്‍മ്മത്തിനടിയില്‍ മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള മുഴകളായി കാണപ്പെടുന്ന കൊഴുപ്പിന്റെ നിക്ഷേപമാണ് സാന്തോമകള്‍. വലുപ്പത്തിലും സ്ഥാനത്തിലും ഇത് വ്യത്യാസപ്പെട്ടിരിക്കാം. കൈമുട്ടുകള്‍, കാല്‍ മുട്ടുകള്‍, വിരലുകള്‍, നിതംബവും തുടകളും ഇവിടങ്ങളിലാണ് ചര്‍മ്മത്തില്‍ കൊളസ്‌ട്രോള്‍ നിക്ഷേപം ഉണ്ടാകുന്നത്. കൂടിയ അളവില്‍ കൊളസ്‌ട്രോള്‍ നിക്ഷേപം ഉള്ളവരിലാണ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
ആര്‍ക്കസ് സെനിലിസ്(കോര്‍ണിയയ്ക്ക് ചുറ്റും ചാരനിറമോ വെള്ള നിറത്തിലോ ഉള്ള വളയം)
കണ്ണുകളില്‍ കാണപ്പെടുന്ന ഈ അടയാളവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ലിപിഡ് (ഫാറ്റി സംയുക്തങ്ങള്‍)നിക്ഷേപം മൂലം ഉണ്ടാകുന്ന കോര്‍ണിയയുടെ അരികില്‍ കാണപ്പെടുന്ന വെളുത്തതോ ചാരനിറമോ ഉള്ള വളയമാണ് ആര്‍ക്കസ് സെനിലിസ്. പ്രായമായവരില്‍ ഇത് സാധാരണമാണ്. എന്നാല്‍ ചെറുപ്പക്കാരില്‍ ഇത് അസാധാരണമായ കൊളസ്‌ട്രോളിന്റെ അളവിനെ സൂചിപ്പിക്കുന്നു.
ചര്‍മ്മത്തില്‍ കട്ടിയുള്ളതോ ഉയര്‍ന്നതോ ആയ പാടുകള്‍
ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ച് കണ്‍പോളകളിലോ കഴുത്തിലോ ഉള്ള കട്ടിയുള്ളതോ ഉയര്‍ന്നതോ ആയ പാടുകള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഡോക്ടറെ കാണേണ്ടത് എപ്പോള്‍
സാന്തെലാസ്മയും സാന്തോമയും സാധാരണയായി വേദനയില്ലാത്തതും ദോഷകരമല്ലാത്തതും ആണെങ്കിലും അവ പലപ്പോഴും ഹൃദ് രോഗത്തിനോ മറ്റ് ഫാറ്റി സംയുക്തങ്ങളുടെ നിക്ഷേപത്തിനോ കാരണമാകുന്നു. നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് അനുസരിച്ച് ഈ ലക്ഷണങ്ങളുള്ള ആളുകള്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്നാണ് പറയുന്നത്. കണ്ണുകള്‍ക്ക് ചുറ്റും മഞ്ഞ കലര്‍ന്ന പാടുകള്‍ അല്ലെങ്കില്‍ മുഴകള്‍, സന്ധികളിലെ മുഴകള്‍, ചര്‍മ്മത്തില്‍ പെട്ടെന്ന് ഒന്നിലധികം മുഴകള്‍ പ്രത്യക്ഷപ്പെടുന്നത്, കണ്ണിലെ മാറ്റങ്ങള്‍ ഇൗ ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ അഭിപ്രായം സ്വീകരിക്കേണ്ടതാണ്)
Content Highlights: Do you have these symptoms? This is how high cholesterol symptoms appear on the skin