എന്ത് വിധിയിത്..വല്ലാത്ത പതനമിത്; നാവേറിലൂടെ എതിരാളികളെ തറപറ്റിച്ച രാഹുല്‍ നിശബ്ദനാക്കപ്പെടുമ്പോള്‍

കേരളത്തിലെ എണ്ണം പറഞ്ഞ സമരനായകനെന്ന ഇമേജ് പോലും ഉണ്ടാക്കിയെടുത്ത രാഹുൽ മാങ്കൂട്ടത്തില്‍.. ഇങ്ങനെയൊരു പതനം അടുത്ത കാലത്തൊന്നും കേരള രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടില്ല.

എന്ത് വിധിയിത്..വല്ലാത്ത പതനമിത്; നാവേറിലൂടെ എതിരാളികളെ തറപറ്റിച്ച രാഹുല്‍ നിശബ്ദനാക്കപ്പെടുമ്പോള്‍
രമ്യ ഹരികുമാർ
1 min read|27 Aug 2025, 09:59 am
dot image

യരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും കൂടും..പണ്ടുള്ളവര്‍ ഈ പറഞ്ഞത് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ചായിരുന്നോ എന്ന് ചോദിച്ചാല്‍ അല്ല. പക്ഷെ രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പോലെ അതിവേഗം ഉയര്‍ച്ചയിലെത്തി നടുവുംതല്ലി വീണവര്‍ രാഷ്ട്രീയത്തില്‍ ഒട്ടേറെപ്പേരുണ്ട്. രാഷ്ട്രീയം സ്വപ്‌നം കാണുന്ന ആരേയും മോഹിപ്പിക്കുന്ന വേഗത്തിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വളര്‍ച്ച. 2006ല്‍ കെഎസ്‌യു അംഗത്വമെടുത്ത് പാര്‍ട്ടി പ്രവര്‍ത്തനമാരംഭിച്ച പത്തനംതിട്ടക്കാരനെ സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്നത് ഒരു വൈറല്‍ വീഡിയോയിലൂടെയാണ്. ഓര്‍മയില്ലേ, കെഎസ്‌യു പ്രകടനത്തിനിടയില്‍ കത്തിച്ച കോലത്തില്‍ നിന്ന് തീപടര്‍ന്നപ്പോള്‍ മുണ്ടഴിച്ചിട്ടോടിയ കുട്ടിനേതാവിനെ. ആ കുട്ടി നേതാവിനെ കേരളത്തിലെ എണ്ണം പറഞ്ഞ സമരനായകനെന്ന ഇമേജ് നല്‍കി ഉയര്‍ത്തുന്നത് കേരള പൊലീസാണ്.

നവകേരള സദസ്സിന് നേരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇടത് സര്‍ക്കാരിന്റെ പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരമായിരുന്നു പശ്ചാത്തലം. സമരത്തിനൊടുവില്‍ സംഘംചേര്‍ന്ന് അക്രമം നടത്തി, പൊതുമുതല്‍ നശിപ്പിച്ചു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയില്‍ രാഹുലുമുണ്ടായിരുന്നു. ഒരു കൊടുംകുറ്റവാളിയെ അറസ്റ്റ് ചെയ്യുന്ന ഗൗരവത്തോടെയാണ് രാഹുലിന്റെ അടൂരിലെ വീടുവളഞ്ഞ് പുലര്‍ച്ചെ പൊലീസ് ആ യുവനേതാവിനെ അറസ്റ്റുചെയ്യുന്നത്. അറസ്റ്റുംവരിച്ച് ജയില്‍വാസവും കഴിഞ്ഞ് പുറത്തിറങ്ങിയ രാഹുല്‍ പൊടുന്നനെ രാഷ്ട്രീയ കേരളത്തിലെ എണ്ണംപറഞ്ഞ നേതാക്കളില്‍ ഒരാളായി, യുവാക്കളുടെ ഹീറോയായി. പാലക്കാട് മത്സരിക്കാനെത്തിയപ്പോള്‍ ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനെന്നാണ് വിഡി സതീശന്‍ പോലും രാഹുലിനെ വിശേഷിപ്പിച്ചത്.

നാവായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലെന്ന യുവനേതാവിന്റെ കൈമുതല്‍. ആ ചാട്ടുളിയുടെ പ്രഹരമേറ്റുവാങ്ങിയവരില്‍ ഇടതുനേതാക്കന്മാരും കോണ്‍ഗ്രസിനകത്തെ മുതിര്‍ന്ന നേതാക്കളും വരെയുണ്ട്. മുഖം നോക്കാതെ കണിശതയോടെ, വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന നട്ടെല്ലുള്ള നേതാവായി രാഹുല്‍ മാറുന്നത് അങ്ങനെയാണ്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളിലിരുന്നപ്പോള്‍ ആ വാക്ചാതുര്യം മലയാളികള്‍ തിരിച്ചറിഞ്ഞു. കേഡര്‍ പാര്‍ട്ടികളിലെ പ്രതിയോഗികളുടെ നീട്ടിക്കുറുക്കിയ വാദങ്ങളെ അതിനേക്കാള്‍ മികച്ച വാക്ചാതുരിയോടെ, വ്യക്തതയോടെ രാഹുല്‍ പ്രതിരോധിച്ചു. പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ പത്മജ വേണുഗോപാലിനെ തന്തയെ കൊന്ന സന്തതി എന്നുവിശേഷിപ്പിച്ചതോടെ ആ ചാട്ടുളിയുടെ മൂര്‍ച്ച അല്പം കൂടുതലല്ലേയെന്ന് ചോദിച്ചവരില്‍ കോണ്‍ഗ്രസിന് അകത്തുള്ളവരുമുണ്ടായിരുന്നു.. പക്ഷെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാഫിക്കുശേഷം അവരോധിക്കപ്പെട്ടതുപോലെ പാലക്കാട്ട് ഷാഫിക്ക് പകരം ആര് എന്ന ചോദ്യത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരുയര്‍ന്നപ്പോള്‍ അതൊരു അധിക യോഗ്യതയായിത്തന്നെയാണ് കോണ്‍ഗ്രസിന്റെ യൂത്തന്മാരുടെ സംഘം വിലയിരുത്തിയത്.

അടിത്തട്ടില്‍ പ്രവര്‍ത്തന പരിചയം പോരെന്ന വാദങ്ങളും സരിന്റെ രാജി ഭീഷണിയും പാര്‍ട്ടിവിട്ടിറങ്ങലുമുള്‍പ്പെടെയുള്ള എതിര്‍പ്പുകളെയെല്ലാം പ്രായമായവര്‍ക്കെന്തറിയാം എന്ന മട്ടില്‍ പുച്ഛിച്ച് തള്ളിയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് രാഹുല്‍ ഇറങ്ങുന്നത്. 2023ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നേരിടേണ്ടി വന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദം പ്രതിരോധിച്ച രാഹുലിനാണോ ഇത്തരം വിവാദങ്ങള്‍ പുത്തരിയാകുന്നത്? വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ കാലം. നീല ട്രോളി ബാഗ് വിവാദം കൊഴുത്തെങ്കിലും ഷാഫിയുടെ സാരഥ്യത്തില്‍, സതീശന്റെ അനുഗ്രഹാശിസ്സുകളേറ്റുവാങ്ങി, കരുത്തരായ എതിരാളികളെ കന്നിയങ്കത്തില്‍ തന്നെ തറപറ്റിച്ച് പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടിന്റെ ജനപ്രതിനിധിയായി അധികാരത്തിലേറി.

പിന്നീട് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയറിയാതെ പിവി അന്‍വറിന്റെ അടുത്ത് അന്തിച്ചര്‍ച്ചയ്ക്ക് രാഹുലെത്തിയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ചേര്‍ത്തുപിടിച്ച സതീശന്റെ കയ്യൊന്നയഞ്ഞു. യുഡിഎഫ് ഒരു ജൂനിയര്‍ നേതാവിനെ ചര്‍ച്ചയ്ക്കുവിടുകയോ എന്ന് ചോദിച്ച് സതീശന്‍ പോലും കൈമലര്‍ത്തി. വീണ്ടും അല്ലറ ചില്ലറ വിവാദങ്ങള്‍ രാഹുലിന്റെ പേരുചേര്‍ത്ത് കേട്ടു. ഒരു രാഷ്ട്രീയക്കാരനാണെങ്കില്‍ അല്പം പണപ്പിരിവും വിവാദങ്ങളുമില്ലാതെങ്ങനെ എന്ന് ചോദിച്ച് കണ്ണടച്ചവരുടെ കണ്ണുതള്ളുന്ന രീതിയിലായിരുന്നു അടുത്ത ആരോപണം. നേരും നെറിവും ഇല്ലാതെ, മാനുഷിക മൂല്യത്തിന്റെ ഒരു കണിക പോലുമില്ലാത്ത സ്ത്രീകളെ വലവീശിപ്പിടിക്കുന്ന പ്രെഡേറ്ററെന്ന നാണംകെട്ട ആരോപണം.

ഒരു രാഷ്ട്രീയ നേതാവിനെതിരെ സ്ത്രീവിഷയത്തില്‍ ആരോപണമുയരുന്നത് ആദ്യമായല്ല..നടപടികളുണ്ടാകുന്നതും. പക്ഷെ,ഒരു ഹാബിച്വല്‍ സെക്ഷ്വല്‍ ഒഫെന്‍ഡറെന്ന നിലയില്‍ ഒരു രാഷ്ട്രീയ നേതാവ് നാണംകെട്ട് പുറത്തുപോകേണ്ടി വന്നത് ഇതാദ്യം. സോഷ്യല്‍ മീഡിയയില്‍ രാഹുലിനെതിരെ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തിപരമെന്ന ആനുകൂല്യം നല്‍കാന്‍ ശ്രമിക്കുന്നതിനിടയിലാണ് റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നതും ഗര്‍ഭഛിദ്രത്തിന് മറ്റൊരു യുവതിയെ നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവരുന്നതും. അതോടെ എതിരാളികള്‍ക്കൊപ്പം സ്വപക്ഷത്തുതന്നെ അവസരം കാത്തിരുന്നവര്‍ രാഹുലിനെതിരെ അങ്കം കുറിച്ചു. കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചു, വനിതാകമ്മിഷന്‍ സ്വമേധയാ ഇടപെട്ടു. അവസാന പ്രതിരോധമെന്നോണം ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ വന്ന് തെളിവുകള്‍ നിരത്താന്‍ ശ്രമിച്ച രാഹുലിന് പഴയ ചാട്ടുളി വേഗം ഉണ്ടായിരുന്നില്ല. അയാളുടെ ശരീരഭാഷതന്നെ മാറിയിരുന്നു..ചില പ്രവൃത്തികളെ വാക്കുകള്‍ കൊണ്ട് ന്യായീകരിക്കാനാകില്ല തന്നെ.

എന്തായാലും ഒടുവില്‍ ചന്ദനം ചാരുന്നവനെ ചന്ദനം മണക്കും അത് ചന്ദനമല്ലെങ്കിലോ എന്ന ഉള്‍വിളിയില്‍ സതീശനും രാഹുലും 'കൈ'വിട്ടതോടെ ഉയര്‍ച്ചയുടെ ഉന്നതശൃംഗങ്ങളില്‍ നിന്ന് ഒന്‍പതുമാസത്തിനുള്ളില്‍ നിലംപതിച്ചിരിക്കുകയാണ് രാഹുല്‍. പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിന് തിരിച്ചുവരവ് ഇനിയത്ര എളുപ്പമല്ല..കാരണം ഇനി കാത്തിരിക്കുന്നത് ഒരു ചെയിന്‍ റിയാക്ഷനാണ്. അതിന്റെ ഫലം കാക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോണ്‍ഗ്രസിന് നേരമില്ല. ഒരു ജയസാധ്യത മുന്നില്‍ നില്‍ക്കെ, എത്രമേല്‍ പ്രിയപ്പെട്ടവനെങ്കിലും രാഹുലിനൊപ്പം മുങ്ങിത്താഴാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലാത്തത് അതുകൊണ്ടുകൂടിയാണ്.. അത്ര ഉറച്ച ശബ്ദത്തിലല്ലെങ്കിലും തള്ളിപ്പറയേണ്ടി വന്നത് അതുകൊണ്ടാണ്. രാഹുലിന്റെ പതനം എത്രമേല്‍ ആഴത്തിലേക്കാണെന്ന് തിരിച്ചറിയണമെങ്കില്‍ ഇനിയൊരു തിരഞ്ഞെടുപ്പുകാലം കൂടെ കഴിഞ്ഞുപോകേണ്ടതുണ്ട്.

Content Highlights: The rise and fall of Congress MLA Rahul Mamkoottathil

dot image
To advertise here,contact us
dot image