മള്‍ഡര്‍ ലാറയുടെ റെക്കോർഡ് മറികടക്കണമായിരുന്നോ?; ഡിക്ലയറിങ്ങിൽ രണ്ടുതട്ടിലായി ക്രിക്കറ്റ് ലോകം

വ്യക്തിഗത സ്കോർ 367 ൽ നിൽക്കെ ഡിക്ലയർ ചെയ്യാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തീരുമാനിച്ചത് ശരിയോ തെറ്റോ?

dot image

മള്‍ഡര്‍ ലാറയുടെ റെക്കോർഡ് മറികടക്കണമായിരുന്നോ..?, വ്യക്തിഗത സ്കോർ 367 ൽ നിൽക്കെ ഡിക്ലയർ ചെയ്യാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തീരുമാനിച്ചത് ശരിയോ തെറ്റോ..?, ക്രിക്കറ്റ് ലോകത്തെ കഴിഞ്ഞ മണിക്കൂറുകളിലെ ചർച്ചകൾ ഇതായിരുന്നു.

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റാണ് ചർച്ചയ്ക്കാധാരം. മത്സരം രണ്ടാം ദിവസത്തിന്റെ ലഞ്ച് സമയം ആയതേയുള്ളൂ.. ക്രിക്കറ്റിൽ ഒരിക്കലും തകർക്കപ്പെടില്ലെന്ന് ഏവരും കരുതിയിരുന്ന ബ്രയാൻ ലാറയുടെ 400 റൺസ് എന്ന ഉയർന്ന വ്യക്തിഗത സ്കോർ മറികടക്കാൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന് സുവർണാവസരം ലഭിച്ചു.

334 പന്തിൽ 39 ഫോറുകളും നാല് സിക്സറുകളുമായി ഏകദിന സ്ട്രൈക്ക് റേറ്റിനും മേലെ ബാറ്റ് വീശിയ മൾഡർ ആ റെക്കോർഡ് മറികടക്കുമെന്ന് തന്നെ ആ ഇന്നിങ്ങ്സ് ഫോളോ ചെയ്തവരെല്ലാം കരുതി. എന്നാൽ അപ്രതീക്ഷിതമായി നാന്നൂറ് എന്ന ചരിത്ര സ്കോറിന് 33 റൺസ് മാത്രം അകലെ മൾഡർ ഡിക്ലയർ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു. ഏവരെയും ഞെട്ടിച്ച ആ തീരുമാനത്തിൽ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 626 റൺസ് എന്ന കൂറ്റൻ സ്‌കോറിലെത്തിയിരുന്നു.

ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ തന്നെ എക്കാലവും ഓർക്കപ്പെടുന്ന ഒരു റെക്കോർഡിൽ എത്താമായിരുന്നിട്ടും അതൊഴിവാക്കി എടുത്ത തീരുമാനത്തിൽ ക്രിക്കറ്റ് ലോകം രണ്ട് പക്ഷം ചേർന്നു. മള്‍ഡര്‍ എടുത്തത് ധീരമായ തീരുമാനമെന്ന് പറയുന്നവരുണ്ട്. അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി കളിച്ചില്ലെന്ന് വാദിക്കുന്നവരും ഏറെ. എന്നാല്‍ ലാറയെ മറികടക്കണമായിരുന്നു എന്ന് പറയുന്നവരുമുണ്ട്. മൂന്ന് ദിവസവും രണ്ട് സെഷനും ബാക്കി നില്‍ക്കെ ഇത്തരമൊരു തീരുമാനമെടുത്തത് മണ്ടത്തരമാണെന്ന് മറ്റു ചിലരുടെ അഭിപ്രായം.

അതേ സമയം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് മള്‍ഡര്‍. മുന്‍ താരം ഹാഷിം ആംലയാണ് ട്രിപ്പിള്‍ സെഞ്ചുറി നേടിയ മറ്റൊരു ബാറ്റര്‍. 297 പന്തില്‍ നിന്നാണ് മള്‍ഡര്‍ ട്രിപ്പിള്‍ 300 നേടിയത്.

വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി കൂടിയാണിത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ പേരിലാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറി. 278 പന്തുകളില്‍ നിന്ന് സെവാഗ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നത്.

2004ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറ 400 റൺസ് നേടിയിരുന്നത്. ശേഷം ഒരു തവണ 375 സ്കോറിലേക്കും താരമെത്തിയിരുന്നു. ഏതായാലും മൾഡറിന്റെ ഡിക്ലയറിങ്ങിലൂടെ ലാറയുടെ റെക്കോർഡ് സേഫ് ആയി തന്നെ നിൽക്കും.

Content Highlights: Should Mulder have broken Lara's record?; Cricket world divided over declaring

dot image
To advertise here,contact us
dot image