അവന്‍ കൃത്യസമയത്ത് കുരച്ചു; രക്ഷപ്പെട്ടത് 67 പേര്‍, സംഭവം ഹിമാചലില്‍

ജൂണ്‍ 20ന് ആരംഭിച്ച മണ്‍സൂണിന് പിന്നാലെ 78 മരണങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

dot image

ഹിമാചല്‍ പ്രദേശില്‍ മണ്‍സൂണ്‍ തിമിര്‍ത്ത് പെയ്യുകയാണ്. പലയിടത്തും വെള്ളം കയറിയും ഉരുള്‍പൊട്ടിയും ദുരിതപെയ്ത്ത് തുടരുമ്പോള്‍, കണ്ണില്‍പ്പെടുന്നിടത്തേക്ക് രക്ഷപ്പെട്ടെത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. ജനജീവിതം ദുരിതപൂര്‍ണമായി തുടരുന്നതിന് ഇടയിലാണ് ഒരു മിണ്ടാപ്രാണിയുടെ സമോചിതമായ ഇടപെടലില്‍ 67 ജീവനുകള്‍ രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ 30, ഇടവിടാതെ പെയ്യുന്ന മഴ, മാണ്ഡിയിലെ ധരംപൂരിലെ സിയാത്തി ഗ്രാമത്തില്‍ പാതിരാത്രി 12നും പുലര്‍ച്ചെ ഒരു മണിക്കുമിടയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ എല്ലാം തകര്‍ന്ന് തരിപ്പണമായി..

കനത്ത മഴയും കാറ്റും തുടരുന്നതിനിടയില്‍, തന്റെ വീട്ടിലെ വളര്‍ത്തുനായ തുടരെ കുരയ്ക്കാനും ഓരിയിടാനും തുടങ്ങിയതായി നരേന്ദ്ര പറയുന്നു. ഇത് കേട്ടാണ് അദ്ദേഹം ഉണര്‍ന്നത്.. ഉടന്‍ തന്നെ നായയുടെ അടുത്തേക്ക് ചെന്നു, അപ്പോഴാണ് വീടിന്റെ ചുമരിടിഞ്ഞ് വെള്ളം അകത്തേക്ക് കയറുന്നത് കണ്ടത്. പെട്ടെന്ന് തന്നെ മുകളിലത്തെ നിലയിലായിരുന്ന നരേന്ദ്രയും അദ്ദേഹത്തിന്റെ നായയും താഴേക്ക് ഓടി, അവിടെ ഉറങ്ങിക്കിടന്നവരെ വിളിച്ചുണര്‍ത്തുന്നത്.

പിന്നെ ഒട്ടും താമസിച്ചില്ല, ഒരു ഗ്രാമത്തിലെ എല്ലാപേരെയും ഉണര്‍ത്തി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചു. എല്ലാ ഉപേക്ഷിച്ച് ഒരുകൂട്ടം ആളുകള്‍ മറ്റൊരിടത്തേക്ക് മാറി.. പിന്നെ സംഭവിച്ചത്, ഒരു ഉരുള്‍പൊട്ടല്‍ ഒരു ഗ്രാമത്തിലെ ഡസനോളം വീടുകളെയും ഇടിച്ചുനിരത്തിയതാണ്. നിലവില്‍ മൂന്നോ നാലോ വീടുകള്‍ മാത്രമാണിപ്പോള്‍ അവിടെ കണ്ണില്‍ കാണാനുള്ളത്. ബാക്കിയെല്ലാം മണ്ണിനടിയിലാണ്.

ത്രിയംബാല ഗ്രാമത്തില്‍ നിര്‍മിച്ച നൈനാ ദേവി ക്ഷേത്രത്തിലാണ് ആളുകള്‍ നിലവില്‍ കഴിയുന്നത്. പലരും ദുരന്തത്തിന്റെ ആഘാതത്തില്‍ രക്തസമ്മര്‍ദം കൂടിയും മാനസികമായി തകര്‍ന്നതുമായ നിലയിലാണ്. ജൂണ്‍ 20ന് ആരംഭിച്ച മണ്‍സൂണിന് പിന്നാലെ 78 മരണങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 28 പേര്‍ റോഡ് അപകടത്തില്‍ മരിച്ചപ്പോള്‍ ബാക്കിയുള്ള 50 പേര്‍ മരിച്ചത് മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയിലാണ്.

Content Highlights: dog bark saved 67 lives in Himachal pradesh amid heavy rain

dot image
To advertise here,contact us
dot image