
ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡ് യുവന്‍റസ് പോരാട്ടത്തിൻറെ 54ാം മിനിറ്റ്. ട്രെൻറ് അലക്സാണ്ടർ അർനോൾഡിന്റെ ബൂട്ടിൽ നിന്നെത്തിയ ക്രോസിനെ ബുള്ളറ്റ് വേഗത്തിൽ ഗോൺസാലോ ഗാർസ്യ തലകൊണ്ട് വലയിലേക്ക് തിരിക്കുമ്പോൾ ഡഗൗട്ടിലിരുപ്പുണ്ടായിരുന്നു കിലിയൻ എംബാപ്പെ. അയാൾ ബെഞ്ചിൽ നിന്നിറങ്ങിയോടി. കോർണർ ഫ്ലാഗിനടുത്ത് എംബാപ്പെ ഗാർസ്യയെ ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം റയൽ ആരാധകര്‍ ഹൃദയത്തിൽ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ടാവും. ഒടുവിൽ 68ാം മിനിറ്റിൽ സാബി അലോൺസോ ഗാർസ്യയെ പിൻവലിച്ചു. എംബാപ്പെ പകരക്കാരനായി ടച്ച് ലൈനരികിൽ നിൽപ്പുണ്ട്. ഹാർഡ് റോക്ക് സ്റ്റേഡിയത്തിന്റെ സ്റ്റാന്റിങ് ഒവേഷനേറ്റു വാങ്ങി ആ 21 കാരൻ എംബാപ്പെക്ക് കൈകൊടുത്ത് കളംവിട്ടു.
ക്ലബ്ബ് ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ റയൽ നിരയിൽ എംബാപ്പെ ഉണ്ടാവില്ലെന്ന വാർത്ത ആരാധകരെ സംബന്ധിച്ച് അത്രക്ക് സുഖമുള്ളതൊന്നുമായിരുന്നില്ല. റീപ്ലേസ്മെന്റ് ഓപ്ഷനുകൾ പലതും മുന്നിലുണ്ടായിരുന്നിട്ടും നമ്പർ 9 റോളിൽ സാബി ഒരു അക്കാദമി താരത്തെ എന്ത് കൊണ്ട് പരിഗണിച്ചു? ഇതിന് കൃത്യമായ മറുപടിയുണ്ട് സാബിയുടെ കയ്യിൽ. കോടികൾ വാരിയെറിഞ്ഞ് ഗലാറ്റിക്കോക്കളെ കൂടാരത്തിലെത്തിച്ച് നാളിതുവരെ റയൽ പണിതുയർത്തിയ ഫുട്ബോൾ സാമ്രാജ്യത്തിൽ അക്കാദമി താരങ്ങൾക്ക് വലിയ പരിഗണനകൾ ലഭിക്കാറില്ല. ലാമാസിയ പ്രതിഭകളെ നിർമിച്ചെടുക്കുമ്പോൾ ലാ ഫാബ്രിക്ക എന്തെടുക്കുകയാണ് എന്ന ചോദ്യം ഏറെക്കാലമായി ഫ്ലോറന്റീനോ പെരസ് നേരിടുന്നുണ്ട്.
നാളുകൾക്ക് മുമ്പാണ് സാബി അലോൺസോ ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്തത്. ലോക ഫുട്ബോളിലെ വമ്പൻ പേരുകൾ അണിനിരിക്കുന്നൊരു നക്ഷത്ര സംഘം തന്നെ അയാളുടെ കൈവെള്ളയിലുണ്ട്. എന്നാൽ അതിലൊതുങ്ങാൻ സാബി കൂട്ടാക്കിയില്ല. അക്കാദമി കൂടി അയാളുടെ പരിഗണനാ വിഷയമായിരുന്നു. ക്ലബ്ബ് ലോകകപ്പിൽ അൽഹിലാലിനെതിരായ ആദ്യ മത്സരത്തിൽ അലോൺസോ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിക്കുമ്പോൾ ഫ്രണ്ട് ത്രീയിൽ ഗോൺസാലോ ഗാർസ്യ എന്ന പേരും ഇടംപിടിച്ചു.
ക്ലബ് ലോകകപ്പ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് വരെ ആ പേര് അങ്ങനെ ഫുട്‌ബോൾ ലോകത്തിന്റെ അന്തരീക്ഷത്തിലുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഫുട്‌ബോൾ സർക്കിളുകളിലെ ഹോട്ട് ടോപ്പിക്കുകളിലൊന്നായി മാറിക്കഴിഞ്ഞു അത്. ക്ലബ്ബ് ലോകകപ്പിൽ റയൽ ഇതുവരെ നടത്തിയ കുതിപ്പുകളുടെയൊക്കെ ബാറ്റൺ ആ 21 കാരന്റെ കയ്യിലായിരുന്നു. നാല് മത്സരങ്ങൾ, മൂന്ന് ഗോളുകൾ, ഒരു അസിസ്റ്റ്. ഗാർസ്യ ബ്രില്ല്യൻസിൽ റയൽ ക്വാർട്ടറിലേക്ക് കുതിക്കുമ്പോൽ സാബിക്ക് അതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. "സ്പാനിഷ് ഇതിഹാസം റൗളിനെ ഓർമിപ്പിക്കുന്നതാണ് ഗ്രൗണ്ടിൽ ഗോൺസാലോയുടെ സഞ്ചാരങ്ങൾ'- ലോസ് ബ്ലാങ്കോസ് ജേഴ്‌സിയിൽ കഴിഞ്ഞ ഒരാഴ്ചയായി ഗോൺസാലോ ഗാർസ്യ നടത്തുന്ന അതിശയ പ്രകടനങ്ങളെ കുറിച്ച് മനസ് തുറക്കുകയായിരുന്നു സാബി. കസ്റ്റില്ലയെ ഏറെക്കാലമായി പിന്തുടരുന്ന തനിക്ക് ഗോൺസാലോയുടെ പ്രകടനത്തിൽ അത്ഭുതമൊന്നും തോന്നുന്നില്ലെന്നാണ് സാബി പറഞ്ഞത്. സാബി മാത്രമല്ല ഫുട്ബോൾ പണ്ഡിറ്റുകൾ പലരും ഗാർസ്യയെ റൌളുമായി താരതമ്യം ചെയ്യുന്നുണ്ട്.
ഈ താരതമ്യത്തേക്കാൾ വലിയ അംഗീകാരമൊന്നും തനിക്ക് ലഭിക്കാനില്ലെന്നാണ് ഗാർസ്യ ഇന്നലെ പ്രതികരിച്ചത് . കസ്റ്റില്ലയിൽ റൗളിന് കീഴിൽ കളിച്ച പരിജയമുണ്ട് അയാൾക്ക്. ഇപ്പോഴും അദ്ദേഹം ഓരോ കളിക്ക് ശേഷവും തനിക്ക് മെസ്സേജയക്കാറുണ്ടെന്നാണ് ഗാർസ്യ ഇന്നലെ പറഞ്ഞത്. അതേ സമയം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് അയാൾ.
2014 ൽ പത്ത് വയസുള്ളപ്പോളാണ് ഗോൺസാലോ റയലിന്റെ യൂത്ത് അക്കാദമിയായ ലാ ഫാബ്രിക്കയിലെത്തുന്നത്. നാല് വർഷക്കാലം റയലിന്റെ യൂത്ത് സിസ്റ്റത്തിൽ കളിപഠിച്ച താരം 2018 ൽ മയ്യോർക്കയുടെ യൂത്ത് ടീമിനൊപ്പം ചേർന്നു. 2019 ൽ വീണ്ടും ലോസ് ബ്ലാങ്കോസ് ജേഴ്‌സിയിൽ തിരിച്ചെത്തിയ ഗാർസ്യക്ക് 2023 ലാണ് സീനിയർ ടീമിലേക്കുള്ള ആദ്യ വിളിയെത്തുന്നത്. ലാലിഗയിൽ കാഡിസിനെതിരായ മത്സരത്തിൽ കാർലോ ആഞ്ചലോട്ടി ആദ്യമായി അയാളെ കളത്തിലിറക്കി. ഈ വർഷം ഫെബ്രുവരിയിൽ ലെഗാനസിനസിനെതിരെ റയൽ വിജയം കുറിച്ചത് ഗാർസ്യയുടെ ഇഞ്ചുറി ടൈം ബ്രില്ല്യൻസ് കൊണ്ടാണ്. 93ാം മിനിറ്റിൽ വലകുലുക്കിയാണ് 21 കാരൻ ലോസ് ബ്ലാങ്കോസിന് ആവേശ ജയം സമ്മാനിച്ചത്.
വെർസിറ്റിലിറ്റിയാണ് ഗോൺസാലോയിലെ പ്രതിഭയുടെ ഏറ്റവും മികച്ച അടയാളം. മുന്നേറ്റത്തിൽ ഏത് പൊസിഷനിലും കളിക്കാനാവുമെന്ന് അയാൾ പലകുറി തെളിയിച്ച് കഴിഞ്ഞതാണ്. സാബി അലോൺസോ നേരത്തേ തന്നെ ഇത് മനസിലാക്കി. ക്ലബ്ബ് ലോകകപ്പിൽ മെക്‌സിക്കൻ ക്ലബ്ബ് പച്ചൂക്കക്കെതിരായ മത്സരത്തിൽ നമ്പർ 9 റോളിലാണ് ഗോൺസാലോ സ്റ്റാർട്ട് ചെയ്തത്. എന്നാൽ അസെൻസിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അയാൾ ലെഫ്റ്റ് ഫ്‌ളാങ്കിലേക്ക് മാറുന്നത് നമ്മൾ കണ്ടു. ആ മത്സരത്തിലും ഒരു അസിസ്റ്റുമായി ടീമിൻറെ ജയത്തിലെ നിർണായക സാന്നിധ്യമായി താരം.
സ്പാനിഷ് അണ്ടർ 17 ടീം കോച്ച് ഹെർനാൻ പെരസ് ഗാർസ്യയെക്കുറിച്ച് അടുത്തിടെ പറഞ്ഞത് മികച്ചൊരു പരിശീലകൻറെ കയ്യിൽ കിട്ടിയാൽ ഒരു പതിറ്റാണ്ട് കാലം റയലിൻറെ മുന്നേറ്റ നിരയിലെ നിർണായക സാന്നിധ്യമാവാനുള്ള കപ്പാസിറ്റിയുണ്ട് ഗാർസ്യക്ക് എന്നാണ്. എർലിങ് ഹാളണ്ടിനോടും ഹൊസേലുവിനോടും റൌളിനോടുമൊക്കെ പെരസ് ഗാർസ്യയെ താരതമ്യം ചെയ്യുന്നുണ്ട്.
ക്ലബ്ബ് ലോകകപ്പിന് തൊട്ട് മുമ്പ് വരെ റയൽ വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഗാർസ്യ. കൂടുതൽ പ്ലെയിങ് ടൈം ലഭിക്കാനായി മറ്റൊരിടത്തേക്ക് ചേക്കേറാനിരുന്ന അയാളെ സാബി ഇനി വിട്ടുകളയാനിടയില്ല. സമ്മറിൽ മറ്റൊരു സ്ട്രൈക്കറെ ടീമിലെത്തിക്കുന്നതിനെ കുറിച്ച ആലോചനകൾ റയൽ നടത്തുന്നു എന്ന റിപ്പോർട്ട് അന്തരീക്ഷത്തിലുണ്ടായിരുന്നു. എന്നാൽ കൈവെള്ളയിലൊരു പ്രതിഭയുണ്ടായിരിക്കേ മറ്റൊരാളെ തിരഞ്ഞ് റയൽ പോവില്ലെന്ന വിശ്വാസത്തിലാണ് ആരാധകർ. ഇന്നലെ യുവൻറസിനെതിരായ മത്സരത്തിന് ശേഷം മുൻ റയൽ താരം ഹൊസേലു പറഞ്ഞതിങ്ങനെയാണ്. 'The search for a number nine should stop.. We have found an incredible profile'