'ഇതാണ് വിരമിക്കാനുള്ള സമയമെന്ന് എനിക്ക് മനസിലായി'; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ വിരാട് കോഹ്‍ലി

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം യുവരാജ് സിങ്ങുമായുള്ള മികച്ച സൗഹൃദത്തെക്കുറിച്ചും കോഹ്‍ലി പ്രതികരിച്ചു

dot image

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‍ലി. വിരമിക്കേണ്ട സമയത്തെക്കുറിച്ച് തനിക്ക് വ്യക്തത ഉണ്ടായിരുന്നുവെന്നാണ് കോഹ്‍ലിയുടെ വാക്കുകൾ. രണ്ട് ദിവസം മുമ്പാണ് ഞാൻ എന്റെ താടി കളർ ചെയ്തത്. നാല് ദിവസത്തിലൊരിക്കൽ താടിക്ക് നിറം നൽകേണ്ടി വരുന്നു. അതായത് കരിയർ അവസാനിക്കുന്ന സമയമായിരിക്കുന്നു. ഇന്ത്യൻ മുൻ താരം യുവരാജ് സിങ് നടത്തുന്ന യൂ വീ കാൻ ഫൗണ്ടേഷന്റെ ഒരു പരിപാടിയിൽ കോഹ്‍ലി പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്ത്രി നൽകിയ പിന്തുണയെക്കുറിച്ചും കോഹ്‍ലി സംസാരിച്ചു. 'സത്യം പറഞ്ഞാൽ, രവി ശാസ്ത്രിക്കൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഞാനുണ്ടാക്കിയ നേട്ടങ്ങൾ പലതും സാധ്യമാകില്ലായിരുന്നു. ഞങ്ങൾ ഒരുമിച്ച് സ്വന്തമാക്കിയ നേട്ടങ്ങൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. എല്ലാ താരങ്ങൾക്കും കരിയറിൽ മുന്നേറാൻ വലിയ പിന്തുണ ആവശ്യമാണ്. രവി ശാസ്ത്രി എനിക്ക് നൽകിയ പിന്തുണ വലുതായിരുന്നു. പത്രസമ്മേളനങ്ങളിൽ പലപ്പോഴും എനിക്കുവേണ്ടി വിമർശനങ്ങൾ ഏറ്റുവാങ്ങിയത് രവി ശാസ്ത്രിയായിരുന്നു. എന്റെ ക്രിക്കറ്റ് കരിയറിൽ നൽകിയ പിന്തുണയ്ക്ക് എനിക്കെന്നും രവി ശാസ്ത്രിയോട് നന്ദിയുണ്ടാവും,' വിരാട് കോഹ്‍ലി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം യുവരാജ് സിങ്ങുമായുള്ള മികച്ച സൗഹൃദത്തെക്കുറിച്ചും കോഹ്‍ലി പ്രതികരിച്ചു. 'ഞാനും യുവരാജും തമ്മിൽ വലിയൊരു സൗഹൃദമുണ്ട്. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ തുടങ്ങിയപ്പോൾ യുവരാജ് സിങ്, ഹർഭജൻ സിങ്, സഹീർ ഖാൻ എന്നിവർ എനിക്ക് വലിയ പിന്തുണ നൽകി. ഒരു താരമായി വളരാൻ അവർ എന്നെ സഹായിച്ചു.' യുവരാജ് സിങ് ഏകദിന ലോകകപ്പ് കളിക്കുന്നത് ഏറെ പ്രത്യേകതയോടെയാണ് കണ്ടത്.

'ഞാനും യുവരാജും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നിട്ടും യുവരാജ് കാൻസറിനോട് പോരാടുന്നത് ആരും അറിഞ്ഞിരുന്നില്ല. പിന്നെ യുവരാജ് ലോകചാംപ്യനായി. കാൻസറിനോട് പൊരുതി യുവരാജ് കളിക്കളത്തിൽ തിരിച്ചെത്തി. അന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റനായി. ഒരിക്കൽ കട്ടക്കിൽ ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ യുവരാജ് 150 റൺസും ധോണി 110 റൺസും നേടിയത് ഞാൻ ഓർക്കുന്നു. ഇവരുടെ ബാറ്റിങ് നമ്മുടെ കുട്ടിക്കാലത്ത് ടെലിവിഷനിൽ ക്രിക്കറ്റ് കണ്ടത് ഓർമിപ്പിക്കുന്നു അന്ന് ഞാൻ കെ എൽ രാഹുലിനോട് പറഞ്ഞിരുന്നു. എനിക്ക് യുവരാജിനോട് ഒരുപാട് ബഹുമാനവും സ്നേഹവുമുണ്ട്,' കോഹ്‍ലി വ്യക്തമാക്കി.

മെയ് 12നാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‍ലി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെ ആയിരുന്നു കോഹ്‍ലിയുടെ പ്രഖ്യാപനം. 'ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങോട്ടൊക്കെ കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇത് എന്നെ പരീക്ഷിച്ചു, പുതിയൊരാളായി രൂപപ്പെടുത്തി, ജീവിതത്തിൽ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.'

'ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിനായി ഞാൻ കഠിനാദ്ധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി.'

'ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടവാങ്ങുന്നു. ക്രിക്കറ്റിനോടും സഹതാരങ്ങളോടും എന്നെ കരുത്തരാക്കിയ ഓരോ വ്യക്തികളോടും നന്ദി പറയുന്നു. എക്കാലവും ഞാൻ ടെസ്റ്റ് കരിയറിനെ സന്തോഷത്തോടെ നോക്കും. ടെസ്റ്റ് ക്യാപ് ​#269 ഇനിയില്ല.' വിരാട് കോഹ്‍ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‍ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോഹ്‍ലി ആകെ നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലി കുറിച്ച ചില റെക്കോർഡുകൾ ആരാലും തകർക്കാൻ സാധിക്കില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് വിരാട് കോഹ്‍ലി. 68 ടെസ്റ്റുകളിൽ ഇന്ത്യൻ നായകനായ വിരാട് കോഹ്‍ലിക്ക് 40ലും രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചു. 58.82 ആണ് കോഹ്‍ലിയുടെ വിജയശതമാനം.

കോഹ്‍ലിയുടെ നായകമികവിൽ വിദേശമണ്ണിലും ഇന്ത്യ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി. 2018-2019 ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ഇന്ത്യ പരമ്പര വിജയം നേടി. ദക്ഷിണാഫ്രിക്കയിലും ഇം​ഗ്ലണ്ടിലും പരമ്പര നേട്ടത്തിന് സാധിച്ചില്ലെങ്കിലും കോഹ്‍ലിയുടെ നായകമികവിൽ ഇന്ത്യയ്ക്ക് ഇവിടെയും ചരിത്രവിജയങ്ങൾ ഉണ്ടായി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം വിരാട് കോഹ്‍ലിയാണ്. ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്‍ലി ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്. ആറ് ഇരട്ട സെഞ്ച്വറികൾ ഇന്ത്യയ്ക്കായി നേടിയിട്ടുള്ള സച്ചിൻ തെണ്ടുൽക്കറിനെയും വിരേന്ദർ സെവാ​ഗിനെയും മറികടന്നുള്ള നേട്ടമാണ് കോഹ്‍ലിയുടേത്.

Content Highlights: Virat Kohli on his test retirement

dot image
To advertise here,contact us
dot image