
ഞെട്ടലോടെയായിരുന്നു വ്യാഴാഴ്ച രാവിലെ ഫുട്ബോൾ ലോകം ഉണർന്നത്. സ്പെയിനിലെ പൗരാണിക നഗരമായ വല്ലാദോലിദിന് 70 മൈൽ പടിഞ്ഞാറ് പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപം റെയാസ് ബജാസ് ഹൈവേയിൽ ഒരു അപകടമുണ്ടായി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്ന ഒരു ലംബോർഗിനി കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും കാറിന് തീപിടിക്കുകയും ചെയ്തു. കാറിൽ സഞ്ചരിച്ചിരുന്ന സഹോദരന്മാരുടെ മരണ വാർത്തയാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിന്റെ ആഴങ്ങളിലേക്ക് തള്ളിവിട്ടത്.
ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിന്റെ താരവും പോർച്ചുഗൽ ദേശീയ ടീമിൽ അംഗവുമായ ഡിയേഗോ ജോട്ട ആയിരുന്നു കാറിലുണ്ടായിരുന്നവരിൽ ഒരാൾ. 28 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. കഴിഞ്ഞ ഫുട്ബോൾ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട താരം. ലിവർപൂളിന്റെ മുന്നേറ്റ നിരയിൽ നിർണായകമായിരുന്നു ജോട്ടയുടെ സാന്നിധ്യം.
കഴിഞ്ഞ സീസണിൽ ആർനെ സ്ലോട്ടിന്റെ കീഴിൽ ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യന്മാരാകുമ്പോൾ, 37 മത്സരങ്ങളിൽ നിന്ന് ജോട്ട ഒമ്പത് ഗോളുകൾ വലയിലാക്കിയിരുന്നു. ലിവർപൂളിൽ അഞ്ച് വർഷം പിന്നിട്ട ജോട്ട 182 മത്സരങ്ങൾ കളിച്ചു. 65 ഗോളുകളും 26 അസിസ്റ്റുകളും ജോട്ട സംഭാവന ചെയ്തു.
പ്രിയപ്പെട്ട റെഡ്സിന് വേണ്ടിയായിരുന്നു ജോട്ട അവസാനമായി ഗോൾ നേടിയത്. ഏപ്രിൽ 17ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ എവർട്ടനെ പരാജയപ്പെടുത്തുമ്പോൾ ലിവർപൂളിനായി വലചലിപ്പിച്ചത് ഡിയേഗോ ജോട്ട മാത്രം. എതിരില്ലാത്ത ഒരു ഗോളിന് റെഡ്സിന്റെ വിജയം.
പോർച്ചുഗൽ ഫുട്ബോളിനൊപ്പവും നിരവധി നേട്ടങ്ങളുടെ ഭാഗമാണ് ജോട്ട. രണ്ട് തവണ യുവേഫ നേഷൻസ് ലീഗ് കിരീടം നേടുമ്പോഴും ജോട്ട പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു. ദേശീയ ടീമിൽ 49 മത്സരങ്ങൾ കളിച്ച താരത്തിന് 14 തവണ പന്ത് വലയിലെത്തിക്കാൻ കഴിഞ്ഞു. പോർച്ചുഗൽ ടീമിന്റെ യുവനിരയിലെ നിർണായക സാന്നിധ്യമായി ജോട്ട ഇതിനോടകം മാറികഴിഞ്ഞിരുന്നു.
പോർച്ചുഗീസ് ക്ലബായ പകോസ് ഡി ഫെറെയ്റയുടെ താരമായാണ് ജോട്ട പ്രഫഷണൽ ഫുട്ബോളിന് തുടക്കം കുറിച്ചത്. പിന്നീട് സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മഡ്രിഡിലെത്തി. എന്നാൽ അവിടെ തിളങ്ങാൻ കഴിയാതിരുന്നതോടെ താരത്തെ ലോൺ അടിസ്ഥാനത്തിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയിലേക്കയച്ചു. 38 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ ഏഴ് അസിസ്റ്റുകൾ. നിർണായകമായ പ്രകടനം നടത്തിയ ജോട്ട ഇംഗ്ലീഷ് ഫുട്ബോളിലേക്കെത്തി. 2017ൽ വോൾവർഹാംപ്ടൻ വാണ്ടറേഴ്സിന്റെ (വോൾവ്സ്) ഭാഗമായാണ് ജോട്ട ഇംഗ്ലീഷ് ഫുട്ബോളിൽ കരിയർ ആരംഭിച്ചത്. 2020ൽ ലിവർപൂളിലെത്തിയ ജോട്ട 2022ൽ ലിവർപൂളിന് എഫ്എ കപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ സീസണിൽ ഇഎഫ്എൽ കപ്പിലും ചാംപ്യൻസ് ലീഗിലും ലിവർപൂൾ റണ്ണേഴ്സ് അപ്പുകളുമായി.
ഫുട്ബോൾ ലോകത്തിനുമപ്പുറം ജോട്ടയുടെ വിയോഗം അയാളുടെ കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നുണ്ട്. കാരണം അയാളുടെ വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രമാണ് പിന്നിടുന്നത്. ജൂൺ 22ന് ദീർഘകാലം ജോട്ടയുടെ പങ്കാളിയായിരുന്ന റൂത്ത് കാർഡോസോയെ താരം വിവാഹം ചെയ്തു. അതിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ജോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവർക്കും മൂന്നു കുട്ടികളുമുണ്ട്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞതുപോലെ ജോട്ടയുടെ വിയോഗത്തെ അതിജീവിക്കാൻ ആ കുടുംബത്തിന് കഴിയട്ടെ.
Content Highlights: EPL winner, Nations League victory, Diogo Joto passes away at 28