'മൾഡർ ആ റെക്കോർഡിന് ശ്രമിക്കണമായിരുന്നു, ഇതുപോലുള്ള അവസരങ്ങൾ പരിമിതമാണ്': ക്രിസ് ​ഗെയ്ൽ

'മൾഡർ വലിയ ത്യാ​ഗമാണ് ചെയ്തത്. ആ റെക്കോർഡ് ബ്രയാൻ ലാറയ്ക്കൊപ്പം നിലനിൽക്കണമെന്ന് മൾഡർ പറഞ്ഞു'

dot image

ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന ചരിത്ര നേട്ടത്തിന് അരികിലെത്തിയിട്ടും ആ റെക്കോർഡ് വേണ്ടെന്ന് വെച്ച ദക്ഷിണാഫ്രിക്കൻ താരം വിയാൻ മൾഡറുടെ തീരുമാനത്തെ എതിർത്ത് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ​ഗെയ്ൽ. ഇത്രയും വലിയൊരു നേട്ടത്തിലെത്താനുള്ള അവസരങ്ങൾ പരിമിതമായി മാത്രമാണ് ലഭിക്കുകയെന്നാണ് ​ഗെയ്ൽ പറയുന്നത്.

'ഇനിയെപ്പോഴാണ് മൾഡറിന് വീണ്ടുമൊരു ട്രിപ്പിൾ സെഞ്ച്വറി നേടാൻ കഴിയുകയെന്ന് അറിയില്ലല്ലോ. ഇതുപോലുള്ള അവസരങ്ങൾ ലഭിക്കുമ്പോൾ പരമാവധി പ്രയോജനപ്പെടുത്തണം. മൾഡർ വലിയ ത്യാ​ഗമാണ് ചെയ്തത്. ആ റെക്കോർഡ് ബ്രയാൻ ലാറയ്ക്കൊപ്പം നിലനിൽക്കണമെന്ന് മൾഡർ പറഞ്ഞു. ഒരുപക്ഷേ ഇതുപോലൊരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയാതെ മൾഡർ പരിഭ്രമിച്ചിട്ടുണ്ടാവും,' ​ഗെയ്ൽ ടോക്ക്സ്പോർട്സിനോട് പ്രതികരിച്ചു.

'മൾഡർ 367 റൺസ് നേടിയിരിക്കുകയാണ്. സ്വാഭാവികമായും ലാറയുടെ റെക്കോർഡ് മറികടക്കാൻ മൾഡർ ശ്രമിക്കണമായിരുന്നു. ഒരു ഇതിഹാസ താരമാകുന്നത് റെക്കോർഡുകൾ നേടുമ്പോഴാണ്. അത് നേടാൻ ശ്രമിക്കാതിരുന്നത് മൾഡർ ചെയ്ത തെറ്റാണ്. ഒരുപക്ഷേ 400 റൺസിന് മുമ്പ് മൾഡർ പുറത്താകുമോയെന്ന് അറിയില്ല. പക്ഷേ, സ്വന്തം സ്കോർ 367ൽ നിൽക്കെ മൾഡർ ഡിക്ലയർ ചെയ്തു. എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്നതിന് മൾഡർ ഉത്തരം നൽകി. പക്ഷേ ഒരു ടെസ്റ്റ് മത്സരത്തിൽ 400 റൺസ് നേടുകയെന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്. അത് മൾഡർ നഷ്ടപ്പെടുത്തി,' ​ഗെയ്ൽ പറഞ്ഞു.

'ചിലപ്പോൾ സിംബാബ്‌വെ പോലുള്ള ഒരു ടീമിനെതിരെ ഒരു റൺ പോലും നേടാൻ കഴിയുകയില്ല. ഏത് ടീമിനെതിരെയും 100 റൺസ് നേടിയാൽ അത് സെഞ്ച്വറി നേട്ടം തന്നെയാണ്. ഇരട്ട സെഞ്ച്വറിയോ ട്രിപ്പിളോ 400 റൺസോ നേടുകയാണെങ്കിൽ അതെല്ലാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാ​ഗം തന്നെയാണ്. മൾഡർ പരിഭ്രമിച്ച് മണ്ടത്തരം കാണിച്ചുവെന്നാണ് എന്റെ അഭിപ്രായം. എനിക്കായിരുന്നു ഇത്തരമൊരു അവസരം ലഭിച്ചതെങ്കിൽ ഞാൻ 400 റൺസ് നേടുമായിരുന്നു,' ​ഗെയ്ൽ വ്യക്തമാക്കി.

സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് വിയാൻ മൾഡർ ചരിത്ര നേട്ടത്തിന് അരികിലെത്തിയത്. രണ്ടാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കൂടിയായ വിയാൻ മൾഡർ പുറത്താകാതെ 367 റൺസ് നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 400 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസ നായകൻ ബ്രയാൻ ലാറയുടെ റെക്കോർഡ് മൾഡർ തകർക്കുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയത്. എന്നാൽ ആദ്യ സെഷന് പിന്നാലെ മൾഡർ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. പിന്നാലെ ലാറയുടെ റെക്കോർഡ് മറികടക്കാൻ ശ്രമിക്കാതിരുന്നതിൽ മൾഡർ വിശദീകരണം നൽകുകയും ചെയ്തു.

ബ്രയാൻ ലാറ ഇതിഹാസമാണെന്നും അയാളുടെ റെക്കോർഡ് മറികടക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് മൾഡർ പറഞ്ഞത്. ഇനി ഇതുപോലെയൊരു അവസരം ലഭിക്കുകയാണെങ്കിലും ഇതുതന്നെ ചെയ്യും. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഷുക്രി കോൺറാഡുമായി സംസാരിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും മൾഡർ വ്യക്തമാക്കി.

Content Highlights: Wiaan Mulder panicked and blundered says Chris Gayle

dot image
To advertise here,contact us
dot image