നിലനില്‍പ്പിനായി അവര്‍ ഒരേ നില്‍പ്പ് നിന്നു 162 ദിവസം;നില്‍പ്പ് സമരത്തിന്‍റെ 11 വര്‍ഷങ്ങള്‍

ആദിവാസി ജനത നടത്തിയ നിൽപ് സമരം രാഷ്ട്രീയ പാർട്ടികൾക്കോ, ഭരണകൂടത്തിനോ അന്ന് അസ്വസ്ഥതയും ഉണ്ടാക്കിയിരുന്നില്ല

dot image

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത ജനതയുടെ സംഘർഷങ്ങളെയെല്ലാം പ്രതിനിധാനം ചെയ്ത ഒരു അസാധാരണ സമരം കേരളം കണ്ടത് 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. 2014 ജൂലായ് 9ന്. ജന്മിമാരിൽ നിന്ന് തുടങ്ങി ഭരണകൂടത്തിൽ നിന്നുവരെ അനീതി നേരിടേണ്ടി വന്ന ആദിവാസി ജനത അവരുടെ പ്രശ്നങ്ങളിലേക്ക് ഭരണകൂടത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശ്രദ്ധ ക്ഷണിച്ചത് സെക്രട്ടേറിയറ്റിന് മുന്നില്‍ നില്‍പ് ആരംഭിച്ചുകൊണ്ടായിരുന്നു. ഒന്നും രണ്ടുമല്ല 162 ദിവസങ്ങള്‍ അവര്‍ ആ നില്‍പ് തുടര്‍ന്നു. ഒന്ന് ഇരിപ്പുറപ്പിക്കാന്‍, ഭയമില്ലാതെ കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തവര്‍ ഇതിനേക്കാള്‍ ഉച്ചത്തില്‍ തങ്ങളുടെ പ്രശ്നങ്ങളെ മറ്റേത് ഭാഷയിലാണ് സംവദിക്കേണ്ടത്.

ആദിവാസികളുടെ ഭൂമി പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി ആദിവാസി ഗോത്രമഹാസഭ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ് സമരം ആരംഭിച്ചത്. സമരത്തിൽ പങ്കെടുക്കുന്നവർ ഇരിക്കുകയോ, കിടക്കുകയോ ചെയ്യാതെ അനിശ്ചിത കാലത്തേക്ക് നിന്നുകൊണ്ട് സമരം ചെയ്ത രീതി അന്നുവരെ കേരള ജനത പരിചയിച്ച സമരമുറകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഒരു ജനതയുടെ നിസ്സഹായതയുടെ പ്രതീകമായിരുന്നു ഭരണസിരാകേന്ദ്രത്തിന് മുന്നിലുള്ള ആ നില്‍പ്. അടിമത്തത്തിന്റെയും അനീതിയുടെയും കയ്പുനീര് കുടിച്ച് ജീവിച്ച ആദിവാസികൾക്ക്, ജനാധിപത്യവും നീതി നൽകാൻ തയ്യാറാകാത്തത് കേരളം കണ്ടു. കണ്ണുതുറക്കാത്ത സർക്കാരിനും അധികാരികൾക്കും മുന്നിൽ നീതിക്കായി മണ്ണിന്റെ മക്കൾ ഒരേ നിൽപ് നിന്നു.

നാളുകളായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്നിരുന്ന കുടിൽ കെട്ടിയുള്ള സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതോടെയാണ് അവര്‍ നില്‍പ് സമരത്തിലേക്ക് കടക്കുന്നത്. ഒരുപിടി ആവശ്യങ്ങളായാണ് അവര്‍ ആ സമരപ്പന്തലില്‍ നിന്നത്. 2001ലെ സമരത്തിൽ ആന്റണി സർക്കാർ നൽകിയ വാഗ്ദാനങ്ങളായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അന്ന് ആദിവാസികൾക്ക് സ്വന്തമായി ഭൂമി വിതരണം ചെയ്യാമെന്ന് വാഗ്ദാനം നൽകിയെങ്കിലും വെറും 39 ശതമാനം ആളുകൾക്ക് മാത്രമായിരുന്നു ഭൂമി ലഭിച്ചത്. കണക്കുകൾ പ്രകാരം 17,294 കുടുംബങ്ങൾ ഭൂമി ലഭിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും കേവലം 6777 കുടുംബങ്ങൾക്ക് മാത്രമാണ് ഭൂമി കൈപ്പറ്റാൻ സാധിച്ചത്. കുടിയേറ്റം കാരണം‌ ലഭിച്ച ഭൂമിയിൽ പലതും കൈവിട്ട് പോയതായും അവർ ആരോപിച്ചിരുന്നു. ആദിവാസി അധിവാസ മേഖലകളെ, പ്രത്യേകിച്ച് വയനാടിനെ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം സെറ്റിൽമെന്റ് ഏരിയയാക്കി പ്രഖ്യാപിക്കുമെന്ന് സർക്കാർ വാഗ്ധാനം നൽകി. എന്നാൽ ഇത് നടപ്പിലാകാതെ വന്നതോടെ ആദിവാസികൾ രംഗത്തിറങ്ങി. മുത്തങ്ങ സമരത്തിലടക്കം ഉന്നയിക്കപ്പെട്ട ആവശ്യമായിരുന്നു ഇത്. കുടിയേറ്റ മാഫിയകൾക്ക് ഭൂമി മുഴുവൻ പതിച്ച് കൊടുക്കാൻ കാണിക്കുന്ന ഉത്തരവാദിത്തം എന്തുകൊണ്ട് തങ്ങളുടെ കാര്യത്തിൽ കാണിക്കുന്നില്ല എന്ന് ആദിവാസികൾ ചോദിച്ചുകൊണ്ടിരുന്നു.

1985ൽ സൈലന്റ്‌വാലി ഉദ്ഘാടനത്തിനെത്തിയ രാജീവ് ഗാന്ധി പറഞ്ഞ ഒരു വാചകമുണ്ട്. ആദിവാസി വികസനത്തിനായി ഒരു രൂപ മുകളിലേക്കിട്ടാൽ താഴേക്ക് വീഴുക 15 പൈസ മാത്രമായിരിക്കുമെന്ന്. കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള ആദിവാസി ക്ഷേമപരിപാടികള്‍ പ്രഖ്യാപിക്കപ്പെടുകയും കടലാസുകളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്യുന്നതിനാല്‍ ഒരു ചുവട് മുകളിലേക്ക് എന്നതിനുപകരം ഒരു ചുവട് താഴേക്കായി ആ വികസന പ്രവര്‍ത്തനങ്ങളും ആദിവാസിക്ഷേമവും നിലംപതിച്ചുകൊണ്ടിരിക്കുകയാണ്.

2014ലെ കേരളത്തിന്റെ ഓണാഘോഷത്തിൽ അവരുണ്ടായിരുന്നില്ല, നീരുവന്ന് വീർത്ത കാലുകളുമായി അവരപ്പോഴും സമരപ്പന്തലിൽ ഉണ്ടായിരുന്നു. മലയാളികൾ ഓണമാഘോഷിക്കുകയും, തലസ്ഥാന നഗരി ആഘോഷത്തിമിർപ്പിൽ ആറാടുകയും ചെയ്തപ്പോഴും നിലനിൽപ്പിനായുള്ള നിൽപ് തുടരുകയായിരുന്നു ആദിവാസികൾ. അവരവിടെ ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിച്ചില്ല, അതില്ലാതെ തന്നെ അവരുടെ സമരത്തിന്റെ തീവ്രത ആ നിൽപ്പിലൂടെ പ്രകടമായിരുന്നു. സമരത്തിന് മുന്നിലൂടെ കടന്ന് പോകുന്ന ആർക്കും അവരെ അവഗണിക്കാനാകുമായിരുന്നില്ല.

'ആദിവാസികൾക്ക് സ്വസ്ഥവും സുരക്ഷിതവുമായി ജീവിക്കാൻ സാധിക്കുന്നതുവരെ പ്രക്ഷോഭമല്ലാതെ വഴിയില്ല. കുടിൽകെട്ടി സമരം തീർക്കാൻ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും അദ്ദേഹത്തിന്റെ സർക്കാരും നൽകിയ വാക്കുകൾ പാലിക്കണം. ആ വാഗ്ദാന ലംഘനം ചൂണ്ടിക്കാട്ടി നടത്തിയ മുത്തങ്ങ സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതോടെ ജീവിതം നഷ്ടപ്പെട്ടവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്കും നഷ്ടപരിഹാരം നൽകണം. 'എന്നായിരുന്നു ആദിവാസി ഗോത്രമഹാസഭ കോ ഓർഡിനേറ്റർ എം ഗീതാനന്ദൻറെ വാക്കുകൾ. നഷ്ടങ്ങളുടെ കണക്കും ആവശ്യപ്പെടുന്ന നഷ്ടപരിഹാരവും അറിയിക്കാൻ നേരത്തേ സർക്കാർ ആദിവാസികളോട് ആവശ്യപ്പെട്ടിരുന്നു. ഉടുതുണിയൊഴികെ അവശേഷിച്ചിരുന്ന വസ്ത്രങ്ങളും കൃഷിയും ജീവനു തുല്യമായി കരുതുന്ന പണിയായുധങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും മുതൽ അടുക്കളയിലെ മൺകലത്തിന്റെ മൂലയിൽ അവശേഷിച്ചിരുന്ന അരിയും വരെ നശിപ്പിച്ചാണ് 2003ലെ മുത്തങ്ങാ സമരത്തെ പോലീസ് ഇല്ലാതാക്കിയത്.

ആദിവാസി ഊരുഭൂമി സംരക്ഷിക്കാൻ പട്ടിക വർഗ്ഗ മേഖല പ്രഖ്യാപിക്കുക-ആദിവാസി ഗ്രാമസഭകൾ യാഥാർത്ഥ്യമാക്കുക എന്നതു തന്നെയായിരുന്നു നിൽപ് സമരത്തിന്റെ ഒന്നാമത്തെ ആവശ്യം. ഇതുൾപ്പെടെ ഒമ്പത് ആവശ്യങ്ങളും ആ ആവശ്യങ്ങളിലേക്ക് എത്തിച്ച സാഹചര്യങ്ങളും വിശദീകരിച്ച് സർക്കാരിനു കത്ത് നൽകിയിരുന്നു. കത്തിനെ അവ​ഗണിക്കാനായിരുന്നു സർക്കാരിന്റെ ആദ്യ ശ്രമങ്ങൾ.എന്നാൽ അതത്ര എളുപ്പമല്ലെന്നു മനസിലായപ്പോൾ അന്നത്തെ ആദിവാസി ക്ഷേമ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി സമരക്കാരെ ചർച്ചയ്ക്കു വിളിച്ചു, എന്നാൽ ഈ ചർച്ചയിൽ കാര്യങ്ങൾ ഒത്തുതീർപ്പാവാതെ വന്നതോടെ, മുഖ്യമന്ത്രിതന്നെ നേരിട്ട് ചർച്ച നടത്തുകയായിരുന്നു. അതിനു തുടർച്ചയായാണ് വിഷയം മന്ത്രിസഭാ യോഗത്തിലെത്തിയത്.

സംഭവത്തിൽ മാർഗ്ഗരേഖ തയ്യാറാക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ സമരം നിർത്തണം എന്ന മട്ടിൽ ഒരു പത്രക്കുറിപ്പ് വഴി ജയലക്ഷ്മി സമരക്കാരോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വിജയം വരെയാണു സമരം എന്നും ഇത് വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി മാത്രമാണെന്നുമാണ് മഹാസഭ നിലപാടെടുത്തു. സുബ്രതോ ബിശ്വാസ് ആദിവാസി, ഗോത്രമഹാസഭ നേതാക്കൾക്ക് പറയാനുള്ളത് കേൾക്കുകയും മാർഗ്ഗനിർദേശ രേഖയിൽ ഉൾപ്പെടുത്താനായി പറഞ്ഞ കാര്യങ്ങൾ എഴുതി വാങ്ങുകയും ചെയ്തിരുന്നു. 1996ലെ പഞ്ചായത്ത് രാജ് വ്യവസ്ഥകൾ പട്ടിക വർഗ മേഖലകളിലേക്ക് വ്യാപിപ്പിക്കൽ നിയമമാണ് ആദിവാസി ഗ്രാമസഭകൾ കൊണ്ടുവരാൻ നടപ്പാക്കേണ്ടത്. 2006ലെ വനാവകാശം അംഗീകരിക്കൽ നിയമപ്രകാരം ആദിവാസി ഊരുകളെ പ്രത്യേക ഗ്രാമസഭകളായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാൻ ഭരണഘടനയുടെ പ്രത്യേക നിയമം നിർമിക്കുകതന്നെ വേണം എന്നാണ് ആദിവാസികൾ ആവശ്യപ്പെട്ടിരുന്നത്.

2001ലെ കുടിൽകെട്ടി സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥകളിൽ അതുമുണ്ടായിരുന്നു. പക്ഷേ, നടപ്പായില്ലെന്നു മാത്രം. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുത്തു നൽകുക, ആദിവാസി പുനരധിവാസം ഒരു മിഷൻ മാതൃകയിൽ നടപ്പാക്കുക, ആദിവാസി കരാർ നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക, ശിശുമരണങ്ങളും പട്ടിണി മരണങ്ങളും ദുരന്തഭൂമി ആക്കി മാറ്റിയിരിക്കുന്ന അട്ടപ്പാടിയിലെ ആദിവാസികളെ രക്ഷിക്കുക, സ്വകാര്യവൽകരണം അവസാനിപ്പിക്കുകയും കേന്ദ്ര സർക്കാർ നൽകി വനഭൂമി ആദിവാസികൾക്കു പതിച്ചു നൽകുകയും ചെയ്യുക, മുത്തങ്ങയിലെ ആദിവാസികളോട് നീതി പുലർത്തുക, ദുർബല വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിനു പ്രത്യേക പാക്കേജുകൾ ഉണ്ടാക്കുക, മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ ആദിവാസികൾക്കു നേരേ പോലീസ് നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നിവയായിരുന്നു നിൽപ് സമരത്തിന്റെ ആവശ്യങ്ങൾ. 2001ലെ സമരം അവസാനിപ്പിക്കുമ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കുക എന്നതായിരുന്നു മിക്ക ആവശ്യങ്ങളുടെയും അടിസ്ഥാനം. അതുകൊണ്ടുതന്നെ അവയൊന്നും സർക്കാരിനോ കേരള സമൂഹത്തിനോ പുതിയതായിരുന്നില്ല താനും. പക്ഷേ, പാലിക്കപ്പെടാത്ത ഉറപ്പുകളും വാക്കുകളും ഏറ്റവും അടിസ്ഥാന വർഗ്ഗത്തെ സ്വസ്ഥമായൊന്ന് ഇരിക്കാൻ പോലും അനുവദിക്കാതെ പിന്തുടർന്നിരുന്നു.

നിൽപ് സമരം തീർക്കാൻ വിളിച്ച ചർച്ചയ്ക്കിടെ ആദിവാസി നേതാക്കളോടു മുഖ്യമന്ത്രി ചോദിച്ചു: എപ്പോഴെങ്കിലും നിങ്ങളെ കാണാതെ ഞാൻ ഒഴിഞ്ഞുമാറിയിട്ടുണ്ടോ? ' കണ്ടാൽ മാത്രം പോരല്ലോ സർ, പ്രശ്‌നപരിഹാരം വേണ്ടേ?' എന്നായിരുന്നു അതിനുള്ള അവരുടെ മറുപടി. പാർലമെന്റ് പാസാക്കിയ വനാവകാശ നിയമം ദേശീയതലത്തിൽ ആദിവാസികൾ നേടിയ മികച്ച വിജയമായിരുന്നു. വനേതര ആവശ്യങ്ങൾക്ക് വനം ഉപയോഗിക്കരുത് എന്ന സുപ്രീംകോടതി നിർദേശത്തിന്റെ ചുവടുപിടിച്ച് രാജ്യവ്യാപകമായി ആദിവാസികൾ കുടിയിറക്കപ്പെട്ടതിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങളുടെ ഫലമായിരുന്നു ആ നിയമം. ആദിവാസികൾക്ക് വനത്തിൽ അവകാശമുണ്ടെന്ന് അംഗീകരിക്കപ്പെട്ടു. വന സംരക്ഷണത്തിൽ ആദിവാസികളുടെ പ്രാദേശിക പങ്കാളിത്തവും ഉറപ്പായി. എന്നാൽ നിയമം നടപ്പാക്കൽ കൈവശ ഭൂമിക്ക് പട്ടയം നൽകൽ മാത്രമായി ചുരുങ്ങുന്നതാണു കേരളത്തിൽ കണ്ടത്.

പിന്നീട്, മേധാ പട്കറുടെ സാന്നിധ്യത്തിൽ മന്ത്രിമാരായ എ.പി. അനിൽകുമാറും പി.കെ. ജയലക്ഷ്മിയും ആദിവാസി ഗോത്രമഹാസഭാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പാക്കാനുള്ള സാധ്യതകൾ തെളിഞ്ഞത്. അന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മേധ പട്കർ ചർച്ച നടത്തിയിരുന്നു. വിവിധ തലങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ചകളുടെ അവസാനം, മന്ത്രിസഭയുടെ തീരുമാനം അംഗീകരിച്ചുകൊണ്ട് 162 ദിവസം തുടർച്ചയായി നടന്ന അനിശ്ചിതകാല നിൽപ്പ് സമരം 2014 ഡിസംബർ 8-ന് രാവിലെ അവസാനിപ്പിച്ചു.

എന്നാൽ 2014ൽ നിന്ന് 2025ലേക്ക് എത്തിനില്‍ക്കുമ്പോഴും കേരളത്തിലെ ഒരു ജനവിഭാഗം ആവശ്യപ്പെട്ട പല പ്രശ്നങ്ങള്‍ക്കും ഇനിയും പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നിലമ്പൂരില്‍ ഇന്നും ഭൂമിക്ക് വേണ്ടി ആദിവാസി സമൂഹം സമരത്തില്‍ തന്നെയാണ്. ഇന്നും ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പരിഹാരമായിട്ടില്ല എന്നതിന് തെളിവണ് റിപ്പോർട്ടർ ടിവി ഉന്നതിയിലെ ജീവിതങ്ങൾ എന്ന ലൈവത്തോണിലൂടെ സമൂഹത്തോട് വിളിച്ചു പറഞ്ഞത്. ആദിവാസി മേഖലയിലെ ആളുകൾ ഇന്നും പേറുന്ന ദുരിതങ്ങൾ തുറന്നു കാട്ടാനും, സർക്കാരിന്റെ കണ്ണുതുറപ്പിക്കാനും ലൈവത്തോണിലൂടെ റിപ്പോര്‍ട്ടര്‍ ശ്രമിച്ചിരുന്നു.

1985ൽ സൈലന്റ്‌വാലി ഉദ്ഘാടനത്തിനെത്തിയ രാജീവ് ഗാന്ധി പറഞ്ഞ ഒരു വാചകമുണ്ട്. ആദിവാസി വികസനത്തിനായി ഒരു രൂപ മുകളിലേക്കിട്ടാൽ താഴേക്ക് വീഴുക 15 പൈസ മാത്രമായിരിക്കുമെന്ന്. കോടിക്കണക്കിന് രൂപയാണ് ആദിവാസിക്ഷേമത്തിനായി പ്രഖ്യാപിക്കപ്പെടാറുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഇന്നും അവരുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി ഇത്രമാത്രമാണ്, ആ പ്രഖ്യാപനങ്ങളില്‍ പലതും ഇന്നും കടലാസില്‍ ഉറങ്ങുന്നു. മറ്റൊന്ന്, പലതും അവരിലെത്തുന്നില്ല എന്നുള്ളതാണ്. അതെവിടെ തടഞ്ഞുകിടക്കുന്നു അല്ലെങ്കില്‍ വഴിമാറിപ്പോകുന്നു എന്ന് കണ്ടെത്തേണ്ടത് ഭരണകൂടമാണ്.

Content Highlight; 11 Years of Adivasi Nilpu Samaram: Kerala Land Right strike in Thiruvananthapuram

dot image
To advertise here,contact us
dot image