
മൂന്ന് വർഷം മുമ്പാണ്. 2022 നവംബർ 22. റോഡ്രിഗോ ഡീ പോളിനെ വെട്ടിയൊഴിഞ്ഞ് ലിയാൻട്രോ പരേഡസിനെ നിരായുധനാക്കി ലുസൈലിൽ സാലിം അൽ ദൗസരിയുടെ വലങ്കാലിൽ നിന്ന് ആ വെടിയുണ്ട പാഞ്ഞ നിമിഷം. സർവശക്തിയുമെടുത്ത് ചാടി ഉയർന്നിട്ടും എമിലിയാനോ മാർട്ടിനസിന്റെ കൈകൾക്ക് പിടികൊടുക്കാതെ പന്ത് ഗോൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് പറന്നിറങ്ങി. ലുസൈലിലെ അവസാന വിസിലിന് ശേഷം നിസ്സഹായനായി മൈതാനത്ത് നിൽക്കുന്ന അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിയെ കാണാമായിരുന്നു.
സൗദി ഫുട്‌ബോളിൽ അത്ഭുതങ്ങളുടെ സ്റ്റാർട്ടിങ് വിസിലായിരുന്നു അത്. ഇന്ന് ഫ്‌ളോറിഡയിൽ സാക്ഷാൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ തരിപ്പണമാക്കി അൽഹിലാൽ അത്ഭുതങ്ങൾ ആവർത്തിക്കുമ്പോൾ ക്യാപ്റ്റൻ ദൗസരി മൈതാനത്തുണ്ടായിരുന്നില്ല. എന്നാൽ സിമോൺ ഇൻസാഗിയെന്ന ചാണക്യൻ ഡഗ്ഗൗട്ടിന് മുന്നിലുണ്ടായിരുന്നു. വിൻ പ്രെഡിക്ടറിൽ ഒരു സാധ്യതയും കൽപ്പിക്കപ്പെടാതിരുന്ന അൽ ഹിലാൽ വിജയതീരമണയുമ്പോൾ അയാളുടെ മുഖത്ത് നിഗൂഢമായൊരു പുഞ്ചിരി വിടർന്നു. പെപ് ഗാർഡിയോളയപ്പോൾ റഫറിയോട് കയർക്കുകയായിരുന്നു.
69 ശതമാനം ബോൾ പൊസിഷൻ, 14 ഓൺ ടാർജറ്റ് ഷോട്ടുകൾ, 19 കോർണറുകൾ. കളിയിലെ കണക്കുകളിൽ ഒരിക്കൽ പോലും തോറ്റു പോവാതിരുന്ന പെപ്പിന്റെ കുട്ടികൾ കാംപിങ് വേൾഡ് സ്റ്റേഡിയത്തിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ കളിയിൽ തോറ്റു പോയിരുന്നു. ബ്രസീലിയൻ വണ്ടറുകൾ തുടരുന്ന ക്ലബ്ബ് ലോകകപ്പിൽ ബ്രസീലിയൻ ടച്ചുള്ള മറ്റൊരത്ഭുതം. മാർക്കോസ് ലിയനാർഡോ എന്ന 22 കാരൻ പയ്യനാണ് ഇന്ന് സിമോൺ ഇൻസാഗിയുടെ സംഘത്തിന്റെ മുന്നേറ്റങ്ങളുടെ ബാറ്റൺ കയ്യിലേന്തിയത്. പെപ്പിന്റെ ഇടനെഞ്ചിലേക്ക് ആദ്യത്തേയും അവസാനത്തേയും വെടിപൊട്ടിച്ചത് അയാളാണ്. ഒടുക്കം യാസീൻ ബോനോയുടെ കോട്ടക്ക് മുന്നിൽ സിറ്റി വിയർത്തൊലിച്ച് വീണു.
ഒമ്പതാം മിനിറ്റിൽ ബെർണാർഡോ സിൽവ വലകുലുക്കുമ്പോൾ തന്നെ മൈതാനത്തിന് ചൂടുപിടിച്ച് തുടങ്ങിയിട്ടുണ്ട്. വലയിലെത്തും മുമ്പ് റയാൻ നൗറിയുടെയും ഇൽകേ ഗുന്ദോഗന്റേയും കയ്യിൽ പന്ത് കൊണ്ടിട്ടുണ്ടെന്ന് വാദിച്ച് അൽ ഹിലാൽ താരങ്ങൾ റഫറിയെ വളഞ്ഞു. വാർ പരിശോധനക്ക് ശേഷവും റഫറി തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. രണ്ട് താരങ്ങളുടേയും കൈകൾ നാച്ചുറൽ പൊസിഷനിലായിരുന്നു എന്നതായിരുന്നു റഫറി ഗോളനുവദിക്കാന്‍ കാരണമായിപ്പറഞ്ഞത്. സെന്റർ സർക്കിളിൽ പന്തെത്തുമ്പോഴും കളി പുനരാംഭിക്കാൻ വിസമ്മതിച്ച് സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിലേക്ക് വിരൽ ചൂണ്ടി അൽ ഹിലാൽ താരങ്ങൾ റഫറിയോട് കയർത്ത് കൊണ്ടിരുന്നു.
രണ്ടാം പകുതിയാരംഭിച്ച് 41 സെക്കന്റിനുള്ളിൽ അൽഹിലാലിന്റെ മറുപടിയെത്തി. ജാവോ കാൻസലോയുടെ ക്രോസ് തടഞ്ഞിട്ട എഡേഴ്സന് പക്ഷെ സ്വന്തം നാട്ടുകാരനായ ലിയനാർഡോക്ക് മുന്നിൽ കണക്കു കൂട്ടലുകളെല്ലാം പിഴച്ചു. ഗോൾ മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ റീ ബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ലിയനാർഡോ ഗോൾ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തിരിച്ചു. ഫ്ലോറിഡയിൽ ആ അത്ഭുത്തിന്റെ ആദ്യ സൈറൺ മുഴങ്ങി.
ആറ് മിനിറ്റിനുള്ളിൽ ഇൻസാഗിയുടെ കുട്ടികൾ കളിയിൽ ലീഡെടുത്തു. ഇക്കുറി മറ്റൊരു ബ്രസീലിയന്റെ അതിശയ വേഗത്തിന് മുന്നിൽ വീണു പോവാനായിരുന്നു എഡേഴ്സന്റെ വിധി. ജാവോ കാൻസലോ നീട്ടിയ ത്രൂ ബോൾ പിടിച്ചെടുത്ത് സ്വന്തം ഹാഫിൽ നിന്ന് എതിർ ഗോൾമുഖത്തേക്ക് കുതിച്ച മാൽക്കത്തെ തടയാൻ രണ്ട് സിറ്റി താരങ്ങൾ പുറകേ കൂടി. എന്നാൽ അയാളപ്പോഴേക്കും മിന്നൽ വേഗം കൈവരിച്ചിരുന്നു. തന്റെ മുന്നിലേക്ക് കുതിച്ച എഡേഴ്‌സനെ നിരായുധനാക്കി മാൽക്കം നിറയൊഴിച്ചു. മൂന്ന് മിനിറ്റിനകം എർലിങ് ഹാളണ്ടിന്റെ മറുപടി.
55ാം മിനിറ്റിൽ സിറ്റിക്ക് അനുകൂലമായി ലഭിച്ച കോർണറാണ് ആ ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതി 10 മിനിറ്റ് പിന്നിടുമ്പോഴേക്കും മൂന്ന് ഗോളുകളാണ് സ്‌കോർബോർഡിൽ തെളിഞ്ഞത്. സിറ്റി കളത്തിൽ നിറഞ്ഞ് തുടങ്ങിയ നിമിഷങ്ങൾ. എന്നാൽ അഞ്ച് ഡിഫന്റർമാരെ അണി നിരത്തി ഇൻസാഗി പണിതുയർത്തിയ കോട്ട അത്ര വേഗത്തിൽ പൊളിയുന്നതായിരുന്നില്ല. പ്രത്യേകിച്ച് മോറോക്കോയുടെ ലോകകപ്പ് ഹീറോ യാസീൻ ബോനോ എന്ന അതികായൻ ചിറകുവിടർത്തി നിൽക്കുമ്പോൾ.
എക്സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഹിലാൽ ലീഡെടുത്തു. റൂബൻ നേവസിന്റെ കോർണറിന് തലവച്ച് കോലിബാലിയുടെ പ്രഹരം. എഡേഴ്സൺ നിനച്ചിരിക്കാത്ത നേരത്താണാ പന്ത് വലയിൽ കയറിയത്. 100 ാം മിനിറ്റിൽ റോഡ്രിയെ പിൻവലിച്ച പെപ്പ് ഫിൽ ഫോഡനെ കളത്തിലിറക്കി. കളത്തിലിറങ്ങി മൂന്ന് മിനിറ്റിനകം ഫോഡൻ വലകുലുക്കി. അബ്സല്യൂട്ട് ഡ്രാമ. പെപ്പിന്റെ പുതിയ പടക്കുതിര റ്യാൻ ചെർക്കിയുടെ മനോഹര അസിസ്റ്റാണാ ഗോളിന് വഴിയൊരുക്കിയത്. ഒരൽപ്പം നേരത്തേ ഫോഡനെ കളത്തിലിറക്കണമായിരുന്നു എന്ന് പെപ്പ് തിരിച്ചറിയുന്നത് പിന്നീടാണ്. ഹിലാൽ വലയിൽ മൂന്നാം ഗോൾ വീണപ്പോൾ അയാളുടെ മുഖത്ത് വിടർന്ന ആശ്വാസത്തിന്റെ ചിരിക്ക് അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ.
112ാം മിനിറ്റിൽ ലിയനാർഡോ വീണ്ടും അവതരിച്ചു. ഇക്കുറി എഡേഴ്സൻ നിസഹായനായിരുന്നു. മിലിൻകോവിച്ചിന്റെ തലയിൽ നിന്ന് വലയിലേക്ക് പാഞ്ഞെത്തിയ പന്തിനെ അതിശയകരമായി അയാൾ തട്ടിയകറ്റുമ്പോൾ ആരും മാർക്ക് ചെയ്യാനില്ലാതെ പോസ്റ്റിന്റെ ഇടതുമൂലയിൽ നിൽപ്പുണ്ടായിരുന്നു ലിയനാർഡോ. അയാളാ പന്തിനെ അനായാസം വലയിലടിച്ച് കയറ്റി. ഇൻസാഗി സ്വയം മറന്ന് തുള്ളിച്ചാടി. ഒടുവിൽ ഫ്ലോറിഡയിൽ ഫൈനൽ വിസിൽ മുഴങ്ങി. 2025 ൽ പെപ്പ് ഗാർഡിയോളയുടെ ഷെൽഫ് ഒഴിഞ്ഞു കിടക്കുമെന്ന് ആ വിസിൽ സിറ്റി ആരാധകരോട് വിളിച്ച് പറഞ്ഞു.
എണ്ണം പറഞ്ഞ പത്ത് സേവുകൾ. യാസീൻ ബോനോയില്ലായിരുന്നെങ്കിൽ ആ കളിയുടെ വിധി മറ്റൊന്നായേനെ എന്ന് പെപ് ഗാർഡിയോളയുടെ മനസ് മന്ത്രിച്ചിട്ടുണ്ടാവും. കളിക്ക് ശേഷം ഇൻസാഗിയൊരുക്കിയ കെണിയെക്കുറിച്ച് പറയുമ്പോൾ ബോനോയുടെ പേര് അയാൾ എടുത്ത് പറയാൻ മറന്നില്ല.
ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ പിഎസ്ജിയോട് തകർന്നടിഞ്ഞ് നാല് ദിവസത്തിനുള്ളിൽ അൽ ഹിലാലിന്റെ പരിശീലക ചുമതലയേറ്റെടുത്ത ഇൻസാഗി തീർത്തും അപരിചിതമായ ഒരു മണ്ണിൽ തന്റെ പ്ലാനുകൾ നടപ്പിലാക്കാന്‍ രണ്ടാഴ്ച തികച്ചെടുത്തിട്ടില്ല. ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ റയലിനെ സമനിലയിൽ കുരുക്കുമ്പോൾ ബാക്ക് ലൈനിൽ അഞ്ചാളുകളെയാണ് അയാൾ നിരത്തി നിർത്തിയത്. ഇന്ന് സിറ്റിക്കെതിരെയും അയാൾ അതേ ഡിഫൻസ് പ്ലാൻ വിജയകരമായി നടപ്പിലാക്കി. ക്യാപ്റ്റൻ സാലിം അൽ ദൗസരിയും നമ്പർ 9 അല്കാസണ്ടർ മിത്രോവിച്ചും ഇല്ലാതെയാണ് പെപ്പിന്റെ സംഘത്തെ ഇൻസാഗി മുട്ടുകുത്തിച്ചത് എന്ന് കൂടെയോർക്കണം. എട്ട് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗുമൊക്കെ ഷെൽഫിലുള്ള സിറ്റിയുടെ വലിപ്പം ഇൻസാഗിക്ക് അറിയാഞ്ഞിട്ടില്ല. പക്ഷെ കിരീടങ്ങൾ തീർത്ത ആ തലക്കനത്തെ അയാൾ ചോദ്യം ചെയ്യാൻ തന്നെ തീരുമാനിച്ചു. ഒടുവിൽ ഒരു ഏഷ്യൻ സംഘത്തെക്കൊണ്ട് അയാൾ അമേരിക്കൻ മണ്ണില് പെപ്പിന്റെ കണ്ണീരു വീഴ്ത്തി.
രൂപവും ഭാവവും മാറി വന്ന ക്ലബ്ബ് ലോകകപ്പ് ആരാധകർക്കായി കരുതി വച്ചിരിക്കുന്ന അത്ഭുതങ്ങളെന്തൊക്കെയായിരിക്കും? ടൂർണമെന്റ് ആരംഭിക്കും മുമ്പ് പലരും ഈ ചോദ്യം ഉയർത്തിയിട്ടുണ്ട്. യൂറോപ്പ്യൻ ഫുട്ബോളിന്റെ അപ്രമാധിത്വത്തെ പല വൻകരകളും ചോദ്യം ചെയ്ത് തുടങ്ങിയിരിക്കുന്നു എന്നതാണതിനുള്ള മറുപടി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പല യൂറോപ്പ്യൻ ജയന്‍റ്സും നാട്ടിലേക്ക് വണ്ടി കയറിയിട്ടുണ്ട്. അക്കൂട്ടത്തിൽ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് റണ്ണറപ്പുകളായ അത്ലറ്റിക്കോ മാഡ്രിഡ് വരെയുണ്ടായിരുന്നു. നാല് ലാറ്റിനമേരിക്കൻ ക്ലബ്ബുകളും ഒരു ഏഷ്യൻ സംഘവും നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്തു. ഈ ആവേശമൊക്കെ പ്രീക്വാർട്ടറിൽ തീരുമെന്ന് പലരും പരിഹാസ സ്വരത്തിൽ പറഞ്ഞതാണ്. ഇപ്പോഴിതാ പാമിറാസും ഫ്ലുമിനെൻസും അൽ ഹിലാലും ക്വാർട്ടറിൽ പ്രവേശിക്കുന്നു. രണ്ട് മുൻ യൂറോപ്പ്യൻ ചാമ്പ്യന്മാർ പാതിവഴിയിൽ വീണുടഞ്ഞ സ്വപ്നങ്ങളുമായി മടങ്ങുന്നു. അത്ഭുതങ്ങൾ ഇനിയും കാത്തിരിപ്പുണ്ട്. ക്ലബ്ബ് ലോകകപ്പ് യൂറോപ്പിലേക്ക് പറക്കുമെന്ന് അത്രയുറപ്പിൽ ഇനി പറയാനാവുമോ നമുക്ക്…