
ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ടീമായ മുംബൈ വിടുന്നത് ഈ ദിവസം ഏറെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2022-ൽ ദുലീപ് ട്രോഫി ക്രിക്കറ്റിൽ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ മുംബൈ നായകനായ രഹാനെയും ജയ്‌സ്വാളും തമ്മിൽ ഉണ്ടായ അസ്വാരസ്യങ്ങളും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണ് ജയ്സ്വാളിന്റെ ഇപ്പോഴത്തെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന റിപ്പോർട്ടുകളും അതിനു ശേഷം പുറത്തുവരികയുണ്ടായി. ഈ സംഭവത്തിന് ശേഷം ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഒരിക്കൽ രഞ്ജി ട്രോഫി മത്സരത്തിനിടെ ജയ്സ്വാളിന്റെ ബാറ്റിങ്ങിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടിയ മുംബൈ ടീം ക്യാപ്റ്റൻ രഹാനെയുടെ കിറ്റ്ബാഗ് താരം തൊഴിച്ചെറിഞ്ഞതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
2022 ലായിരുന്നു വിവാദങ്ങൾക്കാസ്പദമായ മത്സരം നടന്നത്. അന്നത്തെ ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സരത്തിലാണ് സംഭവം അരങ്ങേറിയത്. മത്സരത്തിൽ രഹാനെ നയിച്ച വെസ്റ്റ് സോണ്‍ ടീമാണ് കിരീടം നേടിയത്. ദേശീയ ടീമിലെ തന്റെ മുന്‍ സഹതാരം കൂടിയായ ഹനുമാ വിഹാരി നയിച്ച സൗത്ത് സോണിനെ തകര്‍ത്താണ് രഹാനെയും സംഘവും ജേതാക്കളായത്. ടീമിനെ ചാംപ്യന്മാരാക്കിയതിന്റെ പേരിലല്ല രഹാനെ അന്ന് കൂടുതലും കൈയടി നേടിയത്. മറിച്ച് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത തരത്തില്‍ മോശമായി പെരുമാറിയ സ്വന്തം ടീമംഗത്തെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയതായിരുന്നു ഇതിനു കാരണം. മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പി കൂടിയായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനോടാണ് അന്ന് രഹാനെ ഗെറ്റൗട്ട് പറഞ്ഞത്.
മത്സരത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനം സൗത്ത് സോണ്‍ ടീം റൺ ചേസ് നടത്തവെയായിരുന്നു ഗ്രൗണ്ടില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. മധ്യനിര ബാറ്റര്‍ രവി തേജ ബാറ്റ് ചെയ്യവെ ക്ലോസ് ഫീല്‍ഡറായാണ് യശസ്വി ജയ്‌സ്വാളിനെ അജിങ്ക്യ രഹാനെ നിര്‍ത്തിയത്. എന്നാല്‍ തേജയെ നിരന്തരം സ്ലെഡ്ജ് ചെയ്ത് ജയ്‌സ്വാള്‍ പ്രകോപിപ്പിക്കുകയായിരുന്നു. ഒടുവില്‍ അംപയറോടു തേജ ഇതേക്കുറിച്ച് പറയുകയും ചെയ്തു. 50ാം ഓവറിനിടെയായിരുന്നു ഇത്. തുടര്‍ന്നു അജിങ്ക്യ രഹാനെ ജയ്‌സ്വാളിനോടു സംസാരിക്കുകയും ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പക്ഷെ യശസ്വി ജയ്‌സ്വാള്‍ ഇതുകൊണ്ടും രവി തേജയെ സ്ലെഡ്ജ് ചെയ്യുന്നത് മതിയാക്കിയില്ല. ഒടുവില്‍ 57ാം ഓവറില്‍ അജിങ്ക്യ രഹാനെയ്ക്കു ശക്തമായ നടപടിയും സ്വീകരിക്കേണ്ടി വന്നു. ജയ്‌സ്വാളിനെ രഹാനെ അടുത്തേക്ക് വിളിക്കുകയും ശാസിക്കുകയും ചെയ്തു. പക്ഷെ ഇതിനിടെ ക്രീസിലുണ്ടായിരുന്ന രവി തേജയ്ക്കു നേരെ ജയ്‌സ്വാള്‍ വിരല്‍ ചൂണ്ടുകയും മോശമായി എന്തോ സംസാരിക്കുകയും ചെയ്തു. തേജയ്ക്കു നേരെ നടന്നടുക്കാന്‍ ശ്രമിച്ച ജയ്‌സ്വാളിനെ രഹാനെ തടഞ്ഞു നിര്‍ത്തുകയും ഗ്രൗണ്ടില്‍ നിന്നും പുറത്തു പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ടീമംഗമായ ശ്രേയസ് അയ്യരോടും ജയ്‌സ്വാളിന്റെ പെരുമാറ്റത്തില്‍ രഹാനെ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് സംസാരിച്ചു.
ജയ്‌സ്വാളിനെ പുറത്താക്കാനുള്ള കാരണം മത്സരശേഷം രഹാനെ അന്ന് വിശദീകരിച്ചതിങ്ങനെയായിരുന്നു, എല്ലായ്‌പ്പോഴും എതിരാളികളെ ബഹുമാനിക്കണമെന്നുള്ളതാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. എതിരാളികളെ മാത്രമല്ല, അപംയര്‍മാര്‍ക്കും മാച്ച് ഒഫിഷ്യല്‍സും ബഹുമാനം അര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ ഗ്രൗണ്ടിലുള്ള പെരുമാറ്റവും മികച്ചതായിരിക്കണം.
യശസ്വി ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയതോടെ വെസ്റ്റ് സോണ്‍ അന്ന് 10 ഫീല്‍ഡര്‍മാരായി കുറയുകയും ചെയ്തിരുന്നു. പക്ഷെ ജയ്‌സ്വാളിന്റെ പകരക്കാരനെ ഇറക്കാതെയാണ് തുടര്‍ന്നുള്ള മല്‍സരം വെസ്റ്റ് സോണ്‍ പൂര്‍ത്തിയാക്കിയത്. ക്യാപ്റ്റന്റെ ഉപദേശിനു തെല്ലും വില നല്‍കാതെ മോശമായി പെരുമാറിയ യശസ്വി ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കിയ അജിങ്ക്യ രഹാനെയുടെ തീരുമാനത്തെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അന്ന് പ്രശംസിച്ച് രംഗത്തെത്തിയത്.
അന്നത്തെ മത്സരത്തിൽ മോശം പെരുമാറ്റത്തിന്റെ പേരില്‍ ശിക്ഷയും വിമര്‍ശനവുമെല്ലാം നേരിട്ടെങ്കിലും വെസ്റ്റ് സോണ്‍ 294 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പി ജയസ്വി ജയ്‌സ്വാളായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ജയ്സ്വാൾ അടിച്ചെടുത്ത 265 റണ്‍സാണ് ടീമിനു മിന്നുന്ന വിജയമൊരുക്കിയത്. അന്ന് 323 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ 30 ബൗണ്ടറികളും നാലു സിക്‌സറുമടിച്ചു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ ഇടംകൈയന്‍ ഓപ്പണറായിരുന്നു.
content highlights: Ajinkya rahane and yashasvi jaiswal fight history