

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് ആവേശത്തുടക്കം. അഞ്ച് ഗോളുകൾ പിറന്ന ഉദ്ഘാടന മത്സരത്തിൽ സ്പോർട്ടിംഗ് ക്ലബ് ഡൽഹിയെ 3-2 ന് തോൽപ്പിച്ച് ബെംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് (ISL) ഗംഭീര തിരിച്ചുവരവ് നടത്തി. അനിശ്ചിതത്വങ്ങൾ നിറഞ്ഞ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് എന്താണ് നഷ്ടമായതെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു ബെംഗളൂരു എഫ്സിയും സ്പോർട്ടിംഗ് ക്ലബ് ഡൽഹിയും തമ്മിൽ നടന്ന മത്സരം.
ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഒരു ഘട്ടത്തിൽ പുറകിലായിരുന്ന ബെംഗളൂരു, 89-ാം മിനിറ്റിലെ അപ്രതീക്ഷിത ഗോളിലൂടെയാണ് അട്ടിമറി വിജയം സ്വന്തമാക്കിയത്. ബോർജ മാർട്ടിനെസ് രണ്ട് ഗോളുകൾ നേടി. 22-ാം മിനിറ്റിൽ റയാൻ വില്യംസിന്റെ അസിസ്റ്റിൽ നിന്ന് ബോർജ ബെംഗളൂരുവിനായി ആദ്യ ഗോൾ നേടി. എന്നാൽ നാല് മിനിറ്റുകൾക്ക് ശേഷം ലാൽറിൻലിയാന ഹ്നാംതെയുടെ പാസിൽ നിന്ന് റോഡ്രിഗ്വിഞ്ഞോ ഡൽഹിയെ ഒപ്പമെത്തിച്ചു. 32-ാം മിനിറ്റിൽ കോച്ച് വഴങ്ങിയ സെൽഫ് ഗോൾ കാരണം ആദ്യ പകുതി അവസാനിക്കുമ്പോൾ ഡൽഹി 2-1 ന് മുന്നിലായിരുന്നു. ബെംഗളൂരുവിന് ശക്തമായൊരു തിരിച്ചുവരവ് ആവശ്യമായിരുന്ന സമയത്ത്, 75-ാം മിനിറ്റിൽ മിഹൈലോ പെറോവിച്ചിന്റെ അസിസ്റ്റിൽ നിന്ന് ബോർജ വീണ്ടും ഗോൾ നേടി സ്കോർ 2-2 ആക്കി.
മത്സരം സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിരുന്ന സമയത്താണ് 89-ാം മിനിറ്റിൽ കോച്ച് രക്ഷകനായി അവതരിച്ചത്. സോഹം വർഷണെയുടെ അസിസ്റ്റിൽ നിന്ന് ഗോൾ നേടി കോച്ച് ബെംഗളൂരുവിന്റെ തിരിച്ചുവിരവ് പൂർത്തിയാക്കി. ഇൻജുറി ടൈമിൽ ഡൽഹിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും, റിച്ചാർഡ് എൻഡായിഷിമിയെയുടെ ഷോട്ട് തടുത്തിട്ട് ഗുർപ്രീത് സിംഗ് സന്ധു ബെംഗളൂരുവിന്റെ വിജയം ഉറപ്പിച്ചു.
കോച്ച് പെപ് മുനോസിന് ഇത് വിജയകരമായ തുടക്കമായപ്പോൾ, ആദ്യ പകുതിയിൽ മുന്നിലായിരുന്ന മത്സരം എങ്ങനെ കൈവിട്ടുപോയി എന്ന നിരാശയിലായിരുന്നു തോമസ് ടോർസും ഡൽഹി ടീമും. അതേസമയം ആദ്യ ദിനത്തിലെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ് സിയും എഫ് സി ഗോവയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോഗോൾ നേടി.
ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങളെല്ലാം യൂട്യൂബിലൂടെ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. സോണി സ്പോർട്സ് നെറ്റ്‌വർക്കും സോണി ലിവ്വും (SonyLIV) സംപ്രേക്ഷണത്തിന്റെ ഭാഗമാണെങ്കിലും, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ (MIB) നിന്നുള്ള അന്തിമ നിയന്ത്രണ അനുമതികൾ ലഭിക്കാത്തതിനാൽ സോണി സ്പോർട്സിന്റെ ടെലിവിഷൻ സംപ്രേക്ഷണം വൈകിയിരിക്കുകയാണ്.
എങ്കിലും ആദ്യ മത്സരം തന്നെ ഡിജിറ്റൽ സ്ട്രീമിംഗിന്റെ വലിയ സാധ്യതയാണ് കാണിച്ചുതന്നത്. യൂട്യൂബിൽ ആകെ 5 ദശലക്ഷം (50 ലക്ഷം) വ്യൂസ് ഈ മത്സരം നേടി. ഒരു ഘട്ടത്തിൽ ഒരേസമയം കളി തത്സമയം കാണുന്നവരുടെ എണ്ണം 19,000 ആയിരുന്നെങ്കിൽ, മത്സരത്തിന്റെ അവസാനത്തോടെ അത് 73,000 കടന്നു.
Content Highlights: Indian Super League 13th Season Kicks Off With Bengaluru FC Victory In Opening Fixture