

ഒരു മാസത്തിലേറെ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ഫുട്‌ബോൾ ലോകം ഒറ്റ മത്സരത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഞായറാഴ്ച ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥർഫോർഡിൽ വെച്ച് അർധ രാത്രി 12 .30 നാണ് ഫൈനൽ മത്സരം. മെസി- യമാൽ നേർക്കുനേർ വരുന്ന കലാശപ്പോര് എന്ന കൗതുകം കൂടി ഇതിനുണ്ട്.
അതേ സമയം അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന സ്‌പെയ്ൻ ക്യാമ്പില്‍ നിന്ന് ആരാധകരെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്ത്. സ്‌പെയ്നിന്റെ സൂപ്പർ ലാമിന്‍ യമാല്‍ പരിക്കിന്റെ നിഴലിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വെള്ളിയാഴ്ച നടന്ന പ്രധാന ടീം പരിശീലന സെഷനില്‍ യമാല്‍ പങ്കെടുത്തില്ല. ഇടത് തുടയില്‍ വലിയ രീതിയില്‍ സ്ട്രാപ്പിങ് (ബാന്‍ഡേജ്) ധരിച്ച് താരം തനിച്ച് പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സ്പാനിഷ് ആരാധകര്‍ക്കിടയില്‍ ആശങ്ക ശക്തമായത്.
സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരായ വിജയത്തിന് ശേഷം യമാലിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഫ്രാന്‍സുമായുള്ള മത്സരത്തില്‍ സ്‌പെയിനിനായി പെനാല്‍റ്റി നേടിയെടുക്കുന്നതില്‍ യമാല്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍ മത്സരത്തിലുടനീളം ഫ്രഞ്ച് പ്രതിരോധ നിരയില്‍ നിന്ന് കടുത്ത ഫൗളുകളാണ് 18കാരന് നേരിടേണ്ടി വന്നത്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഹാംസ്ട്രിങ് പരിക്കില്‍ നിന്ന് പൂര്‍ണമുക്തി നേടാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ യമാലിന് മുഴുവന്‍ സമയവും കളിക്കാന്‍ സാധിച്ചിരുന്നില്ല.
content highlights: lamine yamal injury update spain camp worried before fifa world cup 2026 final