

ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് മുന്നോടിയായി ലോകകപ്പ് ട്രോഫിക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ. ജൂലൈ 19-ന് ന്യൂജേഴ്സിയില്‍ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇതിന് മുന്നോടിയായാണ് മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ ഇതിഹാസ താരത്തിന്റെ ഫോട്ടോ പോസിങ്.
2002-ല്‍ ബ്രസീലിനൊപ്പം ലോകകപ്പ് കിരീടം ചൂടിയ മുന്‍ താരം, ട്രോഫി കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ എക്‌സിലൂടെ പങ്കുവെച്ചത്. 'ഞാന്‍ ഇത് അവസാനമായി കൈയ്യിലെടുത്തിട്ട് കുറെ നാളായി,' -ചിത്രത്തിനൊപ്പം കുറിച്ചു.
2004, 2005 വര്‍ഷങ്ങളില്‍ ഫിഫയുടെ ലോകത്തെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡീന്യോ, 2002-ല്‍ ബ്രസീലിനൊപ്പം ലോകകപ്പും 2006-ല്‍ ബാഴ്സലോണയ്ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. 1998 മുതല്‍ 2015 വരെയുള്ള തന്റെ കരിയറിന്റെ സുവര്‍ണകാലത്ത് പി.എസ്.ജി, ബാഴ്സലോണ, എ.സി മിലാന്‍ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നിരവധി ക്ലബ്ബ്-വ്യക്തിഗത ബഹുമതികളും അദ്ദേഹം സ്വന്തമാക്കി.
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോ കപ്പ് ജേതാക്കളായ സ്‌പെയിനും തമ്മിലാണ് ഇക്കുറി ഫൈനല്‍ പോരാട്ടം. സെമിഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലില്‍ ഇടം നേടിയത്. 2010-ലെ കിരീടനേട്ടത്തിന് ശേഷം സ്‌പെയിന്‍ ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. യുവതാരം ലമീന്‍ യമാല്‍, മൈക്കല്‍ ഒയര്‍സബാല്‍, പെഡ്രോ പോറോ എന്നിവരുടെ മികവിലാണ് ഫ്രാന്‍സിനെ സ്‌പെയിന്‍ മറികടന്നത്.
മറുഭാഗത്ത്, അറ്റ്‌ലാന്റയില്‍ നടന്ന ആവേശകരമായ സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന ഫൈനലിലെത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പിന്നിലായതിന് ശേഷം എന്‍സോ ഫെര്‍ണാണ്ടസ്, ലൗട്ടാറോ മാര്‍ട്ടിനസ് എന്നിവര്‍ നേടിയ ഗോളുകളിലൂടെ അര്‍ജന്റീന തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഗോളൊന്നും നേടിയില്ലെങ്കിലും അര്‍ജന്റീനയുടെ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് നായകന്‍ ലയണല്‍ മെസ്സിയായിരുന്നു.
content highlights: 'It's been a long time since I held this'; Brazilian legend shares pictures with the World Cup trophy