

ലോകകപ്പ് ഫുട്ബാൾ പ്രീ ക്വാർട്ടറിൽ അർജന്റീനയോട് തോറ്റെങ്കിലും ഈജിപ്ത് ടീം പരിശീലകൻ ഹുസ്സം ഹസ്സന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു. ഫലസ്തീൻ ജനതയോട് അനുകമ്പ കാണിക്കാത്തവർ മനുഷ്യരല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
റൗണ്ട് ഓഫ് 32-ൽ ഓസ്‌ട്രേലിയക്കെതിരായ വിജയത്തിന് പിന്നാലെ ഫലസ്തീൻ പതാക വീശി അദ്ദേഹം വിജയം ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഫലസ്തീൻ വിഷയത്തിൽ നാല് മിനിറ്റോളം നീണ്ട പ്രതികരണം നടത്തിയത്.
വാർത്തസമ്മേളനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ കൈയടിയോടെയാണ് ഈ വാക്കുകളെ സ്വീകരിച്ചത്. 'ഫലസ്തീൻ ജനതയോട് അൽപമെങ്കിലും അനുകമ്പ തോന്നാത്ത ആരെങ്കിലും ലോകത്തുണ്ടെങ്കിൽ, അവർ മനുഷ്യരല്ല. അത് ഇനി അറബിയോ യൂറോപ്യനോ അമേരിക്കക്കാരനോ ആകട്ടെ' ഹസൻ പറഞ്ഞു.
'യൂറോപ്പിലായാലും അമേരിക്കയിലായാലും ലോകത്തെവിടെയെങ്കിലും ഒരു മൃഗത്തെ ഉപദ്രവിച്ചാൽ മൃഗാവകാശ സംരക്ഷണത്തിനായി ലോകം മുഴുവൻ പ്രതികരിക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഒരു മിസൈൽ ആക്രമണത്തിൽ ഒരു ദിവസം രണ്ടോ മൂന്നോ ആയിരം മനുഷ്യർ മരിക്കുന്നു എന്ന് കേൾക്കുന്നത് ഇപ്പോൾ വളരെ സ്വാഭാവികമായ കാര്യമായി മാറിയിരിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 73,066 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ലക്ഷക്കണക്കിന് ആളുകളാണ് വാസസ്ഥലം നഷ്ടപ്പെട്ട് അഭയാർത്ഥികളായി കഴിയുന്നത്.
Content highlight: egyptian coach about palestine issue