

ലോകകപ്പ് ജേതക്കളായ അര്‍ജന്റീനയ്ക്ക് ഭക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിന് വേണ്ടി നാട്ടില്‍നിന്നുവരെ ഭക്ഷണം എത്തിക്കുകയാണ് അര്‍ജന്റീന മാനേജ്‌മെന്റ്. അര്‍ജന്റീന ക്യാമ്പിലേക്ക് ബീഫ് എത്തിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച. 500 കിലോ ബീഫാണ് അര്‍ജന്റീനയില്‍നിന്ന് കന്‍സാസ് സിറ്റിയിലെ അര്‍ജന്റീന ടീമിന്റെ ക്യാമ്പിലേക്ക് എത്തിച്ചത്. നേരത്തെ ഖത്തര്‍ ലോകകപ്പ് സമയത്ത് 1000 കിലോയോളം ബീഫ് ടീം ഖത്തറിലെ ക്യാമ്പിലെത്തിച്ചിരുന്നു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ചാണ് ബീഫ് കയറ്റുമതി ചെയ്തത്.
അര്‍ജന്റീന താരങ്ങളുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് ബീഫ്. അമേരിക്കയിലേക്ക് ഭക്ഷണം എത്തിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. കര്‍ശനമായ കസ്റ്റംസ് പരിശോധനകളെല്ലാം കഴിഞ്ഞുവേണം അമേരിക്കയിലേക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍. ബീഫ് ഗ്രില്‍ ചെയ്താണ് അര്‍ജന്റീന താരങ്ങള്‍ കഴിക്കുന്നത്. മെസ്സിയാണ് പലപ്പോഴും ഇതിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇക്കാര്യം അദ്ദേഹം തന്നെ നേരത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഉള്‍പ്പടെ താരങ്ങള്‍ ഗ്രില്‍ ചെയ്യുന്നതിന് മുന്നോട്ടുവരുന്ന വിഡിയോ വൈറലായിരുന്നു. നാട്ടില്‍നിന്ന് എത്ര ദൂരെയാണെങ്കിലും നാടിന്റെ ടച്ച് വിടാതിരിക്കാനും അര്‍ജന്റീനയിലെ ഭക്ഷണം എത്തിക്കുന്നതിലൂടെ കഴിയുമെന്നാണ് മാനേജ്‌മെന്റിന്റെ വാദം.
അര്‍ജന്റീനിയന്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് ബീഫ് ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ കാര്‍ഷിക സംസ്‌കാരത്തെയും ഇത് വിളിച്ചോതുന്നു. അതിനാല്‍ത്തന്നെ നാട്ടിലെ ബീഫ് തന്നെയാണ് അര്‍ജന്റീന ടീമിന്റെ പ്രധാന തിരഞ്ഞെടുപ്പ്. ടീമിന്റെ വിജയങ്ങളില്‍ ഭക്ഷണത്തിന്റെ പങ്ക് നിര്‍ണായകമാണെന്നാണ് മാനേജ്‌മെന്റിന്റെ കണ്ടെത്തല്‍. മികച്ച ഫിറ്റ്‌നസിനും അത് കാരണമാകുന്നു എന്നാണ് പറയുന്നത്. ഖത്തര്‍ ലോകകപ്പ് ജയത്തില്‍ ബീഫിന്റെ പങ്ക് ചെറുതല്ലെന്നും രസകരമായ രഹസ്യമുണ്ട്.
content highlights: No fitness without beef; Argentina ships 500 kg of beef to their World Cup camp