സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ സൗദി; പണമിടപാടുകൾക്ക് ഇനി കർശന പരിശോധനകൾ

അതിർത്തി കടന്നുള്ള അനധികൃത പണമൊഴുക്ക് തടയുകയാണ് ഈ പുതിയ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം

സാമ്പത്തിക സുരക്ഷ ശക്തമാക്കാൻ സൗദി; പണമിടപാടുകൾക്ക് ഇനി കർശന പരിശോധനകൾ
dot image

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമ വ്യവസ്ഥകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി സൗദി അറേബ്യ. ബാങ്കിങ് മേഖലയ്ക്ക് പുറമെ നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്, സ്വർണം, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ വ്യാപാരത്തെയും ചില നിയമ-അക്കൗണ്ടിങ് പ്രവർത്തനങ്ങളെയും പുതിയ ഭേദഗതിയിലൂടെ നിയമപരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇനിമുതൽ ഇത്തരം സാമ്പത്തിക ഇടപാടുകൾക്ക് മുൻപായി ഉപഭോക്താക്കളുടെ കൃത്യമായ ഐഡന്റിറ്റി പരിശോധന നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം.

അതിർത്തി കടന്നുള്ള അനധികൃത പണമൊഴുക്ക് തടയുകയാണ് ഈ പുതിയ മാറ്റത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ യാത്രക്കാരുടെ പണമിടപാടുകൾക്കും ആസ്തികൾക്കും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമപ്രകാരം സൗദിയിലേക്ക് പ്രവേശിക്കുമ്പോഴോ രാജ്യത്തുനിന്ന് പുറത്തുപോകുമ്പോഴോ 40,000 സൗദി റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണം, വിദേശ കറൻസികൾ, സ്വർണക്കട്ടികൾ, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ അല്ലെങ്കിൽ അവ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ എന്നിവ കൈവശം വെക്കുന്ന യാത്രക്കാർ നിർബന്ധമായും കസ്റ്റംസ് ഡിക്ലറേഷൻ ഫോം വഴി അത് എഴുതി നൽകണം.

യാത്രക്കാർ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ഇത്തരം ആസ്തികൾ പൂർണ്ണമായും പിടിച്ചെടുക്കാൻ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിക്ക് നിയമപരമായ അധികാരം നൽകിയിട്ടുണ്ട്. ആദ്യ തവണ ചട്ടം ലംഘിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യത്തിന്റെ 10 മുതൽ 25 ശതമാനം വരെ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ പിഴ 50 ശതമാനമായി ഉയരും. കള്ളപ്പണ ഇടപാടുകൾ സംശയിക്കുന്ന കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷനിലേക്കും കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Saudi Arabia is strengthening its financial security framework by introducing stricter verification and monitoring measures for financial transactions to prevent fraud and ensure compliance.

dot image
To advertise here,contact us
dot image