ഇനി ചിരിക്കാൻ മാത്രമല്ല പേടിക്കാനും ഉണ്ടാകും; ഭരതനാട്യം 3 പോസ്റ്റർ ഡീകോഡ് ചെയ്ത് പ്രേക്ഷകർ

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് മോഷൻ പോസ്റ്ററിൽ ഒരു ജനലിലൂടെ എന്തോ കണ്ടു പേടിച്ച് നോക്കുന്ന സൈജുവിനെ കാണാനാകും

ഇനി ചിരിക്കാൻ മാത്രമല്ല പേടിക്കാനും ഉണ്ടാകും; ഭരതനാട്യം 3 പോസ്റ്റർ ഡീകോഡ് ചെയ്ത് പ്രേക്ഷകർ
dot image

ഭരതനാട്യത്തിന്റെ മൂന്നാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൃഷ്ണദാസ് മുരളി തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. രാസലീല എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ പോസ്റ്റർ റിലീസിന് പിന്നാലെ ചിത്രം ഹൊറർ കോമഡി ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ അനൗൺസ്‌മെന്റ് മോഷൻ പോസ്റ്ററിൽ ഒരു ജനലിലൂടെ എന്തോ കണ്ടു പേടിച്ച് നോക്കുന്ന സൈജുവിനെ കാണാനാകും. ഇതിന് പിന്നിലായി പാത്രങ്ങളും സ്പൂണുകളുമെല്ലാം വായുവിൽ ഉയർന്നു നിൽക്കുന്നതും കാണാം. ഇതോടെയാണ് മൂന്നാം ഭാഗം ഹൊറർ കോമഡി ആകാമെന്ന നിഗമനത്തിലേക്ക് ആരാധകർ എത്തിയിരിക്കുന്നത്. സൈജു കുറുപ്പ്, സായികുമാര്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2024ലായിരുന്നു കൃഷ്ണദാസ് മുരളി ഭരതനാട്യം ഒരുക്കുന്നത്. കൃഷ്ണദാസ് മുരളിയുടേത് തന്നെയായിരുന്നു ചിത്രത്തിന്റെ കഥ. ഭരതന്‍ നായരുടെയും അയാളുടെ രണ്ട് കുടുംങ്ങളുടെയും കഥയായിരുന്നു ഭരതനാട്യത്തിലൂടെ കൃഷ്ണദാസ് മുരളി പറഞ്ഞത്. ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധ നേടിയില്ല.

ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു മോഹിനിയാട്ടം തിയറ്ററുകളിൽ എത്തിയത്. സൈജു കുറിപ്പിനും കലാരഞ്ജിനിക്കും ഭരതനാട്യത്തിലെ മറ്റ് താരങ്ങൾക്കും പുറമേ ബേബി ജീനും സുരാജ് വെഞ്ഞാറമൂടും കൂടി മോഹിനിയാട്ടത്തിലെത്തിയതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് മാറി. ഡാര്‍ക്ക് കോമഡി ജോണറിലായിരുന്നു ചിത്രം പ്രേക്ഷകരില്‍ എത്തിയത്. ഭരതന്‍ നായരുടെ മരണശേഷം അയാളുടെ രണ്ട് കുടുംബങ്ങളുടെ അതിജീവന കഥയായിരുന്നു മോഹിനിയാട്ടം പറഞ്ഞത്. ഭരതന്‍ നായരുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഗോവിന്ദരാജ (സുരാജ് വെഞ്ഞാറമൂട്)യും സുഭാഷും (ബേബി ജീൻ) എല്ലാം പ്രേക്ഷകര്‍ക്ക് നര്‍മ്മത്തിന്റെ പുതി യൊരു തലം തുറന്നുനല്‍കി. ചിത്രം പ്രേക്ഷകര്‍ വലിയ രീതിയില്‍ തന്നെ ഏറ്റെടുത്തു. വിനയ് ഫോര്‍ട്ട്, അഭിറാം രാധാകൃഷ്ണന്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍ റെക്‌സ്, ജിവിന്‍ റെക്‌സ്, വിജയ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കെ നായര്‍, സലിം ഹസ്സന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: The newly released poster of Bharatanatyam 3 has generated buzz on social media, with viewers spotting details that hint at a horror element alongside the franchise's signature comedy. Fans are actively decoding the poster and sharing their theories about the film's storyline.

dot image
To advertise here,contact us
dot image