

കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ - സ്കോട്ലാൻഡ് മത്സരത്തിൽ ഗോൾ നിഷേധിച്ചതിന് പിന്നാലെ പരാതിയുമായി ബ്രസീൽ രംഗത്ത്. വിനീഷ്യസ് ബ്രസീലിന് വേണ്ടി രണ്ടാമത് നേടിയ ഗോൾ നിഷേധിച്ചതിലാണ് റഫറിക്ക് എതിരെ പരാതിയുമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ രംഗത്തെത്തിയത്. നിലവിൽ ടീം ഫിഫയെ സമീപിച്ചിരിക്കുകയാണ്.
റഫറി സീസര്‍ റാമോസിനെതിരെയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തെ ഇനി വരാനിരിക്കുന്ന റസീലിന്റെ മത്സരങ്ങളിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യവും ബ്രസീൽ മുന്നോട്ട് വച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് അയച്ച കത്തിലാണ് ഇതെല്ലാം പരാമർശിച്ചിരിക്കുന്നത്.
മത്സരത്തിന്റെ 21-ാം മിനിറ്റിലായിരുന്നു വിനീഷ്യസ് ജൂനിയര്‍ ബ്രസീലിന്റെ ഗോൾനില ഒന്നിൽ നിന്ന് രണ്ടിലേക്ക് എത്തിച്ചത്. റഫറി ആദ്യം ഗോള്‍ അനുവദിച്ചിരുന്നു. എങ്കിലും പിന്നീട് നടത്തിയ വിഎആര്‍ പരിശോധനയിൽ അത് ഫൗളാണെന്ന് കണ്ടെത്തുകയും റഫറി നിലപാട് മാറ്റുകയുമായിരുന്നു. റഫറിയുടെ ആ തീരുമാനത്തിൽ മറ്റേവരും പോലെ സ്‌കോട്ട്ലന്‍ഡ് താരങ്ങള്‍ വരെ അമ്പരന്നിരുന്നുവെന്നും ബ്രസീലിയന്‍ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് വിനീഷ്യസ് ബ്രസീലിനായി വീണ്ടും സ്കോർ ചെയ്തിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മത്സരത്തിൽ ബ്രസീൽ ജയിക്കുകയും ചെയ്തിരുന്നു.
Content highlight: Brazil lodge FIFA complaint over disallowed Vinicius goal vs Scotland