

ഐസിസി വനിതാ ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. നാളെ നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യൻ വനിതകളുടെ എതിരാളികൾ. ഇപ്പോൾ ഇന്ത്യൻ റെയിൻ ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ താരം ജെമീമ റോഡ്രിഗസ്.
'ഓസ്ട്രേലിയ ഇപ്പോഴും ആക്രമിച്ച് കളിക്കുന്നവരാണ്. നാളെ അവരെ നേരിടുമ്പോൾ പ്രതിരോധ ശൈലി ഒരിക്കലും ഗുണം ചെയ്യില്ല. അതുകൊണ്ട് അവർക്കെതിരെ കളിക്കുമ്പോൾ നമ്മളും ആക്രമിച്ച് തന്നെ കളിക്കണം. മത്സരം വിട്ട് കൊടുക്കാതെ ആധിപത്യം സ്ഥാപിക്കണം', ജെമീമ ചൂണ്ടികാണിച്ചു. ഓസീസിനെതിരെ പദ്ധതികൾ ഉണ്ടാക്കണമെന്നും അത് കൃത്യമായ നടപ്പിലാക്കണമെന്നും താരം കൂട്ടിച്ചേർത്തു.
ടൂർണമെന്റിൽ സെമി - ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് നാളെ ജയം അനിവാര്യമാണ്. രാത്രി ഏഴ് മണിക്ക് ലോർഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്. 2020 ൽ സിഡ്‌നിയിൽ വച്ച് നടന്ന മത്സരത്തിലെ ജയത്തിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ ലോകകപ്പിൽ വിജയം കണ്ടെത്താൻ ഇന്ത്യയ്ക്കായിട്ടില്ല. ഈ ഒരു റെക്കോർഡ് തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യം കൂടി നാളെ ഓസീസിനെതിരെ കളത്തിലറങ്ങുമ്പോൾ ഇന്ത്യക്കുണ്ടാകും.
Content highlight: 'Defensive approach won't work against Australia' Jemimah Rodrigues