ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസ് നോക്കൗട്ടിൽ; നോർവെയെ തകർത്തു

ഐ ഗ്രൂപ്പിൽ നോർവെയെ തകർത്തത് 4-1ന്

ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസ് നോക്കൗട്ടിൽ; നോർവെയെ തകർത്തു
dot image

ലോകകപ്പിൽ ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസ് നോക്കൌട്ട് റൌണ്ടിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ നോർവെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് മുൻ ലോകചാമ്പ്യന്മാരുടെ കുതിപ്പ്.
ഫ്രാൻസിനായി വിങ്ങർ ഒസ്മാൻ ഡെംബലെ ഹാട്രിക് നേടി. കളിയുടെ 7,20, 32 മിനുട്ടുകളിലായിരുന്നു ഡെംബലെയുടെ ഗോളുകൾ. ആദ്യ പകുതിയിൽ തന്നെ ലോകകപ്പിൽ ഗോൾ പിറക്കുന്നത് 32 വർഷത്തിന് ശേഷമാണ്. തൊണ്ണൂറ്റിനാലാം മിനുട്ടിൽ ദെസൂറി ദൂയി ആണ് ഫ്രാൻസിന്റെ നാലാം ഗോൾ നേടിയത്. രണ്ട് ഗോളിന് പിന്നിലായ ശേഷം തെലെ ആസ്ഗാർഡിന്റെ ഗോളിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് നോർവേയ്ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല.

എംബാപ്പെ-ഹാളണ്ട് ഗോൾവേട്ടപ്പോരായി മാറുമെന്ന് കരുതിയി മത്സരത്തിൽ അപ്രതീക്ഷിത നീക്കങ്ങളുമായാണ് നോർവെ കളത്തിലിറങ്ങിയത്. ഹാളണ്ടിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നതോടെ തന്നെ ആ പോരാട്ടത്തിന്റെ തീവ്രത നഷ്ടമായി. കഴിഞ്ഞ കളിയിൽ സെനഗലിനെ നേരിട്ട ടീമിലെ പത്തുപേരെ മാറ്റിനിർത്തി ഒരർഥത്തിൽ പറഞ്ഞാൽ ബി ടീമിനെയാണ് നോർവെ പരിശീലകൻ സ്റ്റാലെ സോൽബാക്കൻ ഫ്രാൻസിനെതിരെ വിന്യസിച്ചത്. നോക്കൌട്ട് ഉറപ്പാക്കിയതിനാൽ പ്രധാന താരങ്ങളുടെ പരിക്ക് ഒഴിവാക്കലും, ബെഞ്ച് സ്ട്രെങ്ത് പരീക്ഷണവും ഒന്നിച്ച് നടപ്പാക്കുകയായിരുന്നു അവർ. ബെൻഫിക്ക താരം ഫ്രെഡ്രിക് ഓർസ്നെസ് മാത്രമാമ് ടീമിൽ സ്ഥാനം നിലനിർത്തിയത്. ഹാളണ്ടിന് പകരമിറങ്ങിയത് ക്രിസ്റ്റൽ പാലസ് താരം യോർഗൻ സ്ട്രാൻഡ് ലാർസൻ. ടീമിന്റെ മധ്യനിരയിലെ നട്ടെല്ലായ മാർട്ടിൻ ഒഡേഗാർഡിനും വിശ്രമം അനുവദിച്ചു. ഗോൾവല കാത്തത് സ്ഥിരം ഗോളി ഓറിയാൻ നിലാണ്ടറിന് പകരം എഗിൽ സെൽവിക്കായിരുന്നു.

മറുഭാഗത്തെ ഈ മാറ്റങ്ങൾക്കെതിരെ ഫുൾ ടീമിനെത്തന്നെ അണിനിരത്തിയാണ് ഫ്രാൻസ് ഇറങ്ങിയത്. മുഖ്യപരിശീലകൻ ദെഷാംപ്സിന്റെ അഭാവത്തിലും, അതിവേഗ പ്രസിങ് ഗെയിമുമായി കളം നിറഞ്ഞ ഫ്രഞ്ചുകാർ ലോകജേതാക്കളാകാൻ തങ്ങൾ അനുയോജ്യരെന്ന പ്രഖ്യാപനമാണ് നടത്തിയത്. എംബാപ്പെ-ഡെംബലെ സഖ്യം എതിരാളികളുടെ ഉറക്കം കെടുത്തുമെന്നത് ഉറപ്പ്.

ഗോളിൽ അവസാനിച്ചില്ലെങ്കിലും മധ്യനിരയിൽ നിന്ന് ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയ മൈക്കൽ ഒലീസെയുടെ ഷോട്ടുകൾ ഫ്രാൻസിന്റെ ആക്രമണത്തിന്റെ മുനകൂട്ടുന്നു. എംബാപ്പെക്ക് ലക്ഷ്യം പിഴച്ചെങ്കിലും അയാൾ ഗോളുകൾക്ക് വഴിയൊരുക്കുന്ന മനോഹരമായ കാഴ്ച. ഒറേലിയൻ ചൗവാമെനി , എഡ്വേർഡോ കാമവിംഗ എന്നിവരടങ്ങിയ മധ്യനിര കളിയിലുടനീളം പന്തിന്റെ നിയന്ത്രണം കൈവശം വെച്ചു. എംബാപ്പെയ്ക്കും ഡെംബലെക്കും കൃത്യമായി പന്തുകൾ കിട്ടി. വില്യം സാലിബ, ഡായോട്ട് ഉപമെകാനോ എന്നിവരടങ്ങിയ ഫ്രഞ്ച് പ്രതിരോധ നിര നോർവേയുടെ ആക്രമണങ്ങളെ ഭൂരിഭാഗം സമയവും ഫലപ്രദമായി തടഞ്ഞു.

ഇനിയുള്ളത് നോക്കൌട്ട് പോരാട്ടമാണ്. ഐ ഗ്രൂപ്പ് ജേതാക്കളായ ഫ്രാൻസിന് നിലവിലെ സമവാക്യമനുസരിച്ച് ഗ്രൂപ്പ് എഫിലെ മൂന്നാം സ്ഥാനക്കാരായ സ്വീഡനാണ് റൌണ്ട് ഓഫ് 32ലെ എതിരാളി.ലോകകപ്പിന്റെ കലാശപ്പോരാട്ടം നടക്കുന്ന മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാൽ പ്രീക്വാർട്ടറിൽ ജർമനി-ഫ്രാൻസ് പോരിനും അരങ്ങൊരുങ്ങും.

Content highlight: France vs Norway group winners knockout stage news

dot image
To advertise here,contact us
dot image