

പോര്‍ച്ചുഗലിന്റെ രണ്ടാം ജേഴ്‌സി ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാണ്. പച്ചയും ഇളംനീലയും കലര്‍ന്ന ജേഴ്‌സി. പക്ഷെ, അതിന് പിന്നിലൊരു കഥയുണ്ട്. പോര്‍ച്ചുഗലിന്റെ ഇതിഹാസ നാവികരുടെ ചരിത്രപ്രസിദ്ധമായ കടല്‍യാത്രകളുടെ അനുസ്മരണമാണ് ആ ജേഴ്സിയില്‍ തീം ആയിരിക്കുന്നത്.
പ്യൂമ തയ്യാറാക്കിയ അവരുടെ രണ്ടാം ജേഴ്സിയുടെ തീം കടലാണ്. യൂറോപ്പിന്റെ ദേശങ്ങള്‍ തേടിയുള്ള കടല്‍യാത്രകള്‍ക്ക് തുടക്കമിട്ടത് പതിനഞ്ചാം നൂറ്റാണ്ടിലാണ്. പോര്‍ച്ചുഗീസ് രാജകുമാരനായിരുന്ന ഹെന്‍ട്രിയായിരുന്നു അവരുടെ ആദ്യ ഇതിഹാസ നാവികന്‍. പിന്നാലെ, ബര്‍ത്തലോമിയോ ഡയസ് ആഫ്രിക്കയുടെ ദക്ഷിണമുനമ്പ് ചുറ്റിക്കടന്ന് 'കേപ് ഓഫ് ഗുഡ് ഹോപ്പ്' കണ്ടെത്തി. ഈ യാത്രയുടെ ചുവടുപിടിച്ചാണ് പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടെത്തുന്നത്. ഇന്ത്യ-യൂറോപ്പ് കടല്‍മാര്‍ഗം അതോടെ, തുറക്കപ്പെട്ടു. ഗാമ ഇന്ത്യയെ കണ്ടെത്തിയത് പോലെ പിന്നീട് പെഡ്രോ അല്‍വാരസ് കബ്രാള്‍ ബ്രസീലിനേയും കണ്ടെത്തി.
യൂറോപ്പിന്റെ ചരിത്രംതന്നെ മാറ്റിയെഴുതിയ 'കണ്ടെത്തലുകളുടെ യുഗം' എന്നറിയപ്പെട്ട കാലഘട്ടത്തിലെ യോദ്ധാക്കളായ ഇതിഹാസ നാവികരെയാണ് ജേഴ്സിയിലൂടെ അനുസ്മരിക്കുന്നത്. വലിയ ആരാധക പിന്തുണയും പോര്‍ച്ചുഗല്‍ ജേഴ്‌സിക്ക് നാട്ടില്‍ നിന്ന് ലഭിക്കുന്നുണ്ട്.
content highlights: Portugal to wear jersey honoring the memory of legendary navigators