

മലയാളികളുടെ പ്രിയതാരമാണ് നസ്‌ലെൻ. നടന്റേതായി ഇതുവരെ പുറത്തുവന്ന സിനിമകൾ എല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്ന് നേടുന്നത്. ഇപ്പോഴിതാ നസ്‌ലെന്റെ പിറന്നാൾ ദിനത്തിൽ നടനെക്കുറിച്ച് ദുൽഖർ സൽമാൻ കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ദുൽഖർ നസ്‌ലെന് പിറന്നാൾ ആശംസകൾ നേടുന്നത്.
'ഡാ കൊച്ചു ചെറുക്കാ, പിറന്നാൾ ആശംസകൾ ചക്കരെ!! മികച്ചൊരു ദിനവും വർഷവും നേരുന്നു' എന്നാണ് ദുൽഖറിന്റെ പിറന്നാൾ വിഷ്. നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായത്. നേരത്തെ ലോകയുടെ തെലുങ്ക് പ്രീ റിലീസ് ഇവെന്റിനിടെ ദുൽഖർ നസ്‌ലെനെ കുറിച്ച് പറഞ്ഞത് വൈറലായിരുന്നു. ഇതിന് പുറമെ ദുൽഖറിനും ടൊവിനോയ്ക്കും ഒപ്പമുള്ള ചിത്രം നസ്‌ലെൻ പങ്കുവച്ചപ്പോൾ കമന്റുമായി ദുൽഖർ എത്തിയതും എല്ലാവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'എടാ സൂപ്പർസ്റ്റാറെ…' എന്നാണ് ദുൽഖർ കമന്റ് ചെയ്‍തത്. മോളിവുഡ് ടൈംസ് ആണ് ഇപ്പോൾ തിയേറ്ററിലെത്തിയ നസ്‌ലെൻ ചിത്രം.
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 15 കോടി നേടിക്കഴിഞ്ഞു. ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നാണ് കമന്റുകൾ. സിനിമയെ സ്നേഹിക്കുന്നവർക്ക് ചിത്രം കൂടുതൽ റിലേറ്റബിൾ ആകുമെന്ന് അഭിപ്രായങ്ങൾ ഉണ്ട്. നസ്‌ലെന്റെ ക്യാരക്റ്റർ ആർക്ക് ഗംഭീരമായിട്ടുണ്ടെന്നും നടന്റെ കരിയറിലെ മറ്റൊരു മികച്ച പ്രകടനമാണ് ഇതെന്നുമാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്.
നസ്‌ലെൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രവും സംവിധായകൻ ആകാനുള്ള അയാളുടെ യാത്രയുമാണ് സിനിമ പറയുന്നത്. മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.
Content Highlights: Dulquer Salmaan wished birthday greetings to Naslen with a light-hearted and affectionate message that quickly gained attention online. Fans shared the interaction widely, celebrating the camaraderie between the two actors in the Malayalam film industry.