

പശ്ചിമേഷ്യയിൽ ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ചു. യുഎഇയിലും ഒമാനിലും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് നീണ്ട വാരാന്ത്യ അവധിയാണ് പുതിയ പ്രഖ്യാപനങ്ങളിലൂടെ ലഭിക്കുന്നത്. യു.എ.ഇയിൽ ജൂൺ 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചപ്പോൾ ഒമാനിൽ ജൂൺ 18 വ്യാഴാഴ്ചയാണ് ഔദ്യോഗിക അവധി.
ഇസ്‌ലാമിക കലണ്ടറിലെ ഹിജ്‌റ വർഷം 1448-ന്റെ തുടക്കം കുറിച്ചാണ് ഗൾഫ് രാജ്യങ്ങളിൽ പുതുവത്സര അവധികൾ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിൽ ജൂൺ 15 തിങ്കളാഴ്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും ഔദ്യോഗിക അവധിയായിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് തിങ്കളാഴ്ച കൂടി ചേരുന്നതോടെ തുടർച്ചയായ മൂന്ന് ദിവസത്തെ ലീവ് ആസ്വദിക്കാം. എന്നാൽ നിലവിൽ വെള്ളി മുതൽ ഞായർ വരെ അവധിയുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് പുതിയ പ്രഖ്യാപനത്തോടെ 4 ദിവസത്തെ നീണ്ട ഇടവേളയാണ് ലഭിക്കുക. അവധിക്ക് ശേഷം ജൂൺ 16 ചൊവ്വാഴ്ച മുതൽ യു.എ.ഇയിൽ പതിവ് പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും.
ഒമാനിലെ തൊഴിൽ മന്ത്രാലയത്തിന്റെ വാർഷിക കലണ്ടർ അനുസരിച്ച് പൊതുമേഖലാ ജീവനക്കാർക്ക് ജൂൺ 18 വ്യാഴാഴ്ചയാണ് ഹിജ്‌റ പുതുവത്സര അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്ന് വരുന്ന വെള്ളി, ശനി ദിവസങ്ങളിലെ ഔദ്യോഗിക വാരാന്ത്യ അവധി കൂടി ചേരുന്നതോടെ സുൽത്താനേറ്റിലെ ജീവനക്കാർക്കും തുടർച്ചയായ 3 ദിവസത്തെ വിപുലീകൃത അവധി ലഭിക്കും. പുതിയ ഇസ്‌ലാമിക വർഷത്തിന് തുടക്കം കുറിക്കുന്ന ഈ പുണ്യദിനം ഒമാനിലും മുസ്ലീം ലോകത്തുടനീളവും പ്രധാന മതപരമായ ആഘോഷങ്ങളിൽ ഒന്നാണ്.
ഇരു രാജ്യങ്ങളിലും ഈ വർഷത്തെ ഏറ്റവും നീണ്ട ബലിപെരുന്നാൾ അവധി കഴിഞ്ഞുടനെയാണ് അടുത്ത പൊതുഅവധി എത്തിയിരിക്കുന്നത് എന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വാരാന്ത്യ ദിനങ്ങളോട് ചേർന്ന് ലോങ് വീക്കെൻഡ് ലഭിക്കുന്നതിനാൽ കുടുംബങ്ങൾക്കൊപ്പം ഒത്തുചേരാനും, യു.എ.ഇയിലും ഒമാനിലുമുള്ള താമസക്കാർക്ക് ചെറിയ വിനോദയാത്രകൾ ആസൂത്രണം ചെയ്യാനും ഈ ഇടവേള വലിയ തോതിൽ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
Content Highlights: The United Arab Emirates and Oman have declared an official holiday for public and private sector employees in observance of the Hijri New Year. The decision aligns with the Islamic calendar and allows residents to mark the occasion.