

ഏറെ നാളത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ കാണാം. ഫിഫയുമായി കരാറൊപ്പിട്ടത് സീ ഗ്രൂപ്പാണ്. ഇതോടെ ഫുട്‌ബോള്‍ പ്രേമികളുടെ ആശങ്കകളും അവസാനിച്ചു. ഇനി ലോകകപ്പ് ഇങ്ങെത്തിയാല്‍ മതി. ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള പ്രഖ്യാപനം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസമായി. ജൂണ്‍ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ സീ ഗ്രൂപ്പ് പുതുതായി ആരംഭിച്ച 'യുണൈറ്റ് 8 സ്‌പോര്‍ട്‌സ്' ചാനലുകളായ യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 1, യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 1 എച്ച്ഡി, യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 2, യുണൈറ്റ് 8 സ്‌പോര്‍ട്‌സ് 2 എച്ച്ഡി എന്നിവയില്‍ തത്സമയം കാണാം. 'സീ5' ഒടിടി പ്ലാറ്റ്ഫോമില്‍ ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും.
എന്നാല്‍, സീ ഗ്രൂപ്പിന്റെ വമ്പന്‍ ഡീലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 2026 ലോകകപ്പിനു പുറമേ 2034 വരെയുള്ള 39 ഫിഫ ടൂര്‍ണമെന്റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഫിഫ പുരുഷ അണ്ടര്‍ 17 ലോകകപ്പ് (20262034), വനിതാ അണ്ടര്‍ 17 ലോകകപ്പ് (2026, 2034), പുരുഷ അണ്ടര്‍ 20 ലോകകപ്പ് (2027, 2029, 2031, 2033), വനിതാ അണ്ടര്‍ 20 ലോകകപ്പ് (2026, 2028, 2030, 2032, 2034), ഫിഫ ഫുട്‌സാല്‍ പുരുഷ ലോകകപ്പ് (2028, 2032), ഫിഫ ഫുട്‌സാല്‍ വനിതാ ലോകകപ്പ് (2029, 2033), 2027 ഫിഫ വനിതാ ലോകകപ്പ്, ഫിഫ ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് (2026, 2030) എന്നിവയുടെ സംപ്രേഷണാവകാശവും സീ ഗ്രൂപ്പ് സ്വന്തമാക്കി. 3.5 കോടി ഡോളറിനാണ് (ഏകദേശം 290 കോടി രൂപ) ഫിഫയുമായി സീ കരാര്‍ ഒപ്പിട്ടതെന്നാണ് സൂചന. എങ്കിലും ഔദ്യോഗിക പ്രസ്താവനയില്‍ കരാര്‍ തുക വെളിപ്പെടുത്തിയിട്ടില്ല. 2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത് 10 കോടി ഡോളറായിരുന്നു.
വലിയ തുക നല്‍കി സംപ്രേഷണാവകാശം സ്വന്തമാക്കാന്‍ ആരും തയ്യാറായില്ല. ഇന്ത്യയില്‍ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയക്രമമായിരുന്നു തടസ്സമായത്. ഇതോടെ ഫിഫ പ്രതിനിധികള്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയും ഇതുവഴിയാണ് ലോകകപ്പ് സംപ്രേഷണം സാധ്യമാക്കിയതും. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ സീ ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു.
content highlights: Not just the FIFA World Cup, 39 FIFA tournaments will be available to watch; a massive deal has been struck