

മൂന്നര വര്‍ഷം മുമ്പ് ആസ്റ്റന്‍വില്ലയുടെ പരിശീലക പദവിയിലേക്ക് സ്പാനിഷ് കോച്ച് ഉനായ് എമറി എത്തുമ്പോള്‍ ഒരു ദൃഢ പ്രതിഞ്ജയെടുത്തിരുന്നു, ട്രോഫികള്‍ നേടാന്‍ വേണ്ടിയാണ് താന്‍ എത്തുന്നതെന്ന്. അതെ, അദ്ദേഹം പ്രതിഞ്ജ നിറവേറ്റി. ആസ്റ്റന്‍വില്ലയ്ക്ക് നല്‍കിയ വാക്കുപാലിച്ചിരിക്കുന്നു, യൂറോപ്പ കിരീടത്തില്‍ ആസ്റ്റന്‍ വില്ലയ്ക്ക് കിരീടം. ഫ്രെയ്ബര്‍ഗിനെ എതിരില്ലാത്ത മൂന്നുഗോളിന് തോല്‍പ്പിച്ചാണ് ആസ്റ്റന്‍ വില്ലയുടെ നേട്ടം. മൂന്നുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആസ്റ്റന്‍വില്ല തങ്ങളുടെ ഷെല്‍ഫിലേക്ക് കിരീടമെത്തിക്കുന്നത് എന്ന അപൂര്‍വതയുമുണ്ട്.
മത്സരത്തില്‍ ആസ്റ്റന്‍വില്ലയ്ക്കുതന്നെയായിരുന്നു ആധിപത്യം. ആദ്യപകുതി പിന്നിടും മുമ്പ് തന്നെ രണ്ടുഗോളിന്റെ വ്യക്തമായ മുന്‍തൂക്കം നേടിയ ടീം രണ്ടാം പകുതിയിലും ഒരുഗോളടിച്ചു. യുറി ടെയ്‌ലമന്‍സ് (40), എമിലിയാനോ ബ്യുന്‍ഡിയ (45+2), മോര്‍ഗന്‍ റോഗര്‍സ് (57) എന്നിവരാണ് ഗോളടിച്ചത്. 1995-96 സീസണില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടമാണ് അവസാനമായി ആസ്റ്റന്‍വില്ല നേടിയിരുന്നത്. പിന്നീട് ഇതുവരെ ഒരു കിരീടം പോലുമില്ലാതെ പതറുകയായിരുന്നു ആസ്റ്റന്‍വില്ല.
യൂറോപ്പ കിരീടത്തില്‍ ആസ്റ്റന്‍വില്ലയുടെ കന്നിമുത്തമാണിത്. 1981-82 സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ടീമാണ് ആസ്റ്റന്‍വില്ല. യൂറോപ്യന്‍ സൂപ്പര്‍ കപ്പും ടീം സ്വന്തമാക്കിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ് കിരീടം, എഫ്എ കപ്പ് തുടങ്ങിയവ പലകാലങ്ങളിലായി നേടിയിട്ടുണ്ട്.
content highlights: Aston Villa Ends 30-Year Trophy Drought with Europa League Title