സിറ്റി വിടുമോ പെപ് ഗ്വാര്‍ഡിയോള, മാഞ്ചെസ്റ്റര്‍ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ട്

സീസണ്‍ അവസാനം പെപ് ഗ്വാര്‍ഡിയോള മാഞ്ചെസ്റ്റര്‍ സിറ്റി വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍

സിറ്റി വിടുമോ പെപ് ഗ്വാര്‍ഡിയോള, മാഞ്ചെസ്റ്റര്‍ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ട്
dot image

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള സീസണ്‍ അവസാനം ക്ലബ്ബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ചെല്‍സി മുന്‍ പരിശീലകന്‍ എന്‍സോ മരെസ്‌ക ഗ്വാര്‍ഡിയോളയ്ക്ക് പിന്‍ഗാമിയായെത്തുമെന്നാണ് വിവരം. ഫുട്‌ബോള്‍ ലോകത്ത് ചൂടേറിയ ചര്‍ച്ചയാണ് ഗ്വാര്‍ഡിയോള ഇറങ്ങുമെന്ന വാര്‍ത്ത. സിറ്റിയുടെ എക്കാലത്തെയും മികച്ച പരിശീലകരില്‍ മുന്നിലാണ് ഗ്വാര്‍ഡിയോള.

2016-ല്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്നാണ് ഗ്വാര്‍ഡിയോള മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്കെത്തിയത്. ടീമിനൊപ്പം 17 പ്രധാന കിരീടങ്ങളാണ് അദ്ദേഹം നേടിയത്. 2022-23 സീസണിലെ ട്രെബിള്‍ നേട്ടം കരിയറിലെ പൊന്‍തൂവലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും എഫ്എ കപ്പും നേടിയാണ് അദ്ദേഹം ടീമിനെ ട്രെബിള്‍ നേട്ടത്തിലെത്തിച്ചത്. ആറുതവണ സിറ്റിയെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. 140 വര്‍ഷത്തെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായി 100 പോയിന്റുകള്‍ നേടുന്ന ടീമെന്ന റെക്കോഡ് 2017-18 സീസണില്‍ സിറ്റിക്ക് നേടിക്കൊടുത്തു. ഈ സീസണില്‍ ലീഗ് കപ്പും എഫ്എ കപ്പും നേടിക്കൊടുത്താണ് പെപ് മടങ്ങുന്നത്. പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരുമാണ് സിറ്റി.

എന്നാല്‍, തന്റെ ഭാവിയെക്കുറിച്ച് ക്ലബ് ചെയര്‍മാനുമായി സംസാരിക്കുമെന്നും ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിറ്റിയോടൊപ്പമുള്ള കാലങ്ങളില്‍ ഏറ്റവും സന്തോഷവാനായിരുന്നുവെന്നും ഗ്വാര്‍ഡിയോള പറഞ്ഞു. നേരത്തെ ബാഴ്‌സലോണയുടെയും കോച്ചായിരുന്നു ഗ്വാര്‍ഡിയോള. സ്പാനിഷ് ടീമിലും ബാഴ്‌സലോണയിലും റോമ, അല്‍ അഹ്ലി തുടങ്ങിയ ക്ലബ്ബുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

content highlights: Will Pep Guardiola Leave City? Reports Suggest He May Depart Manchester City

dot image
To advertise here,contact us
dot image