

കൊച്ചി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും അവസരം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. 'റിജില്‍ സഭയില്‍ ഉണ്ടാകണമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന്' കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞതായും അത് അംഗീകാരമായി കാണുന്നുവെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മന്ത്രി ഒ ജെ ജനീഷിനൊപ്പമായിരുന്നു റിജില്‍ എ കെ ആന്റണിയെ കാണാനെത്തിയത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് റിജില്‍ മാക്കുറ്റി. തനിക്ക് ഇത്രയെങ്കിലും ആകാനായെന്നും എന്നാല്‍ ഒന്നുമാകാതെ പോകുന്ന ആയിരങ്ങളുണ്ടെന്നും അവരെയോര്‍ത്താല്‍ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണെന്നും റിജില്‍ മാക്കുറ്റി ഓര്‍മ്മിപ്പിക്കുന്നുണ്ട്. എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമാണ് റിജിൽ മാക്കുറ്റിയുടെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം.
'ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ച് പണിയെടുത്ത് തല്ലുകൊണ്ട് ജയിലില്‍ പോയി എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാര്‍ ഈ പാര്‍ട്ടിയില്‍ ഉണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് യുഡിഎഫിന് ലഭിച്ച മഹാഭൂരിപക്ഷം. പുതിയ അധികാര കേന്ദ്രങ്ങള്‍ കടന്നുവരുമ്പോള്‍ അവരെല്ലാം കര്‍ട്ടന് പുറകിലേക്ക് സ്വയം മാറ്റപ്പെടും. 10 വര്‍ഷക്കാലം പ്രതിപക്ഷത്ത് ആയപ്പോള്‍ മഷിയിട്ട് നോക്കിയാല്‍ കാണാത്തവര്‍ ഭരണത്തെ നിയന്ത്രിക്കാന്‍ മുന്നില്‍ നയിക്കുന്നതും നമ്മള്‍ കാണേണ്ടിവരും. ഇത്തവണ നിയമസഭയില്‍ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ അവസരം ലഭിച്ചില്ല', റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഇന്നലെ പ്രിയ സഹപ്രവര്‍ത്തകനായിരുന്ന കേരളത്തിന്റെ യുവജന സ്‌പോര്‍ട്‌സ് മന്ത്രി ഒ ജെ ജനീഷിനൊപ്പം ആദരണീയനായ എ കെ ആന്റണി സാറിനെ കാണാന്‍ പോയപ്പോള്‍ ഞങ്ങള്‍ ഒത്തിരി കെഎസ്യു കോണ്‍ഗ്രസ് നേതാക്കളുണ്ട്. അദ്ദേഹം എല്ലാവരുടെയും മുന്നില്‍ വച്ച് പറഞ്ഞു ഇത്തവണ റിജില്‍ ഈ സഭയില്‍ ഉണ്ടാകണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ വാക്ക് എനിക്ക് വലിയൊരു അംഗീകാരം ആയിരുന്നു.
എനിക്ക് സീറ്റ് കിട്ടാത്തതില്‍ ഞാനൊരു കലഹവും ഈ പാര്‍ട്ടിയില്‍ ഉണ്ടാക്കിയില്ല. അവസരങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ വരും. 20 വര്‍ഷമായി എല്‍ഡിഎഫ് മാത്രം ജയിക്കുന്ന ആദി കടലായി ഡിവിഷനിലാണ് എനിക്ക് പാര്‍ട്ടി അവസരം തന്നത്. അവിടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഞാന്‍ ജയിച്ചു കയറിയത്. ഇപ്പോള്‍ കണ്ണൂര്‍ കോപ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കാനാണ് എന്നെ പാര്‍ട്ടി നിയോഗിച്ചത്. എനിക്ക് ഇത്രയെങ്കിലും ആകാനായി. പക്ഷേ നമ്മള്‍ ഒന്ന് ആലോചിക്കണം ഒന്നുമാകാതെ കടന്നുപോയ ആയിരങ്ങള്‍ ഉണ്ട്. അവരെ ഓര്‍ത്താല്‍ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്.' എന്നും റിജില്‍ കുറിച്ചു.
Content Highlights: Desire to compete, but didn't get the chance Said rijil makkutty