ലോകകപ്പ് സംപ്രേഷണത്തില്‍ തീരുമാനമായില്ല; ചർച്ചകൾക്കുവേണ്ടി ഫിഫ സംഘം ഇന്ത്യയില്‍

ലോകകപ്പിന് ഇനി 23 ദിവസം മാത്രം ശേഷിക്കെ ഫിഫ മീഡിയ റൈറ്റ്‌സ് ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെത്തിയത്

ലോകകപ്പ് സംപ്രേഷണത്തില്‍ തീരുമാനമായില്ല; ചർച്ചകൾക്കുവേണ്ടി ഫിഫ സംഘം ഇന്ത്യയില്‍
dot image

ലോകകപ്പിന് ഇനി 23 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പക്ഷെ, എങ്ങനെ ഫുട്‌ബോള്‍ ലോകകപ്പ് കാണുമെന്ന ആശങ്കയിലാണ് ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍. ടെലിവിഷന്‍ സംപ്രേഷണത്തിന് ഇതുവരെ ആരും തയ്യാറായിട്ടില്ല. ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേഷണം ഇനിയും തീരുമാനമാകാത്ത സാഹചര്യത്തില്‍ ഫിഫ സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഫിഫ മീഡിയ റൈറ്റ്‌സ് ഉദ്യോഗസ്ഥരാണ് ഇന്ത്യയിലെത്തിയത്. ഇവര്‍ വിവിധ കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തും. സംപ്രേഷണത്തുക സംബന്ധിച്ച തര്‍ക്കമാണ് ആരും ഏറ്റെടുക്കാത്തതിന് കാരണമായത്. നേരത്തെ, ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണം ചെയ്‌തേക്കുമെന്ന വിവരമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം തള്ളി. ഇതോടെ ഈ സാധ്യതയും അടഞ്ഞു. ഫിഫയുമായി ചര്‍ച്ച നടത്തിയെങ്കിലും ഇനി ചര്‍ച്ചയുണ്ടാകില്ലെന്ന് ദൂരദര്‍ശന്‍ അധികൃതര്‍ അറിയിച്ചു. 500 കോടി രൂപയാണ് ഫിഫ ആവശ്യപ്പെടുന്നത്. ഇത് താങ്ങാനാകില്ലെന്നാണ് ദൂരദര്‍ശന്‍ അധികൃതര്‍ പറയുന്നത്.
ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മീഡിയ ഗ്രൂപ്പുമായി ഫിഫ ധാരണയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് കരാറിലെത്തിയത്. ഇന്ത്യയിലെ സംപ്രേഷണ കാര്യത്തില്‍ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇന്ത്യയിലെ വലിയ മാധ്യമ ശൃംഖലയായ റിലയന്‍സ്-ഡിസ്‌നിയുമായി ഫിഫ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. മറ്റൊരു പ്രധാന കമ്പനിയായ സോണിയും ചര്‍ച്ചകളോട് ആഭിമുഖ്യം കാണിക്കുന്നില്ല. വലിയ തുക പറയുന്നതാണ് തിരിച്ചടിയാകുന്നത്.


എന്നാല്‍ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ആശങ്കയിലാകേണ്ട സാഹചര്യമില്ലെന്നാണ് ഫിഫ നേരത്തെത്തന്നെ പറയുന്നത്. ആരും ഏറ്റെടുത്തില്ലെങ്കില്‍ ഫിഫയുടെ യൂട്യൂബ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ തത്സമയം സ്ംപ്രേഷണം ചെയ്‌തേക്കുമെന്ന വിവരമാണ് പറഞ്ഞിരുന്നത്. നാളുകള്‍ ഇനി കുറവായിരിക്കെ എത്രയും വേഗം സംപ്രേഷണത്തിനുള്ള കമ്പനിയെ തിരഞ്ഞെടുക്കാനാണ് ഫിഫ പ്രതിനിധികള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. എത്രയും വേഗം ഇത് തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

content highlights: Decision on World Cup broadcast pending; FIFA team in India

dot image
To advertise here,contact us
dot image