ദേ, നമ്മുടെ ബ്ലാസ്‌റ്റേഴ്‌സ് താരം ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

ഹെയ്തി ടീമിലാണ് മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായ ഡക്കൻ നാസോണ്‍ ഇടംപിടിച്ചത്

ദേ, നമ്മുടെ ബ്ലാസ്‌റ്റേഴ്‌സ് താരം ലോകകപ്പ് കളിക്കാനൊരുങ്ങുന്നു
dot image

കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി കലൂരിലെ മഞ്ഞപ്പട ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞാടിയ താരമിതാ ലോകകപ്പിന്..! ലോകകപ്പ് കളിച്ച താരങ്ങള്‍ പലരും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഉള്‍പ്പടെ പന്തുതട്ടിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച് പിന്നീട് ക്ലബ്ബ് വിട്ടുപോയ താരം ലോകകപ്പ് കളിക്കുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഹെയ്ത്തി ടീമിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം ഡക്കൻ നാസോണ്‍ ഉള്‍പ്പെട്ടത്. പരിശീലകന്‍ സെബാസ്റ്റ്യന്‍ മിഗ്നെയാണ് ലോകകപ്പിനുള്ള 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. 52 വര്‍ഷത്തിന് ശേഷമാണ് ഹെയ്ത്തിയെന്ന കുഞ്ഞന്‍ രാജ്യം ലോകകപ്പ് വേദിയില്‍ കളിക്കാനെത്തുന്നത്. ഡക്കൻ നാസോണ്‍ മാത്രമല്ല, ക്യാപ്റ്റന്‍ ജോണി പ്ലാസിഡെ, പ്രതിരോധ താരം റിക്കാര്‍ഡോ അഡെ, കാര്‍ലെന്‍സ് അര്‍ക്കസ്, മധ്യനിരക്കാരായ ലെവര്‍ട്ടണ്‍ പിയറി, ഡാന്‍ലെ ജാക്വസ് എന്നിവരും ടീമിലുണ്ട്.

2016-17 സീസണിലാണ് ഡക്കൻ നാസോണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പന്തുതട്ടിയത്. ഏഴുമത്സരത്തില്‍നിന്നായി രണ്ടുഗോളുമടിച്ചിരുന്നു താരം. കെര്‍വസ് ബെല്‍ഫോര്‍ട്ട്-ഡക്കൻ നാസോണ്‍ മുന്നേറ്റ കൂട്ടുകെട്ട് ബ്ലാസ്‌റ്റേഴ്‌സിന് വലിയ കരുത്തായിരുന്നു. സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ച ആ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് റണ്ണറപ്പായിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍നിന്ന് പോയ ഡക്കൻ നാസോണ്‍ പിന്നീട് വിവിധ രാജ്യങ്ങളിലായി ഒട്ടേറെ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. നിലവില്‍ ഇറാനിയന്‍ ക്ലബ്ബ് എസ്തഗ്ലാലിനുവേണ്ടിയാണ് കളിക്കുന്നത്.

2014 മുതല്‍ ഹെയ്ത്തി ടീമിലും അംഗമാണ് ഡക്കൻ നാസോണ്‍. ഹെയ്ത്തിയുടെ ഇതിഹാസ സ്‌ട്രൈക്കറായി അറിയപ്പെടുന്ന ഡക്കൻ നാസോണ്‍ 80 കളിയില്‍നിന്ന് 44 ഗോള്‍നേടി. രാജ്യത്തെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ കൂടിയാണ് ഡക്കൻ നാസോണ്‍.

content highlights: Look, our Blasters player is gearing up to play in the World Cup!

dot image
To advertise here,contact us
dot image