

അമേരിക്കല്‍ ഭൂഖണ്ഡത്തില്‍ ഫുട്‌ബോള്‍ ലോകകപ്പിന് വിസിലുയരുമ്പോള്‍ ബ്രസീല്‍ സംഘത്തില്‍ നെയ്മറുണ്ടാകുമെന്ന് തീര്‍ച്ച. ബ്രസീല്‍ ഫുട്‌ബോള്‍ പ്രേമികളെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നത് നെയ്മര്‍ ഉണ്ടാകില്ലേ എന്ന ചോദ്യമാണ്. എന്നാല്‍ ജൂണില്‍ ആരംഭിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചപ്പോള്‍ അതില്‍ 34-കാരനായ നെയ്മര്‍ ഉള്‍പ്പെട്ടു. ഇതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. നെയ്മറിന്റെ ഫിറ്റ്നസിനെച്ചൊല്ലി നിരീക്ഷകര്‍ക്കിടയില്‍ സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും താരത്തിന്റെ അനുഭവസമ്പത്തിലും കളിമിടുക്കിലും കോച്ച് കാര്‍ലോ ആഞ്ചലോട്ടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു. വിനീഷ്യസ് ജൂനിയര്‍, റഫിന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്.
79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മര്‍, 2023 ഒക്ടോബറിലുണ്ടായ പരിക്കിന് ശേഷം പൂര്‍ണ കായികക്ഷമത തിരിച്ചുപിടിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. പിഎസ്ജിയിലായിരുന്ന താരം 2023ല്‍ സൗദി ക്ലബ്ബ് അല്‍ ഹിലാലിലേക്ക് ചുവടുമാറുകയും പിന്നീട് കഴിഞ്ഞവര്‍ഷം ബ്രസീലിലെ സാന്റോസ് ക്ലബ്ബിലേക്ക് തിരികെപ്പോകുകയും ചെയ്തിരുന്നു. പരിക്ക് വില്ലനായതോടെ ഒട്ടേറെ മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്. 2025 മേയില്‍ ടീമിന്റെ ചുമതലയേറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഇറ്റാലിയന്‍ കോച്ച് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2014, 20218, 2022 ലോകകപ്പുകളില്‍ കളിച്ച നെയ്മര്‍ ആദ്യ ലോകകപ്പില്‍ നാലുഗോളടിച്ചിരുന്നു. റഷ്യന്‍ ലോകകപ്പിലും ഖത്തര്‍ ലോകകപ്പിലും രണ്ടുവീതം ഗോളുമടിച്ചു. 2026ലും വലിയ പ്രതീക്ഷയോടെയാണ് ബ്രസീല്‍ എത്തുന്നത്. നെയ്മറിന്റെ ഉള്‍പ്പടെ മികവ് ടീമിന് നിര്‍ണായകമാകും. യുവതാരങ്ങളായ എന്‍ഡ്രിക്, റയാന്‍ എന്നിവര്‍ തങ്ങളുടെ കരിയറിലെ ആദ്യ ലോകകപ്പ് പ്രവേശനത്തിനുള്ള തയ്യാറെടുപ്പിലാണ്. വിനീഷ്യസ് ജൂനിയര്‍, റഫിഞ്ഞ എന്നീ സൂപ്പര്‍ താരങ്ങളും ടീമിലുണ്ട്. എന്നാല്‍ പരിക്കേറ്റ റോഡ്രിഗോ, എസ്താവോ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയാണ്. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുമായുള്ള കരാര്‍ 2030 വരെ നീട്ടിയതായും ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.
ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്സണ്‍, വെവേര്‍ട്ടന്‍. പ്രതിരോധ നിര: അലക്സ് സാന്‍ഡ്രോ, ഡാനിലോ, ലിയോ പെരേര, ബ്രെമര്‍, ഇബാനിസ്, വെസ്ലി, മാര്‍ക്കിന്യോസ്, ഗബ്രിയേല്‍ മഗല്‍ഹായസ്, ഡഗ്ലസ് സാന്റോസ്. മധ്യനിര: ബ്രൂണോ ഗ്വിമാറെസ്, കസെമിറോ, ഡാനിലോ, ഫാബിഞ്ഞോ, ലൂക്കാസ് പക്വെറ്റ. മുന്നേറ്റ നിര: എന്‍ഡ്രിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഇഗോര്‍ തിയാഗോ, മാത്യൂസ് കുഞ്ഞ, റഫിന്യ, വിനീഷ്യസ് ജൂനിയര്‍, ലൂയിസ് ഹെന്റിക്ക്, നെയ്മര്‍, റയാന്‍.
content highlights: The wait is over, Neymar is in the team; Brazil squad ready for the American World Cup