

അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് നടന്ന ആവേശപ്പോരിൽ എഫ്.സി. ഗോവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്.
മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ 47ാം മിനിറ്റിൽ കെവിൻ യൂക്കിന്റെ അതിമനോഹര ഗോളോടെ സ്റ്റേഡിയം ഉണർന്നു. പിന്നാലെ 61ാം മിനിറ്റിൽ ഗോവയുടെ മറുപടി ഗോളുമെത്തി. മുഹമ്മദ് നെവിലിലൂടെയാണ് ഗോവ ഗോൾ മടക്കിയത്.
എന്നാൽ 80ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡുയർത്തി. വലതു കോർണറിൽ നിന്നും ഫ്രാഞ്ചോ എടുത്ത മനോഹരമായ കോർണർ കിക്ക് പ്രതിരോധിക്കുന്നതിൽ സന്ദേശ് ജിംഗൻ പരാജയപ്പെട്ടു. പോസ്റ്റിന് മുന്നിൽ തക്കം പാർത്തിരുന്ന ഫാലോ വലതു കാലുകൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ടു.
സ്കോർ 2-1. പിന്നീട് മത്സരം സമനിലയിലാക്കാൻ ഗോവ കിണഞ്ഞു ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
13 മാച്ചുകളിൽ നിന്ന് 17 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ എട്ടാം സ്ഥാനത്താണ്. ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിൽ അപരാജിത കുതിപ്പാണ് അവസാന ലാപ്പിൽ കൊമ്പന്മാർ നടത്തിയത്.
content highlights: kerala-blasters-vs-fc-goa-isl-2026-blasters-win-fourth-match-row