

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിച്ച സംവിധായകൻ ആണ് അഭിനവ് സുന്ദർ നായക്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഹിറ്റായിരുന്നു. ജൂൺ അഞ്ചിന് തന്റെ അടുത്ത സിനിമയായ മോളിവുഡ് ടൈംസുമായി എത്തുകയാണ് അഭിനവ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അഭിനവ്.
'സക്സസ്സിനെ പറ്റി സംസാരിക്കുന്ന മൂന്ന് സിനിമകൾ ചെയ്യാൻ മുകുന്ദനുണ്ണിയുടെ സമയം മുതൽ എനിക്ക് പ്ലാൻ ഉണ്ടായിരുന്നു. സക്സസ് ട്രിലജി എന്ന് അതിനെ പറയാം. അതിലെ ആദ്യത്തെ സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. അതിന് ശേഷം എനിക്ക് രണ്ട് ഐഡിയകൾ ഉണ്ടായിരുന്നു. അതിൽ രണ്ടാമത്തെ ഐഡിയ ആണ് ഇപ്പോൾ മോളിവുഡ് ടൈംസ് ആയി മാറിയത്. വിജയികളായി മാറുന്ന മൂന്ന് കഥാപാത്രങ്ങൾ, അവരുടെ കഥയാണ് ഈ ട്രിലജി പറയുന്നത്. പക്ഷേ മോളിവുഡ് ടൈംസ് മുകുന്ദനുണ്ണിയുടെ രണ്ടാം ഭാഗമല്ല. തീം മാത്രമാണ് സാമ്യമുള്ളത്, മറ്റു കഥയോ കഥാപാത്രങ്ങളോ തമ്മിൽ ഒരു ബന്ധവുമില്ല', അഭിനവിന്റെ വാക്കുകൾ. എം പവർ ബൈ മാതേവൻ എന്ന തമിഴ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ മെയ് 14 നായിരുന്നു സിനിമ തിയേറ്ററിൽ എത്താൻ ഇരുന്നത്. എന്നാൽ സിനിമയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. നീത് മാധവൻ എന്നാണ് നസ്‌ലെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും അരോള്‍ നിതിനും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു.

വിശ്വജിത്താണ് ക്യാമറ. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാകും മോളിവുഡ് ടൈംസ്. നിരവധി താരങ്ങൾ കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരുപാട് പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയാണ്. അതേസമയം, ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയാണ് നസ്‌ലെന്‍ ഭാഗമാകുന്ന മറ്റൊരു പ്രോജക്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നസ്‌ലെന്‍ പ്രധാന വേഷത്തിലുണ്ട്.
Content Highlights: Naslen film Mollywood times is not a sequel to Mukundan Unni Associates says abhinav sundar nayak