

ഫുട്‌ബോള്‍ ലോകകപ്പിന് അമേരിക്കയിലേക്ക് പറക്കും മുമ്പ് ഫിഫയ്ക്ക് മുമ്പില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍. ഇറാനെ അമേരിക്ക അപമാനിക്കില്ലെന്ന് ഫിഫ ഉറപ്പുതരണമെന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മെഹ്ദി താജ് പറഞ്ഞു. വാന്‍കൂവറില്‍ നടന്ന ഫിഫ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാദരവുണ്ടായെന്ന് ഇറാന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നു.
എന്നാല്‍ കാനഡയില്‍ ഇറാന്‍ പ്രതിനിധികള്‍ക്കുണ്ടായ മോശം അനുഭവത്തില്‍ ഫിഫ ദുഖം രേഖപ്പെടുത്തി കത്തയിച്ചിരുന്നു. അതേസമയം, ലോകകപ്പ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സൂറിച്ചിലേക്ക് ഇറാന്‍ പ്രതിനിധികളെ ഫിഫ ക്ഷണിച്ചു. ഇറാനിയന്‍ സംഘത്തിന് അമേരിക്കയില്‍ സുരക്ഷ ഉറപ്പാക്കുന്ന കാര്യങ്ങള്‍ ഇവിടെ ചര്‍ച്ചയാകും.
ഇറാന്‍ അമേരിക്കയിലെത്തി ലോകകപ്പില്‍ പങ്കെടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. അതേസമയം, ഇറാന് പിന്തുണയുമായി ഫിഫയും രംഗത്തെത്തി. യോഗ്യത നേടിയ ഇറാന്‍ അമേരിക്കയിലേക്ക് പോകുന്നത് ഫിഫയുടെ അതിഥികളായാണെന്നും ട്രംപോ അമേരിക്കയോ അല്ല ആതിഥേയരെന്നും ഫിഫ പ്രതിനിധി പറഞ്ഞിരുന്നു. ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലായിരുന്നത്.
ഒരുഘട്ടത്തില്‍ ലോകകപ്പിനില്ല എന്ന ഇറാന്റെ തീരുമാനം പിന്നീട് ഫിഫ ഇടപെട്ട് തിരുത്തുകയായിരുന്നു. ഇറാന് പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് ഫിഫ പറയുന്നുണ്ടെങ്കിലും അമേരിക്കയില്‍ സുരക്ഷ എത്രത്തോളം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
content highlights: Iran Sets Conditions Before FIFA; Demands Guarantees Against Humiliation