

ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ ഒരുക്കിയ സിനിമയാണ് അയാൾ ഞാനല്ല. ഫഹദ് ഇരട്ട വേഷത്തിൽ എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഫഹദിന്റെ ഗെറ്റപ്പും പ്രകടനവും ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഫഹദിന്റെ ലുക്കിന് പിന്നിലെ കഥ വിവരിക്കുകയാണ് വിനീത് കുമാർ.
'ഞാൻ പറഞ്ഞുകൊണ്ട് മാത്രമാണ് വിഗ് വച്ചതെന്ന് ഫഹദ് പറയും. അവനു ഒട്ടും ഇഷ്ടമല്ല അങ്ങനെ ചെയ്യുന്നത്. പക്ഷേ ആ കഥാപാത്രം അങ്ങനെ ഡിമാൻഡ് ചെയ്യുന്നുണ്ട്. കാരണം രണ്ട് ഗെറ്റപ്പുള്ള കഥാപാത്രം ആണത്. അയാൾ ഞാനല്ലയുടെ കഥ രഞ്ജിത്തേട്ടന്റെ ആണെങ്കിലും സ്ക്രിപ്റ്റ് ഞാൻ ആണ്. ശരിക്കും ആദ്യത്തെ സിനിമയായി ഞാൻ ഉദ്ദേശിച്ചത് ഈ സിനിമ ആയിരുന്നില്ല. നിരവധി കഥകൾ ആദ്യത്തെ സിനിമയ്ക്കായി എഴുതിയിരുന്നു. അതെല്ലാം രഞ്ജിത്തേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പോയിന്റിൽ അയാൾ ഞാനല്ലയുടെ കഥ അദ്ദേഹം എന്നോട് ഇങ്ങോട്ട് പറയുന്നതും ഞാൻ ഈ സിനിമ ചെയ്യുന്നതും', വിനീത് കുമാറിന്റെ വാക്കുകൾ. റിപ്പോർട്ടർ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവ്യ പിള്ള, മൃദുല മുരളി, ശ്രീകുമാർ, സിജോയ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. രഞ്ജിത്ത് ആണ് സിനിമയ്ക്കായി കഥ ഒരുക്കിയത്. സംഭവം ആണ് അവസാനം പുറത്തിറങ്ങിയ വിനീത് കുമാർ ചിത്രം. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഭവം അധ്യായം ഒന്ന് എന്ന ചിത്രം മികച്ച അഭിപ്രായം ആണ് തിയേറ്ററുകളിൽ നിന്നും നേടിയത്. മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ അസ്‌കർ അലി ആണ് നായകനായി എത്തിയത്. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. തിയേറ്ററിൽ മികച്ച വിജയം കൊയ്ത സിനിമ ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ പ്രേക്ഷകർക്ക് ലഭ്യമാകും. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതന്‍, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ടയും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആഷ്ന റഷീദുമാണ്. ചായാഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ്വിൻ തോമസ്.
Content Highlights: Fahadh only wore the wig because I told him to, he doesn't like it says Vineet Kumar about ayal njanalla movie