ഫുട്‌ബോള്‍ ലോകകപ്പ് ദൂരദര്‍ശനില്‍?; സംപ്രേഷണം ഏറ്റെടുത്തേക്കുമെന്ന് സൂചന

ഫിഫ ലക്ഷ്യമിട്ടത് വൻതുക, ഇന്ത്യയില്‍ ഇതുവരെ ആരും സംപ്രേഷണത്തിന് തയ്യാറായിരുന്നില്ല

ഫുട്‌ബോള്‍ ലോകകപ്പ് ദൂരദര്‍ശനില്‍?; സംപ്രേഷണം ഏറ്റെടുത്തേക്കുമെന്ന് സൂചന
dot image

ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശം ദൂരദര്‍ശന്‍ സ്വന്തമാക്കിയേക്കുമെന്ന് സൂചന. ജിയോ ഹോട്‌സ്റ്റാര്‍ വാഗ്ദാനം ചെയ്ത തുക വളരെ കുറച്ചായതിനാല്‍ അവരുടെ ഓഫര്‍ കഴിഞ്ഞദിവസം ഫിഫ നിരസിച്ചിരുന്നു. അതേസമയം, ലോകകപ്പ് സംപ്രേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ദൂരദര്‍ശന്റെ നിലപാട്. കരാര്‍ അന്തിമമായില്ലെന്നും എന്നാല്‍ ഫിഫയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ദൂരദര്‍ശന്‍ കേന്ദ്രം വ്യക്തമാക്കുന്നു. ഡിഡി ചാനലിലും വേവ്‌സ് ഒടിടി പ്ലാറ്റ്‌ഫോമിലുമായി ലോകകപ്പ് സംപ്രേഷണം ചെയ്യാനാണ് ദൂരദര്‍ശന്റെ ആലോചന. എന്നാല്‍ ഇവര്‍ എത്ര തുക മുടക്കുമെന്ന കാര്യം വ്യക്തമല്ല.

ജിയോസ്റ്റാര്‍ നല്‍കിയ ഓഫര്‍ കഴിഞ്ഞദിവസമാണ് ഫിഫ നിരസിച്ചത്. റിലയന്‍സ്-ഡിസ്‌നി (ജിയോസ്റ്റാര്‍) നല്‍കിയ 20 മില്യണ്‍ ഡോളറിന്റെ ഓഫറാണ് ഫിഫ നിരസിച്ചത്. പ്രതീക്ഷിച്ച തുക ലഭിക്കാത്തതാണ് നിരസിക്കാന്‍ കാരണം. ഏകദേശ 950 കോടിയാണ് ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അത് ലഭിക്കില്ല എന്നുറപ്പായതോടെ ഫിഫ തുക കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ സമര്‍പ്പിച്ച 165 കോടിയുടെ ഓഫര്‍ ഫിഫയ്ക്ക് സ്വീകാര്യമായില്ല. അത് വളരെ കുറഞ്ഞുപോയി എന്നതാണ് കാരണം.

ഇന്ത്യയിലെ ഫുട്ബോള്‍ വിപണിയില്‍ ഫിഫയ്ക്ക് വലിയ പ്രതീക്ഷയുണ്ട്. എന്നാല്‍ ലോകകപ്പിന്റെ മത്സര സമയങ്ങളാണ് ടെലിവിഷന്‍ സംപ്രേഷണം എടുക്കാന്‍ കമ്പനികള്‍ക്ക് വിഘാതമാകുന്ന കാരണം. ലോകകപ്പ് അമേരിക്കയില്‍ നടക്കുന്നതിനാല്‍ മത്സരങ്ങളെല്ലാം ഇന്ത്യയില്‍ അര്‍ധരാത്രി മുതലാണ് തുടങ്ങുക. രാത്രി 12.30 മുതല്‍ രാവിലെ 7.30 വരെയാണ് ഭൂരിഭാഗം മത്സരങ്ങളും നടക്കുക. പ്രധാനമത്സരങ്ങളും ഈ സമയക്രമങ്ങളിലാണ്. അതുകൊണ്ടുതന്നെ എല്ലാവരും കാണാന്‍ സാധ്യതയില്ല എന്നാണ് കമ്പനികള്‍ ആശങ്കപ്പെടുന്നത്. ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും ഉറങ്ങുന്ന സമയമായതിനാല്‍ ആ സമയത്ത് ലഭിക്കുന്ന പരസ്യ വരുമാനവും കുറവായിരിക്കും. പരസ്യങ്ങള്‍ നല്‍കാന്‍ സ്പോണ്‍സര്‍മാരെ ലഭിക്കാന്‍ സാധ്യത കുറവായിരിക്കുമെന്നതും തിരിച്ചടിയാണ്. ജൂണ്‍ 11-നാണ് ഫുട്‌ബോള്‍ ലോകകപ്പിന് കിക്കോഫ്. അതിന് മുമ്പുതന്നെ ചെലിവിഷന്‍ സംപ്രേഷണ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.

content highlights: Football World Cup on Doordarshan?; Indications that they might take over the broadcast

dot image
To advertise here,contact us
dot image